ദുബായ് എന്നു കേള്‍ക്കുമ്പോള്‍ നിണ്ടുനിവര്‍ന്നു കിടക്കുന്ന മരുഭൂമികളും അതിലൂടെയുള്ള സാഹസിക സഫാരിയും തന്നെയാണു മനസിലേക്ക് ആദ്യം ഓടിയെത്തുക. ഒരിക്കലെങ്കിലും ആ മരുഭൂമിയില്‍ സഫാരി വാഹനം ഓടിക്കാന്‍ ആഗ്രഹിക്കാത്ത വാഹന പ്രേമികളും വിരളമായിരിക്കും. ലോകത്തെ ഏറ്റവും ആഡംബരവും സാഹസികവുമായ വിനോദങ്ങളിലൊന്നാണ് മരുഭൂമിയിലൂടെയുള്ള സഫാരി.
സഫാരി വാഹനങ്ങള്‍, ട്രാമുകള്‍ അല്ലെങ്കില്‍ പ്രത്യേക വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പ്രത്യേകം ഡ്രൈവിങ് പെര്‍മിറ്റ് ആവശ്യമാണ്. എല്ലാത്തരം ഡ്രൈവിങ് പെര്‍മിറ്റുകള്‍ക്കും അവരവരുടെ എമിറേറ്റ്‌സ് ഐ.ഡി. ഹാജരാക്കേണ്ടതുണ്ട്. ദുബായില്‍ പൊതുഗതാഗതം കാര്യക്ഷമമാണെങ്കിലും ഒട്ടുമിക്ക താമസക്കാരും നഗരം ചുറ്റാന്‍ സ്വന്തം വാഹനങ്ങള്‍ തന്നെയാണ് ഉപയോഗിക്കാറ്.
യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സെടുത്ത് രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്ക് മാത്രമേ സഫാരി ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കാനാവൂ. കൂടാതെ അപേക്ഷകര്‍ക്ക് കുറഞ്ഞത് 21 വയസ്സെങ്കിലുമായിരിക്കണം. ദുബായില്‍ യാത്രകള്‍ സംഘടിപ്പിക്കുന്ന ടൂറിസം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കമ്പനിയില്‍നിന്ന് എന്‍.ഒ.സി വാങ്ങണം. ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടി പാസായി എന്ന സാധുതയുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അംഗീകൃത ആശുപത്രിയില്‍നിന്ന് ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുപുറമെ ദുബായ് പൊലീസില്‍നിന്നുള്ള ഇക്ട്രോണിക് ക്രിമിനല്‍ റെക്കോഡ് സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതുണ്ട്.
യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സെടുത്ത് അഞ്ച് വര്‍ഷം കഴിഞ്ഞവര്‍ക്ക് മാത്രമേ ട്രാം ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയു. അപേക്ഷകര്‍ക്ക് 25 വയസ്സ് തികഞ്ഞിരിക്കണം. ട്രാം ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ട്രാം ഡ്രൈവിങ് പരിശീലന പരിപാടിയില്‍ വിജയിച്ചുവെന്ന സര്‍ട്ടിഫിക്കറ്റും അംഗീകൃത ആശുപത്രിയില്‍നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ആവശ്യമായ ഫീസടച്ച് ആര്‍.ടി.എ വെബ്‌സൈറ്റ് വഴിയോ മൂന്ന് അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴിയോ പ്രത്യേക ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.