ലോകത്താകെ 14 എണ്ണം, അതിൽ ഒന്ന്​ ഇന്ത്യയിലും; പോർഷെ സ്റ്റുഡിയൊ തുറന്നു

വാഹനം വാങ്ങുകയെന്ന ഉപഭോക്​തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്​ പ്രത്യേക സംവിധാനം അവതരിപ്പിച്ച്​ പോർഷെ. പുതിയ ഷോറൂം ഫോർമാറ്റ് എന്ന്​ വിശേഷിപ്പിക്കാവുന്ന സ്റ്റുഡിയോ ആണ്​ ഇന്ത്യയിലും തുറന്നത്​. ഇതുവരെ പോർഷെ സെന്‍ററുകൾ എന്നറിയപ്പെടുന്ന കേന്ദ്രങ്ങൾ വഴിയാണ്​ കമ്പനി കാറുകൾ വിറ്റിരുന്നത്​. അതിനെയാണ്​ പോർഷെ സ്റ്റുഡിയോ എന്ന പുതിയ രീതിയിൽ അവതരിപ്പിക്കുന്നത്​.


ലോകത്താകെ 14 പോർഷെ സ്റ്റുഡിയോകളാണ്​ ഉള്ളത്​. അതിൽ ഒരെണ്ണമാണ്​ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ആരംഭിച്ചത്​. ഉപഭോക്താക്കൾക്ക് കൂടുതൽ ശാന്തമായ അന്തരീക്ഷം നൽകാനും വാഹനങ്ങൾ കോൺഫിഗർ ചെയ്യുന്നതിനുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പ്രദാനം ചെയ്യാനുമാണ്​ പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു​. നിലവിൽ രാജ്യത്ത്​ ആറ്​ പോർഷെ സെന്‍ററുകളാണ്​ ഉള്ളത്​. കേരളത്തിൽ കൊച്ചിയിലാണ്​ പോർഷെ സെന്‍റർ​ പ്രവർത്തിക്കുന്നത്​.


സവിശേഷതകൾ

രണ്ട് കാർ ഡിസ്‌പ്ലേ ഏരിയയും ഉപഭോക്തൃ ലോഞ്ചുമാണ്​ പോർഷെ സ്റ്റുഡിയോയിൽ ഉള്ളത്​. ബ്രാൻഡിന്‍റെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നീണ്ടനിര സ്റ്റുഡിയോയിൽ പ്രദർശിപ്പിക്കും. കമ്പനിയുടെ ഇൻ-ഹൗസ് കസ്റ്റമൈസേഷൻ ഡിവിഷനായ എക്സ്ക്ലൂസീവ്​ സ്റ്റുഡിയോയിൽ സവിശേഷമായി അവതരിപ്പിച്ചിട്ടുണ്ട്​. അലോയ് വീൽ ഡിസൈനുകൾ, വ്യക്തിഗത വാഹന കീകൾ, സ്പോർട്ടി എക്‌സ്‌ഹോസ്റ്റ്-ടിപ്പുകൾ, വിവിധ ക്യാബിൻ ട്രിമ്മുകൾ എന്നിവ പ്രദർശിപ്പിക്കും.


ഉപഭോക്​താക്കൾ‌ക്ക് വാഹനങ്ങൾ‌ വേണ്ടവിധതിൽ കസ്റ്റമൈസേഷൻ ചെയ്യുന്നതിന്​ വലിയ ടച്ച് ഡിസ്‌പ്ലേയാണ് പുതിയ ഷോറൂമിന്‍റെ മറ്റൊരു സവിശേഷത. ബോഡി കളർ, അലോയ് വീലുകൾ, സസ്പെൻഷൻ, ബ്രേക്കുകൾ, അപ്ഹോൾസ്റ്ററി, ക്യാബിൻ ട്രിമ്മിങ്​സ്​ തുടങ്ങി സീറ്റ് ബെൽറ്റുകളുടെ നിറം, ഇൻസ്ട്രുമെന്‍റ്​ ഡയൽ എന്നിവപോലുള്ള വിശദാംശങ്ങൾ വരെ തിരഞ്ഞെടുക്കുന്നതിന് പോർഷെ സ്റ്റുഡിയോ സഹായിക്കും.


പോർഷെയുടെ വൈദ്യുത സ്​പോർട്​സ്​ കാറായ ടെയ്‌കാനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സമയത്താണ് പോർഷെ സ്റ്റുഡിയോ എന്ന ആശയം കൊണ്ടുവന്നത്. 718, 911 സ്‌പോർട്‌സ് കാറുകൾ, പനമേര മക്കാൻ, കയേൻ, കയേൻ കൂപ്പെ എസ്‌യുവികൾ എന്നിവയാണ് പോർഷെയുടെ ഇന്ത്യ പോർട്ട്‌ഫോളിയോയുടെ ഭാഗമായ മറ്റ് മോഡലുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.