നിലവിൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ചെറിയൊരു ആശയക്കുഴപ്പത്തിലാകും. ഇ.വി വേണോ അതോ ജ്വലന ഇന്ധനങ്ങളുടെ വാഹനങ്ങൾ വേണോ എന്നായിരിക്കും ആ സംശയം. ഭാവിയുടെ ഇന്ധനം വൈദ്യുതിയാണോ എന്ന കാര്യത്തിൽ ഇനി സംശയിക്കേണ്ട കാര്യമില്ല. എങ്കിലും ഇപ്പോൾ ഒരു ഇ.വി വാങ്ങാൻ സമയമായോ എന്നതാണ് മിക്കവരേയും അലട്ടുന്ന ചോദ്യം.
ആരാണ് ഇ.വി വാങ്ങേണ്ടത്?
വാഹനം എന്നത് ഒരാളുടെ ആവശ്യം അനുസരിച്ച് തിരഞ്ഞെടുക്കേണ്ട ഒന്നാണ്. ഇ.വി വേണോ പെട്രോൾ ഡീസൽ വാഹനം വേണോ എന്നതും നമ്മുടെ വാഹന ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. ധാരാളം സഞ്ചരിക്കുന്ന, ദീർഘദൂര യാത്രകൾ പോകുന്നവർ ഇപ്പോൾ ഒരു ഇ.വിയെപ്പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നമ്മുടെ യാത്രകൾ ക്ലേശകരമാക്കുകയാകും ഇ.വികൾ ചെയ്യുക. എന്നാൽ ദിവസവും ഒരു കുറഞ്ഞ ദൂരം സഞ്ചരിക്കുന്ന നഗര യാത്രകൾ കൂടുതൽ ചെയ്യുന്നവർക്ക് നല്ല ബ്രാൻഡിലുള്ള ഒരു ഇ.വി തെരഞ്ഞെടുക്കാവുന്നതാണ്.
നിലവില്‍ 80 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ മോട്ടോര്‍സാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണിയിൽ മുന്നിൽ. എന്നാല്‍ ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിരവധി പുറത്തിറങ്ങാനിരിക്കുന്നത് മികച്ച ഇ.വികളാണ്. ഓട്ടോ എക്‌സ്‌പോ 2023ൽ മാരുതി ഉൾപ്പടെയുള്ളവർ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കും.
പുതുവർഷം ഈ കിടിലം ഇ.വികളുടേതാകും
ഓട്ടോ എക്സ്പോയില്‍ ഭാവി എസ്.യു.വി ഇ.വി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുമെന്ന് മാരുതി സുസുകി നേരത്തെ വ്യക്തമാക്കിയിരുന്നു. YY8 എന്ന് രഹസ്യനാമം നല്‍കിയിട്ടുള്ള കണ്‍സെപ്റ്റ് ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ആദ്യ ഇ.വിയാണ്. ഈ ഇലക്ട്രിക് കാര്‍ 2025 ന്റെ ആദ്യ പകുതിയില്‍ ലോഞ്ച് ചെയ്യാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.
മാരുതി ഇ.വി ടൊയോട്ടയുടെ 27PL പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് ബാറ്ററി പാക്കുകള്‍ വാഹനത്തിന് ഓഫര്‍ ചെയ്‌തേക്കും. 48kWh ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ചും 59 kWh ബാറ്ററി പാക്ക് 500 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂ-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് ലേഔട്ടില്‍ന്‍വാഹനം വരും.
