ട്രെയിൻ യാത്രക്കിടെ വാട്സാപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാം; പുതിയ സംവിധാനവുമായി ഐ.ആർ.സി.ടി.സി

തീവണ്ടി യാത്ര ഇഷ്ടപ്പെടുന്നവരും അത് ഏറെ ആസ്വദിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗമായ റെയിൽവേയെയാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്കായി ആശ്രയിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാം എന്നതാണ് ട്രെയിൻ യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഈ യാത്രകളിൽ നല്ല ഭക്ഷണം കിട്ടില്ല എന്ന കാരണത്താൽ പലരും ട്രെയിനുകൾ പരിഗണിക്കാറില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

തീവണ്ടി യാത്രയെ വിരസമാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് നല്ല ഭക്ഷണത്തിന്റെ ലഭ്യതക്കുറവാണ്. വിശ്വസിച്ച് കഴിക്കാവുന്ന ഭക്ഷണം പലപ്പോഴും ട്രെയിൻ യാത്രക്കിടെ ലഭിക്കാറില്ല. റെയിൽവേ പാൻട്രിയിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരവും രുചിയും പണ്ടേ കുപ്രസിദ്ധമാണ്. ഈ പ്രശ്‌നത്തിന് അറുതിവരുത്തിയിരിക്കുകയാണ് ഐ.ആർ.സി.ടി.സി ഇപ്പോൾ.

യാത്രക്കിടയിൽ ഇഷ്ട ഭക്ഷണം വാട്‌സ്ആപ്പ് വഴി ഓർഡർ ചെയ്യാനാവുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് ഇ-കാറ്ററിങ് സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ഐ.ആർ.സി.ടി.സി പ്രത്യേകമായി വികസിപ്പിച്ച വെബ്‌സൈറ്റായ www.catering.irctc.co.in വഴിയും അതിന്റെ ഇ-കാറ്ററിങ് ആപ്പ് ആയ ഫുഡ് ഓൺ ട്രാക്കിലൂടെയും ഇ-കാറ്ററിങ് സേവനങ്ങൾ നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ കാരണം വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നത് ഒരു വലിയ പോരായ്‌മയായിരുന്നു. ഇതിന് പരിഹാരമായാണ് യാത്രക്കാർക്ക് പി.എൻ.ആർ നമ്പർ ഉപയോഗിച്ച് യാത്രക്കിടെ വാട്‌സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനായി +91-8750001323 എന്ന ബിസിനസ് നമ്പരാണ് ഉപയോഗിക്കേണ്ടത്. തിരഞ്ഞെടുത്ത ട്രെയിനുകളിലും യാത്രക്കാരിലുമാണ് ഇ-കാറ്ററിങ് സേവനങ്ങൾക്കായി വാട്‌സ്ആപ്പ് ആശയവിനിമയം നടപ്പിലാക്കിയിട്ടുള്ളത്. പിന്നീടുള്ള ഘട്ടത്തിൽ ഉപഭോക്തൃ ഫീഡ്ബാക്കുകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും മറ്റ് ട്രെയിനുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുക.

വാട്‌സ്ആപ്പ് കമ്മ്യൂണിക്കേഷൻ വഴി ഇ-കാറ്ററിങ് സേവനങ്ങൾ നടപ്പിലാക്കുന്നതിന് തുടക്കത്തിൽ രണ്ട് ഘട്ടങ്ങളായിരുന്നു പദ്ധതിയിട്ടിരുന്നത് എന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തിൽ www.ecatering.irctc.co.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇ-കാറ്ററിങ് സേവനങ്ങൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അതിന് ശേഷം ബിസിനസ് വാട്സ്ആപ്പ് നമ്പറിൽ നിന്ന് ഉപഭോക്താവിന് ഒരു സന്ദേശം ലഭിക്കും. ഇത്തരത്തിലായിരിക്കും വാട്സ്ആപ്പിലൂടെയുള്ള സേവനം ഉപഭോക്താവിന് ലഭ്യമാകുന്നത്.

ഈ ഓപ്ഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഐആർസിടിസിയുടെ ഇ-കാറ്ററിങ് വെബ്‌സൈറ്റ് വഴി നേരിട്ട് സ്റ്റേഷനുകളിൽ ലഭ്യമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ബുക്ക് ചെയ്യാൻ കഴിയും. അടുത്ത ഘട്ടമായി ഉപയോക്താവിന്റെ വാട്‌സ്ആപ്പ് നമ്പർ പിന്നീട് ഒരു ഇന്ററാക്റ്റീവ് ടു വേ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമായി മാറും. ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു എ.ഐ ചാറ്റ്ബോട്ട് യാത്രക്കാർക്കുള്ള ഇ-കാറ്ററിങ് സേവനം തുടർന്നും അനുവദിക്കും.

Tags:    
News Summary - Indian Railways e-catering service now available on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.