ഹിമാചൽ മുഖ്യമന്ത്രി ബജറ്റ് സമ്മേളനത്തിന് എത്തിയത് പഴയ ആൾട്ടോ കാറിൽ; കാരണം ഇതാണ്

രാജഭരണം മാറി ജനായത്തം വന്നപ്പോൾ പലതും മാറിയെങ്കിലും മാറാത്തതായി ചിലതും നിലനിൽക്കുന്നുണ്ട്. പണ്ട് പല്ലക്കിലും രഥങ്ങളിലുമാണ് രാജാവ് സഞ്ചരിച്ചിരുന്നതെങ്കിൽ ഇന്നത് ഇന്നോവയിലും റേഞ്ച്റോവറിലുമൊക്കെയാണ്. നമ്മുടെ രാജ്യത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളും ഭരണത്തലവന്‍മാരും വില കൂടിയ കാറുകളിലോ എസ്‌യുവികളിലോ എംപിവികളിലേ ആണ് സഞ്ചരിക്കാറുള്ളത്.

ഇനി നമ്മുടെ സംസ്ഥാനത്തെ കാര്യമെടുത്താല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു നിയമസഭയിലെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തന്റെ പഴയ മാരുതി ആള്‍ട്ടോ കാറില്‍ എത്തിയത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

ഹിമാചൽ നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് മാരുതി ആള്‍ട്ടോയില്‍ എത്തിയത്. കാര്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഓടിച്ചപ്പോള്‍ അദ്ദേഹം പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. ലഹൗള്‍-സ്പിറ്റി എംഎല്‍എയും വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂറും അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ചൗഹാനും ചേര്‍ന്ന് മുഖ്യമന്ത്രിയെ വിധാന്‍സഭയില്‍ സ്വീകരിച്ചു.

ആൾട്ടോ കാറിൽ എത്താനുള്ള കാരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം പറഞ്ഞു. ഇത് തന്റെ പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് സുഖ്‌വീന്ദര്‍ സിംഗ് സുഖുവിന്റെ മറുപടി. വളരെക്കാലമായി അദ്ദേഹം ഈ കാര്‍ ഉപയോഗിക്കുന്നതായും ആദ്യമായി എംഎല്‍എ ആയ സമയത്തും ഈ കാര്‍ ആണ് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ പറഞ്ഞു.

ആദ്യം വിധാന്‍സഭയ്ക്ക് പുറത്ത് ആള്‍ട്ടോ കാര്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ വണ്ടി തടഞ്ഞതായി വിഡിയോയില്‍ കാണാം. എന്നാല്‍ കാറിനകത്ത് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അമ്പരന്ന സെക്യൂരിറ്റിക്കാര്‍ വാഹനം അകത്തേക്ക് കയറ്റി വിടുകയായിരുന്നു. വിവിഐപി പ്രോട്ടോക്കോളുകൾ മാറ്റിവച്ച് ജനങ്ങളുമായി ഇടപെടുന്ന മുഖ്യമന്ത്രിയാണ് സുഖ്‌വീന്ദര്‍ സിംഗ് സുഖു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുഖ്‌വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. നേരത്തേ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള കര്‍മപദ്ധതിക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.


Tags:    
News Summary - Himachal Pradesh CM Sukhvinder Sukhu reaches assembly in old Alto car to attend his maiden budget session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.