ഹൈദരാബാദ് ഇ-പ്രിക്‌സില്‍ ജീന്‍ എറിക് വെഗ്‌നെ ജേതാവ്

സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് റേസിങ് ചാംമ്പ്യൻഷിപ്പായ ഫോര്‍മുല ഇയിൽ ഡിഎസ് പെന്‍ക്‌സെയുടെ ജീന്‍ എറിക് വെഗ്‌നെ ജേതാവായി. എന്‍വിഷന്‍ റേസിംഗിന്റെ ഡ്രൈവറായ നിക് കാസിഡി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടാഗ് ഹ്യൂവര്‍ പോര്‍ഷയുടെ അന്‍േറാണിയോ ഫെലിക്‌സ് ഡാ കോസ്റ്റയാണ് മൂന്നാമാന്‍.

ഇന്ത്യ ആദ്യമായാണ് ഒരു ഫോര്‍മുല ഇ റേസിന് ആതിഥേയത്വം വഹിച്ചത്. 2022-23 ഫോര്‍മുല ഇ സീസണിന്റെ നാലാം റൗണ്ടിനാണ് രാജ്യം വേദിയായത്. ഹൈദരാബാദ് ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം ഒരുക്കിയ സ്ട്രീറ്റ് സര്‍ക്യൂട്ടിലാണ് ഇ-പ്രിക്സ് അരങ്ങേറിയത്. അടുത്ത കാലത്തായി സീരീസ് കണ്ട ഏറ്റവും മികച്ച റേസുകളില്‍ ഒന്നിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.

രാജ്യത്ത് വിരുന്നെത്തിയ ഇ-പ്രിക്‌സില്‍ മാറ്റുരച്ച ഹോം ടീമായ മഹീന്ദ്ര റേസിംഗിനും സന്തോഷിക്കാം. മഹീന്ദ്ര റേസിംഗിന്റെ രണ്ട് ഡ്രൈവര്‍മാര്‍ക്കും പോയിന്റ് നേടാനായി. എന്നാല്‍ ഹൈദരാബാദ് ഇ പ്രിക്‌സ് രണ്ടാം ഹോം റേസ് എന്ന് വിശേഷിപ്പിക്കുന്ന ജാഗ്വാര്‍ ടിസിഎസ് റേസിന് നിരാശയായിരുന്നു ഫലം. തങ്ങളുടെ മാതൃകമ്പനിയായ ടാറ്റയുടെ സ്വന്തം നാടായ ഇന്ത്യയില്‍ നടക്കുന്ന കാറോട്ട മത്സരമായതിനാലാണ് ഹൈദരാബാദ് ഇ-പ്രിക്സിനെ അവര്‍ രണ്ടാം ഹോം റേസ് എന്ന് വിളിച്ചത്.

പോള്‍ പൊസിഷനില്‍ ആരംഭിച്ച മിച്ച് ഇവാന്‍സ് സ്വന്തം സഹതാരവുമായി ഉരസിയതോടെയാണ് ഫോര്‍മുല ഇ പ്രേമികള്‍ സ്‌നേഹത്തോടെ ജെ.ഇ.വി എന്ന് വിളിക്കുന്ന വെര്‍ഗ്‌നെക്ക് കുറച്ച് ലാപ്പുകള്‍ക്ക് ശേഷം ലീഡ് എടുക്കാനായത്. നിസാന്‍ ഡ്രൈവര്‍ സാഞ്ച ഫെനസ്ട്രാസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജാഗ്വാര്‍ ഡ്രൈവര്‍മാര്‍ ഉരസിയത്. ആ ഇടിയില്‍ മസെരാട്ടിയുടെ മാക്‌സ് ഗുന്തറും പിന്നാക്കം പോയി. ഗുന്തറിനും ഫെനെസ്ട്രാസിനും തുടരാനായെങ്കിലും രണ്ട് ജാഗ്വാര്‍ ഡ്രൈവര്‍മാരും പിന്‍മാറേണ്ടി വന്നു.

68 പോയിന്റുമായി പാസ്‌കല്‍ വെര്‍ലിന്‍ ആണ് ഡ്രൈവര്‍മാരുടെ സ്റ്റാന്‍ഡിംഗില്‍ മുന്നിലുള്ളത്. 62 പോയിന്റുമായി ജെയ്ക്ക് ഡെന്നിസ് രണ്ടാമതാണ്. എന്‍വിഷന്‍ റേസിംഗിന്റെ സെബാസ്റ്റ്യന്‍ ബ്യൂമി 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. റേസിംഗ് ടീമുകളുടെ പോയിന്റ് പട്ടികയില്‍ 76 പോയിന്റുമായി അവലാഞ്ച് ആന്ദ്രേറ്റി ആണ് മുന്നില്‍. വെറും രണ്ട് പോയിന്റിന്റെ മാത്രം കുറവില്‍ ടാഗ് ഹ്യൂവര്‍ പോര്‍ഷെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.


Tags:    
News Summary - Formula-E | Vergne wins Hyderabad E-Prix, Mahindra earns points in home race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.