രാജ്യത്ത് ഗ്രീൻ ടാക്സ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. പഴയ വാഹനങ്ങൾക്കാവും അധികമായി ഹരിത നികുതി നൽകേണ്ടിവരിക. പുതിയ നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. ഹരിതനികുതിയിലൂടെ ലഭിക്കുന്ന വരുമാനം മലിനീകരണ നിയന്ത്രണത്തിന് ഉപയോഗിക്കും. നിയമം നടപ്പാക്കുന്നതിനുമുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കും എന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് നികുതി ഏർപ്പെടുത്തുന്നതിന്‍റെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു.
എന്താണീ ഹരിതനികുതി
ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി ഈടാക്കാമെന്നാണ് പുതിയ നിർദ്ദേശം പറയുന്നത്. റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും തുക. വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഹരിത നികുതി ചുമത്താം. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ ഹരിതനികുതിയുടെ ശതമാനം റോഡ് നികുതിയുടെ 50 ശതമാനം വരെ ഉയരുമെന്നാണ് കരട് നിയമം പറയുന്നത്.
ഉപയോഗിക്കുന്ന ഇന്ധനത്തെയും വാഹനേത്തയും അനുസരിച്ച് നികുതിയുടെ സ്ലാബ് വ്യത്യസ്തമായിരിക്കും. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി, എത്തനോൾ, എൽപിജി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവക്ക് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ട്രാക്ടർ, ഹാർവെസ്റ്റർ, ടില്ലർ തുടങ്ങിയ വാഹനങ്ങൾക്കും ഇളവ് ലഭിക്കും.
മലിനീകരണം എന്ന വില്ലൻ
മൊത്തം വാഹനങ്ങളുടെ അഞ്ച് ശതമാനം വരുന്ന വാണിജ്യ വാഹനങ്ങൾ മൊത്തം വാഹന മലിനീകരണത്തിന്‍റെ 65 മുതൽ 70 ശതമാനം വരെ സംഭാവന ചെയ്യുന്നുവെന്നാണ് സർക്കാർ പറയുന്നത്. 2000ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഒരു ശതമാനം മാത്രമാണെങ്കിലും മൊത്തം വാഹന മലിനീകരണത്തിന്‍റെ 15 ശതമാനം ഇവരാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം പറയുന്നു. പഴയ വാഹനങ്ങൾ ആധുനിക വാഹനങ്ങളേക്കാൾ 10 മുതൽ 25 ഇരട്ടിവരെ മലിനീകരണത്തിന് കാരണമാകുന്നതായും റോഡ് ഗതാഗത മന്ത്രാലയം കണക്കുകൂട്ടുന്നു.
15 വർഷത്തിനുമുകളിൽ പഴക്കമുള്ളതും വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതുമായ കാറുകൾ ഡി-രജിസ്റ്റർ ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും. സർക്കാർ വാഹനങ്ങൾക്കുള്ള സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.