ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ എന്ന വിശേഷണം സ്വന്തമാക്കാെനാരുങ്ങി ഹോണ്ട സിറ്റി ഹൈബ്രിഡ്. പുതിയ മോഡൽ രാജ്യത്ത് അവതരിപ്പിക്കാനുള്ള പദ്ധതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങിനെയെങ്കിൽ 2022 ആദ്യത്തിൽ സിറ്റി ഹൈബ്രിഡ് നിരത്തിലെത്തും. 'അടുത്ത സാമ്പത്തിക വർഷത്തിൽ ഞങ്ങൾ സിറ്റി ഹൈബ്രിഡ് വിൽപ്പന ആരംഭിക്കും'- ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻറ് രാജേഷ് ഗോയൽ പറഞ്ഞു.
ഹോണ്ട സിറ്റി ഹൈബ്രിഡ് ഇതുവരെ ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. മറ്റ് വിപണികളിൽ ലഭിച്ച ഇന്ധനക്ഷമത കണക്കുകൾ നോക്കിയാൽ അത് വിപ്ലകരമായിരിക്കും എന്ന് കാണാം. സിറ്റി ഹൈബ്രിഡ് മലേഷ്യയിലെ പരീക്ഷണ സാഹചര്യങ്ങളിൽ 27.7kpl മൈലേജ് നൽകി. തായ്‌ലൻഡിൽ ഇത് 27.8kpl ആണ്. രണ്ട് ടെസ്റ്റ് സൈക്കിളുകളും ഇന്ത്യയ്ക്ക് സമാനമാണ്. ഹോണ്ടയുടെ ആദ്യത്തെ 'മാസ് മാർക്കറ്റ്' ഹൈബ്രിഡ് ആയിരിക്കും സിറ്റി.
കൂടുതൽ കാര്യക്ഷമമായ 'അറ്റ്കിൻസൺ സൈക്കിൾ' പ്രവർത്തിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ജ്വലന എഞ്ചിനിൽ നിന്നുള്ള പവർ 98 എച്ച്പി ആണ്. ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 109 എച്ച്പി വരും. എഞ്ചിൻ 127എൻ.എം ടോർക്കും ഇലക്ട്രിക് മോട്ടോർ 253എൻ.എമ്മും ഉത്പ്പാദിപ്പിക്കും.
ഹൈബ്രിഡ് മോഡലിന് സാധാരണ സിറ്റിയേക്കാൾ 110 കിലോഗ്രാം ഭാരം കൂടുതലുണ്ട്. ബൂട്ടിലെ വലിയ ബാറ്ററിയാണ് കാരണം. വാഹനത്തിൽ സ്പെയർ ടയർ ഇല്ല.പകരം റിപ്പയർ കിറ്റാണ് നൽകിയിരിക്കുന്നത്. ബൂട്ട് കപ്പാസിറ്റി 506 ലിറ്ററിൽ നിന്ന് 410 ആയി കുറഞ്ഞു. സിറ്റി ഹൈബ്രിഡിന് 160 ശതമാനം കൂടുതൽ ടോർക്കും ഉള്ളതിനാൽ, ഹോണ്ടയ്ക്ക് പിൻ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. ഹൈബ്രിഡിൽ നിങ്ങൾക്ക് ഒരു ഇലക്ട്രിക് പാർക്കിങ് ബ്രേക്ക് ലഭിക്കും.തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ വിപണികളിലെ ഹോണ്ട സിറ്റി ഹൈബ്രിഡ് സ്പോർട്ടി ആർഎസ് ട്രിമിലും വിൽക്കുന്നുണ്ട്. വിലകൂടുതലായതിനാൽ ആർ.എസ് ട്രിം ഇന്ത്യയിലെത്താൻ സാധ്യതയില്ല.
ഹോണ്ട സിറ്റി ഹൈബ്രിഡ് തീർച്ചയായും കൂടുതൽ ചെലവേറിയതായിരിക്കും. കാർ ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെടുമ്പോൾ, ഹൈബ്രിഡ് സിസ്റ്റം നിർമ്മിക്കുന്ന പല ഘടകങ്ങളും ഇറക്കുമതി ചെയ്യപ്പെടും. ഡ്യൂട്ടിയും അതിനനുസരിച്ച് നികുതികളും ഉയരും. പെട്രോൾ ഹോണ്ട സിറ്റി 15 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്. ഹൈബ്രിഡിന് 17.5 മുതൽ 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.