ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് നിരവധി ലോകനേതാക്കളാണ് നമ്മുടെ നാട്ടിലെത്തിയത്. അതിൽ പലരും ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഇന്ത്യയിലെത്തിയത്. നിരന്തരമായ വിമാന യാത്രകൾ അത്ര സുഖമുള്ള കാര്യമല്ലെന്ന് എത്രപേർക്കറിയാം. യാത്രകളിൽ ഏറ്റവും ബോറടിപ്പിക്കുന്ന ഒന്നാണ് വിമാനയാത്ര. അതോടൊപ്പം വിമാന യാത്രകൾ മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രശ്നമാണ് ജെറ്റ് ലാഗ്.
എന്താണീ ജെറ്റ് ലാഗ്?
ദീർഘദൂര വിമാന യാത്രകളിൽ പലർക്കും അനുഭവപ്പെടാറുള്ള ശാരീരികാവസ്ഥയാണ് ജെറ്റ് ലാഗ് അല്ലെങ്കിൽ ഡെസിൻക്രോണോസിസ്. പല ടൈംസോണുകളിലൂടെ യാത്ര ചെയ്യുന്നതു മൂലം സ്ലീപ് സൈക്കിളും ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളും തടസപ്പെടുന്നതും തുടർന്നുണ്ടാകുന്ന ക്ഷീണവുമാണ് ജെറ്റ് ലാഗ് എന്നറിയപ്പെടുന്നത്. ശരീരത്തിലെ ആന്തരിക പ്രവർത്തനങ്ങൾ ഒരു വ്യക്തി താമസിക്കുന്ന സ്ഥലത്തെ ടൈം സോണുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ജെറ്റ് ലാഗ് മൂലം ഒരു വ്യക്തിക്ക് ക്ഷീണം, ഉറക്കം, ദേഷ്യം എന്നിവയെല്ലാം അനുഭവപ്പെടാം. പലപ്പോഴും പല കാര്യങ്ങൾക്കായും വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ലോകനേതാക്കളും ഈ പ്രശ്നം അഭിമുഖീകരിക്കാറുണ്ട്.
നമ്മുടെയെല്ലാം ശരീരത്തിന് അതിന്റേതായ ഒരു ആന്തരിക ഘടികാരം ഉണ്ട്. അതിനെ സർക്കാഡിയൻ റിഥംസ് എന്നാണ് വിളിക്കുന്നത്. നാം എപ്പോൾ ഉണർന്നിരിക്കണമെന്നും എപ്പോൾ ഉറങ്ങണമെന്നും ഈ സർക്കാഡിയൻ റിഥം ആണ് തീരുമാനിക്കുന്നത്. ശരീരത്തിലെ ഈ ആന്തരിക ക്ലോക്ക് നാം ജീവിക്കുന്ന സമയ മേഖലയുമായി സമന്വയിപ്പിച്ചിരിക്കുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഈ സമയമേഖല അട്ടിമറിക്കപ്പെടുകയാണ്. പലപ്പോഴും ഒരു വിമാനം രണ്ടോ മൂന്നോ അതിലധികമോ ടൈം സോണിലൂടെ കടന്നുപോകാറുണ്ട്. ഇത് ശരീരത്തിന് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്.
ജെറ്റ് ലാഗ് ഉറക്കക്കുറവ്, പകൽ സമയത്തെ ക്ഷീണം, അസ്വസ്ഥത, ഉണർന്നിരിക്കാനുള്ള ബുദ്ധിമുട്ട്, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ലക്ഷണങ്ങൾ താൽക്കാലികമാണെങ്കിലും രാഷ്ട്രത്തലവന്മാരെ പോലുള്ളവർക്ക് അവ വലിയ പ്രശ്നം സൃഷ്ടിക്കും.
പരിഹാരങ്ങൾ
ശരീരവും ഉറക്കവും ലക്ഷ്യ സ്ഥാനത്തിന്റെ ടൈം സോണുകൾക്ക് അനുസരിച്ച് ക്രമപ്പെടുത്തുകയാണ് ജെറ്റ്ലാഗിന്റെ ഒരു പരിഹാരമാർഗം. യാത്രയ്ക്ക് മുമ്പേ ഉറക്ക സമയം ക്രമീകരിക്കുക, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, മദ്യവും കഫീനും ഒഴിവാക്കുക എന്നിവയൊക്കെ മറ്റ് പരിഹാര മാർഗങ്ങളാണ്.
നേരത്തെ എത്തുകയും ശരീരത്തിന് പുതിയ ടൈംസോണുമായി പൊരുത്തപ്പെടാനുള്ള അവസരം നൽകുകയും ചെയ്യാവുന്നതാണ്. യാത്രയ്ക്ക് മുമ്പ് ധാരാളം വിശ്രമിക്കുക, കിഴക്കോട്ടാണ് യാത്ര ചെയ്യുന്നതെങ്കിൽ, യാത്രയ്ക്ക് മുമ്പ് കുറച്ച് ദിവസത്തേക്ക് എല്ലാ രാത്രിയിലും ഒരു മണിക്കൂർ മുമ്പ് ഉറങ്ങാൻ ശ്രമിക്കുക, പടിഞ്ഞാറോട്ട് പറക്കുകയാണെങ്കിൽ, രാത്രിയിൽ ഒരു മണിക്കൂർ കഴിഞ്ഞ് ഉറങ്ങുക, എന്നിവയും പരീക്ഷിക്കാം.
ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, എത്ര ക്ഷീണിതനാണെങ്കിലും പ്രാദേശികമായി രാത്രി എത്തുന്നതുവരെ ഉറങ്ങാതിരിക്കാൻ ശ്രമിക്കുക. ലക്ഷ്യസ്ഥാനത്ത് എത്തുന്നത് രാത്രി സമയമാണെങ്കിൽ വിമാനത്തിൽ ഉറങ്ങാൻ ശ്രമിക്കുക. പ്രാദേശിക ഭക്ഷണസമയത്തിനൊപ്പം നമ്മുടെ ഭക്ഷണവും ക്രമീകരിക്കുകയും ഫ്ലൈറ്റിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. നിർജ്ജലീകരണം ജെറ്റ് ലാഗ് ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.