രാജ്യത്തിന്‍റെ സ്വന്തം ക്രാഷ്​ ടെസ്റ്റിലേക്ക്​​ 30 കാറുകൾ; മാരുതി രംഗത്തിറക്കുക ഈ മൂന്ന്​ മോഡലുകൾ

രാജ്യത്തിന്‍റെ സ്വന്തം ക്രാഷ്​ ടെസ്റ്റായ ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് എൻ.സി.എ.പി)യിലേക്ക്​ 30 വാഹനങ്ങളുടെ അപേക്ഷ ലഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി. ഭാരത് എൻ.സി.എ.പി ഔദ്യോഗികമായി തുടക്കംകുറിച്ച വേദിയിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​. ഭാരത് എൻ.സി.എ.പിലൂടെ രാജ്യം റോഡ് സുരക്ഷയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നും​ മന്ത്രി പറഞ്ഞു.

3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഭാരത് എൻ.സി.എ.പി.റേറ്റിങ് നോക്കി സുരക്ഷിതത്വം മനസ്സിലാക്കി കാര്‍ വാങ്ങാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പദ്ധതി. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതു നടപ്പാക്കിത്തുടങ്ങും. വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ റേറ്റിങ് നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ റേറ്റിങ് എന്നതാണ് ഭാരത് എന്‍ക്യാപിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് വാഹനങ്ങള്‍ക്കായി ഇത്തരത്തില്‍ റേറ്റിങ് സംവിധാനം വരുന്നത്.

രാജ്യത്ത്​ ഇറങ്ങുന്ന എല്ലാ കാറുകളേയും ക്രാഷ്​ ടെസ്റ്റിന്​ വിധേയമാക്കണമെന്ന്​ നിലവില്‍ നിര്‍ബന്ധമില്ല. താത്​പ്പര്യമുള്ളവർ മാത്രം ക്രാഷ്​ ടെസ്റ്റിന്​ വാഹനം നൽകിയാൽ മതിയാകും. എന്നാൽ മികച്ച സ്റ്റാർ റേറ്റിങ്​ പരസ്യം ചെയ്​ത്​ മികച്ച വിൽപ്പന നേടാൻ നിർമാതാക്കൾക്കാകും. ‘മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളു’ എന്ന ആപ്തവാക്യം പോലെ ക്രാഷ്​ ടെസ്റ്റിനെ പേടിക്കുന്നവരായിരിക്കും വാഹനം നൽകാതിരിക്കുക. ഇത്തരമൊരു സമ്മർദത്തിലൂടെ നിർമാതാക്കളെ കൂടുതൽ മത്സരക്ഷമതയുള്ളവരാക്കുകയും ക്രാഷ്​ ടെസ്റ്റുകളുടെ ലക്ഷ്യമാണ്​.

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പദ്ധതിയോട് അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തദ്ദേശീയമായ ക്രാഷ് ടെസ്റ്റ് ഉള്‍പ്പെടുന്ന ഭാരത് എൻ.സി.എ.പിയോട് എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. പലപ്പോഴും സേഫ്റ്റി റേറ്റിംഗ് ചര്‍ച്ചയാകുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കുന്ന കമ്പനിയാണ്​ മാരുതി.

എന്നാൽ ഭാരത്​ എൻ.സി.എ.പിയിലേക്ക്​ മാരുതി മൂന്ന്​ വാഹനങ്ങൾ നൽകുമെന്നാണ്​ വിവരം. പ്രീമിയം ഹാച്ച്ബാക്ക് ബലേനോ, സബ് 4 മീറ്റര്‍ എസ്‌യുവി ബ്രെസ, ജനപ്രിയ മിഡ്‌സൈസ് എസ്‌യുവി ഗ്രാന്‍ഡ് വിറ്റാര എന്നിവയാണ്​ മാരുതിക്കായി ഇടിക്കൂട്ടിലിറങ്ങുക.


‘ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏതൊരു കാറും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിര്‍ബന്ധിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ സുരക്ഷിതമാണ്. അധിക സുരക്ഷ തേടുന്ന ഉപഭോക്താക്കള്‍ക്കും അധിക സുരക്ഷാ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കുമുള്ള റേറ്റിംഗ് സംവിധാനമാണ് ഭാരത് എൻ.സി.എ.പി’- മാരുതി സുസുകി ഇന്ത്യയുടെ കോര്‍പ്പറേറ്റ് കാര്യ എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സംരംഭത്തെ സ്വാഗതം ചെയ്ത മാരുതി ആദ്യ ഘട്ടത്തില്‍ ടെസ്റ്റിംഗിനായി മൂന്ന് മോഡലുകളെങ്കിലും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Govt launches Bharat NCAP; gets requests to test 30 car models

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.