'രണ്ടാമതൊരു ജന്മം തന്ന ദൈവത്തോടും ടാറ്റയോടും ഞാനെന്നും കടപ്പെട്ടിരിക്കുന്നു'; വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവിന് പറയാനുള്ളത്...

വാഹനാപകടങ്ങൾ എപ്പോഴും നമ്മുടെ ജീവിതങ്ങൾ മാറ്റിമറിക്കാറുണ്ട്. ചിലർക്കത് ഒരിക്കലും ഉണങ്ങാത്ത മുറിവും ഭയവുമായിട്ടാകും അവശേഷിക്കുക. ചിലർക്കാകട്ടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ മറക്കാനാകാത്ത കഥയായി മാറും. കൊട്ടാരക്കര സ്വദേശി ജോണ്‍ തങ്കച്ചനും കുടുംബത്തിനും രണ്ടാമത് പറഞ്ഞതാന് സംഭവിച്ചത്. അവരുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി അത്ഭുതപ്രവർത്തിയായി ആ അപകടം മാറി. അതിന്റെ വിവരണം അദ്ദേഹംതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

ജോണും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ ടിയാഗോയാണ് അപകടത്തില്‍പ്പെട്ടത്. റാന്നിക്കടുത്ത് മന്ദമരുതിയിലായിരുന്നു അപകടം. നിയന്ത്രണം നഷ്‍ടമായ വാഹനം റോഡില്‍ നിന്നും തെന്നിമാറി 25 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേ പുലര്‍ച്ചെ നടന്ന ഈ അപകടത്തെക്കുറിച്ച് പ്രമുഖ വാർത്താ ചാനലിലെ സീനിയര്‍ വീഡിയോ എഡിറ്റര്‍ കൂടിയായ ജോണ്‍ സമൂഹമാധ്യമത്തിൽ വിവരിച്ചിട്ടുണ്ട്.

'ഞാനും ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ ഞങ്ങൾ നാലു പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെട്ടതായിരുന്നു ഞങ്ങള്‍.. കാര്‍ ഒരു 70 കിമി സ്പീഡിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.. ക്ഷീണം കാരണം മയങ്ങിയതാണോ എന്ന് ഉറപ്പില്ല, പെട്ടെന്ന് കാര്‍ റോഡിന്‍റെ വലതു വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു.."

25 അടിയോളം താഴ്ചയിലേക്ക് ഒരു വീടിൻറെ കോൺക്രീറ്റ് സണ്‍ഷേഡിനു മുകളേക്കാണ് കാര്‍ ചെന്ന് ഇടിച്ചതെന്ന് ജോണ്‍ പറയുന്നു. പിന്നെ മറിഞ്ഞ് അതേ ശക്തിയില്‍ പിന്നിലേക്ക് വന്ന് ഇടിക്കുകയും ഒരു കരണം മറിഞ്ഞ് താഴെ മുറ്റത്തെ കരിങ്കൽ കെട്ടിലേക്ക് പതിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നെന്നും എന്നിട്ടും കാറിലുണ്ടായിരുന്ന നാലുപേരും ഡോർ തുറന്നാണ് പുറത്തിറങ്ങിയത് എന്നും ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും ജോണ്‍ പറയുന്നു.

"ഞാനും വൈഫും സീറ്റ് ബെൽറ്റൊക്കെ ധരിച്ച് ഇരുന്നത്.. പക്ഷേ ബാക്കിൽ മക്കൾ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും തല വെച്ച് കിടന്നുറങ്ങുന്ന ഒരു രീതിയിലാണ് കിടന്നത് . ഇത്രവലിയ ആഘാതത്തിൽ പോലും നാലുപേർക്കും ഒന്നും സഭവിച്ചില്ല.. ടാറ്റയാണ് ഞങ്ങളെ രക്ഷിച്ചത്.." എന്നാല്‍ കുടുംബത്തിന്‍റെ മുഴുവനും ജീവന്‍ രക്ഷിച്ച ശേഷം തിരിച്ചെടുക്കാനാവാത്ത വിധം പൂര്‍ണമായും തകര്‍ന്ന കാറിനെക്കുറിച്ചും ടാറ്റയെക്കുറിച്ചും ജോണിന് ഏറെ പറയാനുണ്ട്.

"എനിക്ക് രണ്ട് പെൺമക്കളാണ്. അഞ്ച് വര്‍ഷം മുമ്പാണ് ടിയാഗോ വാങ്ങിയത്.. ഞങ്ങടെ മൂന്നാമത്തെ മോളായിട്ടാണ് ഞങ്ങൾ അതിനെ കണ്ടിരുന്നത്.. ആ ഒരു വിഷമം ഉണ്ട്.. ഇനിയിത് നന്നാക്കി എടുക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയെങ്കിലും വേണം എന്നാണ് ഷോറൂമില്‍ നിന്നും അറിയിച്ചത്.. ഇനിയൊരു വണ്ടി എടുക്കാൻ ഉള്ള ഒരു മാനസികാവസ്ഥയോ സാമ്പത്തിക അവസ്ഥയോ ഒന്നും നിലവില്‍ ഇല്ല.. അതുകൊണ്ട് തൽക്കാലം ഒരു വണ്ടിയും വേണ്ട എന്നാണ് തീരുമാനം.. അഥവാ ഇനി എപ്പോഴെങ്കിലും ഒരു കാര്‍ വാങ്ങുന്നുണ്ട് എങ്കില്‍ ടാറ്റയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ള നിലപാടിലുമാണ് ഞങ്ങള്‍.. അതുകൊണ്ട് മറ്റു വണ്ടികളൊന്നും മോശമാണെന്ന് അല്ല ഞാൻ പറഞ്ഞത്.. എൻറെ ഒരു അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ പറയുകയാണ് ഇന്ന് നമ്മുടെ നീരത്തുകളില്‍ ഓടുന്നതിൽ ഏറ്റവും സേഫ്റ്റി ഉള്ള വണ്ടി ആയിരിക്കും ടാറ്റ.." ജോണ്‍ പറയുന്നു.


അടുത്തിടെയായി സു​രക്ഷയിൽ മികവുതെളിയിച്ച വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നത്. നെക്സോണ്‍ ഉള്‍പ്പെടെ ടാറ്റയുടെ വില്‍പ്പന ശ്രേണിയിലെ ഓരോ മോഡലും മികച്ച സുരക്ഷ വാഗ്‍ദാനം ചെയ്യുന്നുണ്ട്. ക്രാഷ് ടെസ്റ്റുകളിൽ മികച്ച റേറ്റിങ് നേടുന്ന വാഹനങ്ങളും ടാറ്റയുടേതാണ്. വാഹനത്തിന്‍റെ കരുത്തുകൊണ്ട് മാത്രം വമ്പന്‍ അപകടങ്ങളില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ നിരവധി ടാറ്റാ ഉടമകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തങ്ങളുടെ അനുഭവം വിവരിക്കാറുണ്ട്.


2020ല്‍ ഗ്ലോബല്‍ എന്‍കാപ് നടത്തിയ സുരക്ഷാ പരിശോധനയില്‍ ടാറ്റ ടിയാഗോ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 പോയിന്റില്‍ 12.72 പോയന്റ് ടിയാഗോ സ്വന്തമാക്കിയിരുന്നു. ആകെയുള്ള 49 പോയന്റില്‍ 34.15 പോയന്റും വാഹനം കരസ്ഥമാക്കി. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. 

Tags:    
News Summary - 'I am indebted to God and Tata for giving me a second birth'; young man who survived the car accident says the story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.