ക്രിക്കറ്റ് പിച്ചിൽ എതിരാളികളെ സ്വങ് ബൗളിങ് കൊണ്ട് വട്ടം കറക്കുന്ന ഇന്ത്യൻ സീമർ മുഹമ്മദ് ഷമി ഇനി റോഡിലും മിന്നൽപ്പിണരുയർത്തും. താരം ഏറ്റവും ഒടുവിലായി ഗ്യാരേജിലെത്തിച്ചിരിക്കുന്നത് ഒരു ഹൈപ്പർ സ്പോർട്സ് കാറിനെയാണ്. ജാഗ്വാറിന്റെ പതാക വാഹകൻ എഫ് ടൈപ്പാണ് ഷമിയുടെ പുതിയ വാഹനം. 98.13 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ സ്പോർട്സ് കാറിന്‍റെ വില.
ബെൻഡ് ഇറ്റ് ലൈക് ഷമി
അനായാസം വളഞ്ഞുപുളഞ്ഞെത്തുന്ന സ്വിങ് ബോളുകളാണ് പിച്ചിൽ ഷമിയുടെ മുഖമുദ്ര. പുതിയ എഫ് ടൈപ്പും റോഡിൽ ഏതാണ്ടിതുപോലെയാണ്. 2.0 കൂപ്പെ ആർ-ഡൈനാമിക് വേരിയന്റാണ് ഷമിയുടെ കാർ. വേരിയന്റിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, 295 bhp കരുത്തും 400 Nm ടോർക്കും പുറപ്പെടുവിക്കുന്ന 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള വാഹനമാണിത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുനാണ് ഗിയർമാറ്റം നിയന്ത്രിക്കുന്നത്. നേർരേഖയിലെന്നപോലെ വളവുകളും തിരിവുകളും അനായാസം താണ്ടുന്ന വാഹനമാണിത്.
എഫ്-ടൈപ്പിന്റെ കൂടുതൽ ശക്തമായ പതിപ്പും വിൽപ്പനയിലുണ്ട്. ഇത് ഒരു കൂപ്പെ അല്ലെങ്കിൽ കൺവേർട്ടബിൾ ആയി ലഭിക്കും. സൂപ്പർചാർജ്ജ്ഡ് 5.0 ലിറ്റർ V8 ആണ് ഇതിന് കരുത്തേകുന്നത്. ഇത് പരമാവധി 445 bhp കരുത്തും 580 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 8-സ്പീഡ് ZF ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.
പുതിയ എഫ് ടൈപ്പിനെക്കൂടാതെ നിരവധി വാഹനങ്ങളും ഷമിയുടെ പക്കലുണ്ട്. ജൂണിൽ, ഷമി പുതിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650ഉം വാങ്ങിയിരുന്നു. ബൈക്കിന്‍റെ ഏറ്റവും മികച്ച വേരിയന്റായ മിസ്റ്റർ ക്ലീൻ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. 3.32 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ എക്‌സ് ഷോറൂം വില.
ജാഗ്വാറിനെ സംബന്ധിച്ച് പ്രധാന വർഷങ്ങളിലൊന്നാണ് വരാനിരിക്കുന്ന 2023. സ്‌പോർട്‌സ് കാറുകൾ നിർമ്മിച്ച് തുടങ്ങിയതിന്റെ 75ാം വാർഷിക നിറവിലാണ് ജാഗ്വാർ. വാര്‍ഷികം ആഘോഷമാക്കാന്‍ എഫ്-ടൈപ്പിന്റെ പ്രത്യേക ട്രിം അവതരിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ഒരുക്കത്തിലുമാണ് ജാഗ്വാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.