എം.ജി ഇവികള്‍
എം.ജി മോട്ടോര്‍ ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യ-സ്‌പെക്ക് എയര്‍ 2-ഡോര്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. ഈ അര്‍ബന്‍ ഇവിക്കൊപ്പം എം.ജി 4 ഇവിയും വാഹന നിര്‍മാതാവ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു. മാതൃകമ്പനിയായ സായികിന്റെ മോഡുലാര്‍ സ്‌കേലബിള്‍ പ്ലാറ്റ്ഫോം (MSP) അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. പുതിയ എംജി 4 ഇവി യഥാക്രമം 170 bhp, 203 bhp പവര്‍ നല്‍കുന്ന 51kWh, 64kWh ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് പതിപ്പുകള്‍ക്കും സിംഗിള്‍-മോട്ടോര്‍, RWD സംവിധാനമുണ്ട് കൂടാതെ പരമാവധി 250 Nm ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
WLTP സൈക്കിള്‍ അനുസരിച്ച്, 51 kWh ബാറ്ററി പതിപ്പ് 350 കിലോമീറ്റര്‍ റേഞ്ചും 64 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഓട്ടോ എക്‌സ്‌പോയില്‍ ഇതിനൊപ്പം എംജി മോട്ടോര്‍ ഇന്ത്യ എയര്‍ 2 ഡോര്‍ ഇവിയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന-സ്‌പെക് വുലിങ് എയര്‍ ഇവിയെ അടിസ്ഥാനമാക്കി ഒരുക്കുന്ന പുതിയ എന്‍ട്രി-ലെവല്‍ എംജി ഇവിയുടെ നിര്‍മാണം 2023 മാര്‍ച്ചില്‍ ആരംഭിക്കാനാണ് സാധ്യത. വാഗ്ദാനം ചെയ്യുകയും ചെയ്യും.
ഹ്യുണ്ടായ്
2023 ഓട്ടോ എക്സ്പോയില്‍ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവറിന്റെ വില ഹ്യുണ്ടായി പ്രഖ്യാപിക്കും. ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയുള്ളതാണ് ഇവി. 72.6kWh, 58kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ പുറത്തിറക്കിയ അയോണിക് 6 ഇലക്ട്രിക് സെഡാനും ഹ്യുണ്ടായി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. അയോണിക് 5, കിയ EV6 എന്നിവയ്ക്ക് അടിവരയിടുന്ന E-GMP സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 53 kWh, 77 kWh എന്നിങ്ങനെ രണ്ട് ബാറ്ററി സൈസ് ഓപ്ഷനുകളിലാണ് ഹ്യൂണ്ടായി അയോണിക് 6 ഇവി വാഗ്ദാനം ചെയ്യുന്നത്. 53 kWh ബാറ്ററിയുള്ള റിയര്‍-വീല്‍ ഡ്രൈവ് പതിപ്പ് 429 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍, 77.4 kwh ഉള്ള RWD പതിപ്പ് 614 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. AWD പതിപ്പ് 583 കിലോമീറ്റര്‍ എന്ന WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച് നല്‍കുന്നു.
ടാറ്റ ഇവികള്‍
നിലവില്‍ ഇന്ത്യന്‍ ഇവി സെഗ്മെന്റ് ഭരിക്കുന്ന ടാറ്റ മോട്ടോര്‍സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം പുതിയ മോഡലുകള്‍ അവതരിപ്പിക്കും. ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി ഒന്നിലധികം ഇവികള്‍ പ്രദര്‍ശിപ്പിക്കും. ഉല്‍പ്പാദനത്തിന് തയ്യാറായ അള്‍ട്രോസ് ഇവി ചടങ്ങില്‍ കമ്പനി പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം പഞ്ചിനെ അടിസ്ഥാനപ്പെടുത്തിയുള്ള മൈക്രോ ഇവി എസ്‌യുവിയും പ്രദര്‍ശിപ്പിച്ചേക്കും. ടാറ്റ മോട്ടോഴ്സ് 2023 ഓട്ടോ ഷോയില്‍ കര്‍വ്, അവിനിയ ഇവി കണ്‍സെപ്റ്റുകളുടെ വ്യത്യസ്ത പതിപ്പുകളും പ്രദര്‍ശിപ്പിക്കും.
ബി.വൈ.ഡി
ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) അതിന്റെ പുതിയ അറ്റോ 3 ഇലക്ട്രിക് എസ്യുവി ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. 33.99 ലക്ഷം രൂപ വിലയുള്ള അറ്റോ 3, എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയ്ക്ക് ഒരു പ്രീമിയം ബദലായാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രംഗപ്രവേശനം ചെയ്യുന്നത്. 60 kWh BYD ബ്ലേഡ് ബാറ്ററി പാക്ക് ഫീച്ചര്‍ ചെയ്യുന്ന അറ്റോ 3 ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. അറ്റോ 3 മാത്രമല്ല, BYD അതിന്റെ ഒന്നിലധികം ആഗോള ഇവികളും ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.