ബെംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്.ഒ.എസ് ബോക്സുകള്‍ സ്ഥാപിച്ച് ദേശീയപാത അതോറിറ്റി. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണിത്. മഞ്ഞ നിറത്തിലുള്ള പെട്ടിയിലെ 'എമര്‍ജന്‍സി' എന്ന സ്വിച്ചമര്‍ത്തിയാല്‍ മൈസൂരുവിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ഇവിടെനിന്ന് എസ്.ഒ.എസ്. പെട്ടിയുടെ ഏറ്റവും അടുത്തുള്ള പോലീസിന്റെ പട്രോളിങ് വാഹനത്തിനും പോലീസ് സ്റ്റേഷനിലും ആംബലന്‍സിലും സന്ദേശങ്ങള്‍ കൈമാറി സഹായമെത്തിക്കും. ജി.പി.എസ്. സംവിധാനവും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗരോര്‍ജമുപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ അപകടങ്ങളുണ്ടാകുന്ന പാതയാണ് ബെംഗളൂരു- മൈസൂരു അതിവേഗപാത. അപകടങ്ങള്‍ കുറയ്ക്കാനുള്ള വിവിധ സംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് എസ്.ഒ.എസ്. പെട്ടികള്‍ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ട്രാക്ടറുകളും അതിവേഗ പാതയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ദേശീയപാത അതോറിറ്റി ഉത്തരവിറക്കിയിരുന്നു.
ആറുവരി പാതയില്‍ 100 കി.മീ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടികള്‍ ശക്തമാക്കാനും പിഴ ശേഖരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. പുതിയ ടോൾ ബൂത്തുകൾ ആരംഭിച്ചതോടെ പാതിയിൽ യാത്ര ചെലവും കൂടിയിട്ടുണ്ട്. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതലാണ് ടോള്‍പിരിവ് ആരംഭിച്ചത്. ബെംഗളൂരുവില്‍ നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.
കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയില്‍ ഇപ്പോൾ അടയ്ക്കുന്നത്. കണിമിണികെയില്‍ 165 രൂപ നല്‍കണം. ഇതോടെ ടോള്‍ ഇനത്തില്‍ മൊത്തം 320 രൂപയാണ് ചെലവാക്കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍ക്കും മിനിബസുകള്‍ക്കും 235 രൂപ ശ്രീരംഗപട്ടണത്ത് 270 രൂപ കണിമിണികെയിലും ചേര്‍ത്ത് 505 രൂപയാണ് നല്‍കേണ്ടത്.
നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.