ഓഫ്റോഡിലും മിന്നാൻ ഹുറാകാൻ സ്റ്റെറാറ്റോ

ഒരു സൂപ്പർ കാർ വാങ്ങിയാൽ ഓടിക്കാൻ പാകമായ റോഡുകൾ ഇല്ല എന്നതാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ ദൗർഭാഗ്യം. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ലംബോർഗിനി. ഓഫ്റോഡുകൾക്കുകൂടി പാകമായ സൂപ്പർ കാർ ആണ് ഈ ഇറ്റാലിയൻ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഹുറാകാന്‍ സ്റ്റെറാറ്റോ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 171 എം.എം. ആണ്. മാരുതി ബലേനോയുടെ ഗ്രൗണ്ട് ക്ലിയറൻസിനേക്കാൾ ഒരു മില്ലിമീറ്റർ കൂടുതലാണിത്. വാഹനത്തിന്റെ 1,499 യൂനിറ്റുകൾ മാത്രമാകും ആഗോളതലത്തിൽ നിർമിക്കുക.

സ്റ്റെറാറ്റോ എന്നാൽ ഇറ്റാലിയനിൽ മൺ റോഡ് എന്നാണ് അർഥം. പേരുപോലെ മൺറോഡുകളിലും സഞ്ചരിക്കുന്ന ഹുറാകാനാണ് സ്റ്റെറാറ്റോ. വാഹനത്തിന് ഓഫ്റോഡിങ്ങിന് അനുയോജ്യമായ തരത്തിൽ നിരവധി ക്രമീകരണങ്ങള്‍ ലഭിക്കും.

മുന്നിലെയും പിന്നിലെയും ട്രാക്കുകള്‍ യഥാക്രമം 30 മില്ലീമീറ്ററും 34 മില്ലീമീറ്ററും വർധിപ്പിച്ചിട്ടുണ്ട്, കൂടുതല്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ അനുവദിക്കുന്നതിനായി ഗ്രൗണ്ട് ക്ലിയറന്‍സ് 44 mm ഉയര്‍ത്തി. അലുമിനിയം അണ്ടര്‍ബോഡി പ്രൊട്ടക്ഷനും സിൽപ്ലേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊടിപടലങ്ങള്‍ നിറഞ്ഞ ട്രാക്കുകളില്‍ എൻജിനെ നന്നായി ബ്രീത്ത് ചെയ്യാന്‍ അനുവദിക്കുന്ന മേല്‍ക്കൂരയില്‍ ഘടിപ്പിച്ച എയര്‍ ഇന്‍ടേക്കും വാഹനത്തിന് ലഭിക്കും. പുതിയ റാലി മോഡ് സൂപ്പര്‍കാറിലേക്ക് കൊണ്ടുവന്നിട്ടുണ്. സ്ട്രാഡ, സ്പോര്‍ട് മോഡുകള്‍ റീകാലിബ്രേറ്റ് ചെയ്തു. പരിഷ്‌കരിച്ച ഡൈനാമിക് പാക്ക് അല്ലെങ്കില്‍ ലംബോര്‍ഗിനി ഇന്റഗ്രേറ്റഡ് വെഹിക്കിള്‍ ഡൈനാമിക്സുമായാണ് (LDVI) ഹുറാകാന്‍ സ്റ്റെറാറ്റോ വരുന്നത്.

പുതിയ 19 ഇഞ്ച് അലോയ് വീലുകളാണ്. സ്റ്റാന്‍ഡേര്‍ഡ് ഹുറാക്കാനെക്കാള്‍ ചെറുതാണിത്. സ്റ്റാന്‍ഡേര്‍ഡ് ഹുറാക്കാനില്‍നിന്നുള്ള അതേ 5.2-ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് V10 എൻജിന്‍തന്നെയാണ് സ്റ്റെറാറ്റോയിലും ലഭിക്കുന്നത്. എൻജിന്‍ 610 bhp കരുത്തും 560 Nm ടോര്‍ക്കും ഉൽപാദിപ്പിക്കും.

സാധാരണ ഹുറാക്കാനെ അപേക്ഷിച്ച് സ്റ്റെറാറ്റോക്ക് 30 bhp കരുത്തും 40 Nm ടോര്‍ക്കും കുറവാണ്. എൻജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 3.4 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സ്റ്റെറാറ്റോക്ക് കഴിയും. 4.61 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

Tags:    
News Summary - Huracan Sterrato to shine off-road too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.