ഇന്ത്യന്‍ നിരത്തുകളില്‍ ഇന്നോളമെത്തിയ ഇലക്ട്രിക് സ്‌കൂട്ടറുകളെയെല്ലാം മറികടക്കുന്ന സവിശേഷതകളുമായി പുതിയ ഇ.വി സ്കൂട്ടർ അവതരിപ്പിച്ച് ഹീറോ മോട്ടോ കോപ്. റേഞ്ചിലും സാങ്കേതിക സംവിധാനങ്ങളിലും അദ്ഭുതങ്ങൾ തീർക്കുന്ന ഇലക്ട്രിക് സ്കൂട്ടറാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. വിദ എന്ന ബ്രാന്റിന് കീഴില്‍ വി വണ്‍ പ്ലസ്, വി വണ്‍ പ്രോ എന്നീ രണ്ട് സ്‌കൂട്ടറുകളാണ് നിരത്തിലെത്തിയത്. ഹീറോ മോട്ടോകോര്‍പിന്റെ അനുബന്ധ ബ്രാന്റായാണ് വിദ ഒരുക്കിയിരിക്കുന്നത്.
ലളിതമായ ഡിസൈനില്‍ ഇരട്ട നിറങ്ങളോടെയാണ് വിദ വി വണ്‍ സ്‌കൂട്ടറുകള്‍ എത്തുന്നത്.വി വണ്‍ പ്ലസിന് 1.45 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദമായ വി വണ്‍ പ്രോയിക്ക് 1.59 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലായിരിക്കും സ്കൂട്ടർ വില്പ്പനെക്കത്തുക. ഡിസംബറോടെ വിതരണം ആരംഭിക്കുന്ന സ്‌കൂട്ടറിന്റെ ബുക്കിങ്ങ് ഒക്ടോബര്‍ 10ന് ആരംഭിച്ചു. 2,499 രൂപയാണ് ആദ്യം അടക്കേണ്ടത്.
ഡിസൈൻ
മുന്നിലെ ഏപ്രണിന്റെ താഴെയായി സ്ഥാനം പിടിച്ചിരിക്കുന്ന എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ഇരട്ട നിറത്തില്‍ അലങ്കരിച്ചിട്ടുള്ള മുന്‍ഭാഗം, അലോയി വീല്‍, ചെറിയ ഫെന്‍ഡര്‍, സ്മാര്‍ട്ട് ഡിസ്‌പ്ലേ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ചെറിയ വിന്‍ഡ് സ്‌ക്രീന്‍, സ്റ്റൈലായി നല്‍കിയിട്ടുള്ള സീറ്റ്, ഗ്രാബ് റെയില്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്നതിന് സമാനമായി ഏഴ് ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായി നല്‍കിയിട്ടുള്ളത്. സ്പീഡ്, റേഞ്ച്, ടൈം, ചാര്‍ജിങ്ങ് ടൈം, നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങലാണ് ഇതിലുള്ളത്. കീലെസ് കണ്‍ട്രോള്‍ വിത്ത് ഫോളോ മീ ഫങ്ഷന്‍, ബൂസ്റ്റ് മോഡിന്റെ സഹായത്തോടെയുള്ള ടൂവേ ത്രോട്ടില്‍, എസ്.ഒ.എസ്. അലേര്‍ട്ട് ഫങ്ഷന്‍ തുടങ്ങിയവയും ഈ ഇലക്ട്രിക് സ്‌കൂട്ടറുകളിലുണ്ട്.
റേഞ്ചിലും മുന്നിൽ
റേഞ്ചിനും ഏറെ മുന്നിലാണ് വിദ. വിദ വി വണ്‍ പ്ലസ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 143 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, വി വണ്‍ പ്രോ 165 കിലോമീറ്റര്‍ റേഞ്ചും ഉറപ്പുനല്‍കുന്നുണ്ട്. വി വണ്‍ പ്ലസില്‍ 3.44 കിലോവാട്ട് ബാറ്ററിയും വി വണ്‍ പ്രോയില്‍ 3.94 കിലോവാട്ട് ബാറ്ററിയുമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നല്‍കിയിരിക്കുന്നത്. ആറ് വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ്ങ് മോഡുകളും സ്‌കൂട്ടറിലുണ്ട്. മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത എടുക്കാനുള്ള കരുത്താണ് നല്‍കിയിട്ടുള്ളത്. വി വണ്‍ പ്രോ 3.2 സെക്കന്റിലും വി വണ്‍ പ്ലസ് 3.4 സെക്കന്റിലും 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഒല എസ് 1, ബജാജ് ചേതക്, ടി.വി.എസ്. ഐക്യൂബ്, ഏഥര്‍ 450 എക്‌സ് എന്നീ നാല് ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് ഹീറോയുടെ വിദ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.