ഗിയർ തകരാർ, ഹൈനസിനെ തിരിച്ചുവിളിക്കുമെന്ന്​ ഹോണ്ട​; കൗണ്ടർഷാഫ്​റ്റിന്​ നിലവാരം കുറവെന്നും നിഗമനം

ന്യൂഡൽഹി: ഗിയർ തകരാർ കാരണം ഹൈനസ്​ സി.ബി 350 ബൈക്കുകൾ തിരിച്ചുവിളിക്കുമെന്ന്​ ഹോണ്ട. അടുത്തിടെ പുറത്തിറക്കിയ ഹോണ്ടയുടെ റെട്രോ സ്​റ്റൈൽ ബൈക്കാണ്​ ഹൈനസ്​ സി.ബി 350. ട്രാൻസ്മിഷന്‍റെ കൗണ്ടർ‌ഷാഫ്റ്റിൽ നാലാമത്തെ ഗിയറിൽ വ്യത്യസ്തമായ മെറ്റീരിയൽ ഗ്രേഡ് ഉപയോഗം തിരിച്ചറിഞ്ഞതായി ഹോണ്ട പറയുന്നു. ദീർഘനാളത്തെ ഓട്ടത്തിൽ ഇതുമൂലം തകരാറുണ്ടാവാൻ സാധ്യത ഉണ്ടെന്നാണ്​ വിലയിരുത്തൽ.


വാഹനത്തിന്‍റെ വാറന്‍റി കണക്കിലെടുക്കാതെ തകരാർ ബാധിച്ച ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കാനുള്ള നടപടിയെടുക്കുമെന്നും ഹോണ്ട പറഞ്ഞു. 2021 മാർച്ച് 23 മുതൽ തിരിച്ചുവിളിക്കൽ കാമ്പെയിൻ ആരംഭിക്കും. 2020 നവംബർ 25 മുതൽ ഡിസംബർ 12 വരെ നിർമിച്ച യൂനിറ്റുകൾ തിരിച്ചുവിളിക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ്​ ഹൈനസ്​ 350 ബൈക്ക് വിൽപ്പന ആരംഭിച്ചത്​. 1.85 ലക്ഷം രൂപയാണ്​ വില. പിന്നീട്​ ഹൈനസിന്‍റെ സ്​പോർട്ടി വെർഷനായ സി.ബി 350 ആറും പുറത്തിറക്കിയിരുന്നു.


'പുതിയ നടപടി ഉപഭോക്​താക്കളിൽ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന്​ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നതിന്​ തെളിവാണെന്ന്​' ഹോണ്ട വക്​താവ്​ പറഞ്ഞു. വാഹനം പരിശോധിക്കുന്നതിന്​ എത്തിക്കുന്നതിന്​ കോൾ / ഇ-മെയിൽ / എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കും. തിരിച്ചുവിളിക്കേണ്ട വാഹനങ്ങളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.