മാസങ്ങൾക്ക് മുമ്പാണ് വാഹനപ്രേമികളുടെ ചങ്ക് തകർത്തുകൊണ്ട് ഹാർലി ഡേവിഡ്‌സൺ ഇന്ത്യ വിടുകയാണെന്ന പ്രഖ്യാപനം നടത്തിയത്. പ്രവർത്തനം അവസാനിപ്പിച്ച് എല്ലാം പൂട്ടിക്കെട്ടുകയാണെന്ന വാർത്ത ഇടിത്തീ പോലെയാണ് ഉപഭോക്താക്കൾ കേട്ടത്. എന്നാൽ, ആഴ്ചകൾക്കകം ഹീേറാ മോട്ടോ കോർപ്പ് അമേരിക്കൻ കമ്പനിയുമായി സഹകരിക്കുമെന്ന റിപ്പോർട്ടുകൾ വന്നോതടെ ഉപഭോക്താക്കൾക്ക് ചെറിയൊരു ആശ്വാസമായി.
എന്നാലും കൂടുതൽ വിവരങ്ങൾ ലഭ്യാമാവാത്തതിനാൽ അവർ ആശങ്കയിൽ തന്നെയായിരുന്നു. ഇതോടൊപ്പം ഹാർലിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡീലർമാരും രംഗത്തുവന്നു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ വ്യക്തത വരുത്തിയിരിക്കുയാണ് കമ്പനി അധികൃതർ. 2021 ജനുവരി മുതൽ ഇന്ത്യയിലെ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
'ഇന്ത്യയിലെ ഞങ്ങളുടെ പ്രവർത്തനരീതി മാറുകയാണ്. ഹീറോ മോട്ടോ കോർപ്പിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടരുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സുഗമമായ മാറ്റങ്ങൾ ഉറപ്പാക്കാൻ ഹീറോയുമായി ചേർന്ന് പ്രവർത്തിക്കും. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ, പാർട്ട്സുകൾ, ആക്‌സസറികൾ എന്നിവയുടെ വിൽപ്പന, വിൽപനാനന്തര സേവനങ്ങൾ, വാറൻറി, ഹാർലി ഓണേഴ്സ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവ 2021 ജനുവരി മുതൽ പുനരാരംഭിക്കും' -ഏഷ്യ എമർജിംഗ് മാർക്കറ്റ്സ് ആൻഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരൻ ഔദ്യോഗികമായി അറിയിച്ചു.
ഹീറോ മോട്ടോ കോർപ്പുമായുള്ള കരാർ പ്രകാരം ഇന്ത്യയിൽ പുതിയ ബൈക്കുകൾ പുറത്തിറക്കുമെന്നാണ് വിവരം. അതേസമയം, നിലവിലെ ഹാർലി ഡേവിഡ്‌സൺ ഡീലർഷിപ്പുകൾ 2020 ഡിസംബർ 31 വരെ പ്രവർത്തിക്കുകയുള്ളൂ. പുതിയ ഡീലർഷിപ്പുകളും സേവന കേന്ദ്രങ്ങളും പിന്നീടാകും പ്രഖ്യാപിക്കുക.
അതേസമയം, നിലവിലെ ഡീലർമാർ കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്. തങ്ങളെ ഇരുട്ടിൽ നിർത്തിയാണ് കമ്പനി ഇന്ത്യയിൽനിന്ന് പിൻവാങ്ങുന്നത്. കമ്പനി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം, ഹാർലി ഡേവിഡ്‌സൺ ഉപഭോക്താക്കൾ ഞായറാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ റൈഡ് സംഘടിപ്പിച്ചു. ഡാർക്ക് റൈഡ് എന്ന പേരിൽ ഹാർലി ഓണേഴ്സ് ഗ്രൂപ്പിൻെറ നേതൃത്വത്തിലായിരുന്നു റൈഡ്. ആയിരത്തിലധികം ഉപഭോക്താക്കൾ ഇതിൽ പങ്കെടുത്തു. നിലവിലെ ഉപഭോക്താക്കൾക്ക് ഹീറോയിൽനിന്ന് പിന്തുണ ലഭിച്ചില്ലെങ്കിൽ സർവിസിനും മറ്റു കാര്യങ്ങൾക്കും എന്ത് ചെയ്യുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക.
2009 മുതൽ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചതിന് പിന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം ഹാർലി ഇന്ത്യയിൽ 2,500ൽ താഴെ യൂനിറ്റുകൾ മാത്രമാണ് വിറ്റത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ 100ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.