കാറെന്നാൽ ഇന്ത്യക്കാർക്കത് മാരുതി 800 ആയിരുന്ന കാലമുണ്ടായിരുന്നു. 1983ൽ പുറത്തിറങ്ങിയ മാരുതി 800 ഒരു രാജ്യത്തിന്റേയും ജനതയുടേയും സ്വപ്നങ്ങൾക്കൊപ്പമാണ് സഞ്ചരിച്ചത്. ഒരു പതിറ്റാണ്ടിന് മുമ്പ് നിരത്തൊഴിഞ്ഞെങ്കിലും ഇന്നും 800 എന്ന മോഡലിന്റെ ആരാധകവൃന്ദത്തിന് കുറവ് വന്നിട്ടില്ല. പുറത്തിറങ്ങി 39 വർഷം പിന്നിട്ടെങ്കിലും ഇന്നും നിരവധി മാരുതി 800കൾ നമുക്കിടയിലുണ്ട്. ഈ മാരുതി ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒന്നാമത്തെ മാരുതി 800ന് പുനർജന്മം നൽകിയിരിക്കുകയാണ് കമ്പനി. ഡൽഹിയിലെ മാരുതി സുസുകിയുടെ ആസ്ഥാനത്താണ് കാർ സൂക്ഷിച്ചിരിക്കുന്നത്.
മാരുതി സുസുകിയുടെ ആദ്യ രൂപമായ മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ നിന്നാണ് 800 എന്ന വാഹനം 1983-ല്‍ പുറത്തിറങ്ങിയത്. മാരുതിയുടെ ഹരിയാനയിലെ പ്ലാന്റിലാണ് ഈ കുഞ്ഞൻ കാർ നിര്‍മിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയായിരുന്നു ആദ്യ ഉപഭോക്താവായ ഹർപാൽ സിങ്ങിന് കൈമാറിയത്. 2010 ൽ മരണം വരെ ഹർപാൽ സിങ്ങിന്റെ ഉടമസ്ഥതയിൽ തന്നെയായിരുന്നു വാഹനം. ഡിഐഎ 6479 എന്ന നമ്പറിൽ എൺപതുകളിലെ ഏറ്റവും പ്രശസ്തനായ ഈ കാർ പിന്നീട് വിസ്മൃതിയിൽ മറഞ്ഞു. എസ്എസ് 80 എന്ന വിളിപ്പേരുള്ള മാരുതി 800 ൽ 796 സിസി മൂന്നു സിലിണ്ടർ എൻജിനാണ് ഉപയോഗിക്കുന്നത്.
1983-ല്‍ പുറത്തിറക്കിയ ഈ ആദ്യ വാഹനം 39 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേരൂപത്തിലാണ് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത്. 2010 ൽ ഹർപാൽ സിങ് മരിച്ചതോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാഹനവും അനാഥമാകുകയായിരുന്നു. പരിപാലനം ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ തുരുമ്പെടുത്ത് നശിക്കുന്ന വാഹനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രം കണ്ട് പലരും ഇത് സ്വന്തമാക്കാന്‍ എത്തിയെങ്കിലും ഇതിനെ പ്രവര്‍ത്തനക്ഷമമാക്കുന്നത് ശ്രമകരമായിരുന്നു. ഒടുവില്‍ ഈ വാഹനത്തിന്റെ നിര്‍മാതാക്കളായ മാരുതി തന്നെ ആദ്യ 800-നെ തേടിയെത്തി.
നിര്‍മാണ ഘട്ടത്തില്‍ ഈ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന പാര്‍ട്‌സുകള്‍ തന്നെ ഉപയോഗിച്ച് ആദ്യ മാരുതി 800-ന് മാരുതി സുസുക്കി പുനര്‍ജന്മം നല്‍കുകയായിരുന്നു. പഴമയുടെ എല്ലാ സൗന്ദര്യങ്ങളും നല്‍കി ഒരുക്കിയ ഈ വാഹനം പക്ഷെ പ്രായാധിക്യം മൂലം നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഈ വാഹനം മാരുതിയുടെ ചരിത്ര സ്മാരകമായി മാരുതി സുസുക്കിയുടെ മുഖ്യ ആസ്ഥാനത്ത് പ്രദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.