വൈദ്യുത വാഹനവിപണി വമ്പിച്ച മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന കാലമാണിത്. ഇന്ധനവിലയിൽ സർക്കാർ കൊള്ള തുടരുന്നതിനാൽ സാഹചര്യം ഒത്തുവന്നാൽ ഇ.വികളിലേക്ക് മാറണം എന്ന ചിന്തയിലാണ് ഉപഭോക്താക്കൾ. ഒരു ഇ.വി, അത് കാറോ ബൈക്കോ ആയിക്കോെട്ട നിലവിലെ സാഹചര്യത്തിൽ എത്രമാത്രം ലാഭകരമാണ്?. രാജ്യത്തെ പ്രധാന മെട്രോകളിലെ ഇ.വി ചിലവുകൾ താരതമ്യം ചെയ്യുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ഡൽഹി, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളെയാണ് താരതമ്യത്തിന് വിധേയമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇ.വികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന നഗരങ്ങൾകൂടിയാണിത്.
മുംബൈ
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷെൻറ (ബിഎംസി) കണക്ക് അനുസരിച്ച്, മുംബൈയിൽ ഒരു ഇലക്ട്രിക് വാഹനം (ഇവി) ചാർജ് ചെയ്യുന്നതിനുള്ള ചെലവ് ഒരു യൂനിറ്റിന് 15 രൂപയാണ്. ഒരു ഇലക്ട്രിക് കാർ പൂർണമായി ചാർജ് ചെയ്യാൻ 20 മുതൽ 30 യൂനിറ്റ് വരെ വൈദ്യുതി വേണം. മുംബൈയിൽ ഇതിന് ഉപയോക്താവിന് 200 മുതൽ 400 രൂപ വരെ ചിലവാകും.
ഇനി ഇ.വി സ്കൂട്ടറിലേക്കുവന്നാൽ ചിലവ് വളരെ കുറയും. ഓല ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ 3 kWh വൈദ്യുതി വേണം. മൂന്ന് യൂനിറ്റ് വൈദ്യുതി ഉപയോഗിച്ച് വാഹനം പൂർണമായി ചാർജ് ചെയ്യാം. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 140 മുതൽ 170 കിലോമീറ്റർ വരെ സഞ്ചരിക്കാം.
ദാദറിലെ കോഹിനൂർ പബ്ലിക് പാർക്കിങ് ലോട്ടിൽ (പിപിഎൽ) നഗരത്തിലെ ആദ്യത്തെ പബ്ലിക് ഇവി ചാർജിങ് സ്റ്റേഷൻ ബിഎംസി ആരംഭിച്ചിരുന്നു. ഇതുപോലുള്ള 25 ഇവി ചാർജിങ് സ്റ്റേഷനുകൾ തുറക്കാനും ബി.എം.സിക്ക് പദ്ധതിയുണ്ട്.
ഡൽഹി
ഡൽഹിയിൽ, ഇ-വാഹനങ്ങളുടെ ലോ ടെൻഷൻ ചാർജിങിന് ഒരു യൂനിറ്റിന് 4.5 രൂപയും ഹൈ ടെൻഷൻ ഇവിക്ക് ഒരു യൂനിറ്റിന് 5 രൂപയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ചാർജിങ് സൗകര്യത്തെ അടിസ്ഥാനമാക്കി ഒരു സേവന നിരക്കും ഉണ്ടായിരിക്കും. ഒരു ഇ.വി കാർ പൂർണമായും ചാർജ് ചെയ്യുന്നതിന് ഡൽഹിയിൽ 120 മുതൽ 150 രൂപ വരെ ചിലവുവരും.
രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് തങ്ങളുടേതെന്ന് ഡൽഹി സർക്കാർ അവകാശപ്പെടുന്നു. ഹീറോ ഇലക്ട്രിക്, ഓല, ഒകിനാവ, ആമ്പിയർ ബ്രാൻഡുകൾ, ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇ-കാറുകൾക്കും ഇ-ഓട്ടോ, ഇ-കാർട്ടുകൾക്കും ചാർജ് ചെയ്യാനുള്ള സൗകര്യം ഡൽഹിയിലുണ്ട്.
ഡൽഹിയിലും പരിസരത്തുമായി 70 ലധികം ചാർജിങ് സ്റ്റേഷനുകളാണുള്ളത്. വരും മാസങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ തുറക്കാനും പദ്ധതിയുണ്ടെന്ന് ഡൽഹി ഗതാഗത, പരിസ്ഥിതി മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.
ബംഗളൂരു
കർണാടകയിൽ രജിസ്റ്റർ ചെയ്ത 27,000 ഇ-വാഹനങ്ങളിൽ 17,000 എണ്ണവും ബംഗളൂരുവിലാണുള്ളത്. 70 ലൊക്കേഷനുകളിലായി 136 ചാർജിങ് സ്റ്റേഷനുകൾ നഗരത്തിലുണ്ട്. ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) 140 ചാർജിങ് സ്റ്റേഷനുകൾകൂടി നഗരത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്.
ബെസ്‌കോം ഒരു യൂനിറ്റിന് 7.28 മുതൽ 8.90 രൂപ വരെയാണ് പണം ഈടാക്കുന്നത്. ഇത് ഡൽഹിയേക്കാൾ ഉയർന്നതാണെങ്കിലും മുംബൈയുടെ താരിഫിനേക്കാൾ കുറവാണ്. ബംഗളൂരുവിലെ റോഡുകളിൽ ഒരു ഇ.വി കാർ പൂർണമായും ചാർജ് ചെയ്യാൻ 240 രൂപയാകും. ഓരോ 5 കിലോമീറ്ററിലും ഒരു ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ കർണാടക സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഇ.വികൾക്ക് രണ്ട് തരം ചാർജിങ് ഒാപ്ഷനുകളാണുള്ളത്. ഒന്ന് 60 മുതൽ 110 മിനിറ്റിൽ വാഹനം ചാർജ് ചെയ്യുന്ന ഡയറക്ട് കറണ്ട് (ഡിസി) ഫാസ്റ്റ് ചാർജിങ്ങാണ്. മറ്റൊന്ന് 6 മുതൽ 7 മണിക്കൂർ വരെ എടുക്കുന്ന സ്ലോ ചാർജറുമാണ്. സ്ലോ ചാർജറിനെ ആൾട്ടർനേറ്റ് ചാർജ് (എസി) എന്നും വിളിക്കുന്നു. മുകളിൽ പറഞ്ഞത് എ.സി ചാർജിങ്ങിെൻറ നിരക്കുകളാണ്. ഫാസ്റ്റ് ചാർജിങ്ങിന് കൂടുതൽ പണം ഇൗടാക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.