മേഡ് ഇൻ ഇന്ത്യ വാഹനങ്ങൾക്ക് പൂർണ വിരാമമിട്ട് ഫോർഡ് മോട്ടോഴ്സ്. അവസാന യൂനിറ്റ് ഇക്കോസ്പോർട് നിർമിച്ചുകൊണ്ടാണ് ഫോർഡ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്. ഫോർഡിന്റെ മരായ്മല നഗർ നിർമാണ കേന്ദ്രത്തിൽ നിന്നാണ് കയറ്റുമതിക്കായുള്ള അവസാന ഇക്കോസ്പോർട് പുറത്തിറങ്ങിയത്.
ജനറൽ മോട്ടോഴ്‌സിനും ദേവൂവിനും ശേഷം ഇന്ത്യ വിടുന്ന മൂന്നാമത്തെ പ്രധാന കാർ നിർമ്മാതാവാണ് ഫോർഡ്. 2021 സെപ്റ്റംബർ ഒമ്പതിന് ഇന്ത്യൻ വിപണിയിൽ കാറുകൾ വിൽക്കുന്നത് നിർത്തുമെന്ന് ഫോർഡ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കയറ്റുമതി വിപണിക്കായി വാഹനങ്ങൾ നിർമിക്കുന്നത് തുടർന്നിരുന്നു. അതും അവസാനിപ്പിക്കുകയാണ് കമ്പനിയിപ്പോൾ. ഗുജറാത്തിലെ സാനന്ദിലും ഫോർഡിന് നിർമാണശാലയുണ്ട്. അവിടെ ഫിഗോയും ആസ്പയറുമാണ് നിർമിച്ചിരുന്നത്. ഈ വാഹനങ്ങൾക്ക് വിദേശത്തും ഡിമാൻഡ് കുറഞ്ഞതോടെയാണ് അവിടത്തെ പ്രവർത്തനവും അവസാനിപ്പിച്ചത്. ഭാവിയിൽ ഈ പ്ലാന്റ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കും.
ഫോർഡിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ്, തമിഴ്‌നാട്ടിലെ മരായ്മല നഗറിലേത്. ഫോർഡ് ഇക്കോസ്‌പോർട്ടിന്റെ പ്രധാന നിർമ്മാണ സൗകര്യങ്ങളിലൊന്നായിരുന്നു ഇവിടം. ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിച്ചതിന് ശേഷവും ഫോർഡ് വിദേശ വിപണികൾക്കായി ഇക്കോസ്‌പോർട്ടിന്റെ നിർമ്മാണം തുടർന്നു. ഇന്ത്യയിൽ നിർമിച്ച ഇക്കോസ്‌പോർട്ട് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. പ്രതിവർഷം നാല് ലക്ഷത്തിലധികം യൂനിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നിർമാണ കേന്ദ്രത്തിൽ 80,000 കാറുകൾ മാത്രമേ ഇപ്പോൾ നിർമിക്കുന്നുള്ളൂ. ആകെ ശേഷിയുടെ ഏകദേശം 20 ശതമാനം മാത്രമാണിത്. ഇതോടെയാണ് പ്രവർത്തനം പൂർണമായി അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം (ഏകദേശം 16,000 കോടി രൂപ) യാണ് ഫോർഡിന്റെ നഷ്ടം.
ഫോർഡിന്റെ ചരിത്രം
1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 28 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതിെൻറ പ്രവർത്തനം തുടരുകയായിരുന്നു. കുറേക്കാലമായി, ഇവിടെത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ് ഫോർഡ് വിലയിരുത്തുന്നത്. സാനന്ദ് പ്ലാൻറ് ഫോഡിെൻറ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നിർമിച്ചത്. പ്ലാൻറിൽ ഉത്പ്പാദിപ്പിക്കുന്ന വാഹനങ്ങൾക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോർഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഫോർഡിെൻറ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്‌പോർട്ടും എൻഡവറും നിർമിച്ചിരുന്നത് മറായ്മല പ്ലാൻറിൽനിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാൻറ് നിലനിർത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവ പരിഗണിക്കുമ്പോൾ ഇത് സത്യവുമാണ്. 2019 ഒക്ടോബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ഒരു സംയുക്ത സംരംഭം ഫോർഡ് ആരംഭിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ 2020 ഡിസംബർ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ രാജ്യം വിടുകയല്ലാതെ മറ്റൊരു മാർഗവും ഫോർഡിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.