ലോകത്തിലെ കേഴ്വികേട്ട ഇരുചക്രവാഹനങ്ങളുടെ ചരിത്രം തപ്പിയിറങ്ങിയാൽ ചെന്നെത്തുക ഏകദേശം സമാനമായൊരു പാരമ്പര്യത്തിലേക്കാവും. ലോകമഹായുദ്ധങ്ങളിൽ വാഹനം നിർമിച്ചവർ എന്നാകും അതിൽ മിക്കവരുടേയും മേൽവിലാസം. സൈനിക വാഹനങ്ങളുടെ ഉടമകളാവുക എന്നത് വീരേതിഹാസമായൊരു കർതൃത്വമാണെന്ന് നമ്മുക്ക് തീർച്ചയുണ്ടെന്ന് തോന്നുന്നു. ഇതിൽതന്നെ നാം ഇന്ത്യക്കാരുടെ കാര്യമെടുത്താൽ ബ്രിട്ടീഷ് വാഹനങ്ങളോടും കമ്പനികളോടും പ്രത്യേകമായൊരു സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നതായി കാണാനാകും. റോയൽ എൻഫീൽഡ് മുതൽ വരാനിരിക്കുന്ന നോർട്ടൻവരെ ഇത്തരമൊരു സാധ്യത കച്ചവടമാക്കുന്നവരാണ്.
ബി.എസ്.എയും നോർട്ടനും
അടുത്ത കാലത്താണ് രണ്ട് ബ്രിട്ടീഷ് വാഹന കമ്പനികളെ ഇന്ത്യൻ ശതകോടീശ്വരന്മാർ സ്വന്തമാക്കിയത്. ക്ലാസിക് ബ്രിട്ടീഷ് മോട്ടോർബൈക്ക് നിർമാതാക്കളായ ബിഎസ്എയെ ഏറ്റെടുത്തത് മഹീന്ദ്രയുടെ ഉകമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് ഗ്രൂപ്പാണ്. മറ്റൊരു പ്രശസ്ത ബ്രിട്ടീഷ് ബൈക്ക് ബ്രാൻഡായ നോർട്ടനെ ഈ വർഷം ആദ്യം തന്നെ ടി.വി.എസ് സ്വന്തമാക്കിയിരുന്നു. ബർമിങ്ഹാം സ്മാൾ ആം കമ്പനി എന്ന ബി.എസ്.എ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ആയുധ നിർമാണശാലയായിരുന്നു. പിന്നീടിവർ ബൈസിക്കിളുകളുടെ നിർമാണത്തിലേക്ക് കടന്നു. സൺബീം എന്ന പേരിലായിരുന്നു സൈക്കിളുകൾ നിർമിച്ചിരുന്നത്.
1900 മുതൽ യൂറോപ്പ് മുഴുവൻ യുദ്ധത്തിന്‍റെ നിഴലിലായതോടെ ബി.എസ്.എ തങ്ങളുടെ നിർമാണ മേഖല വിപുലപ്പെടുത്തി.യുദ്ധത്തിൽ ആയുധങ്ങൾ മാത്രമല്ല വാഹനങ്ങളും ആവശ്യമായി വന്നതോടെയാണ് ഇവർ ബൈക്കുകളും ടാങ്കുകളുമൊക്കെ നിർമിക്കാൻ തുടങ്ങിയത്. 1861ൽ ആരംഭിച്ച കമ്പനി 1950കൾ ആയപ്പോഴേക്ക് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാവായി മാറിയിരുന്നു. ട്രയംഫ് എന്ന ബ്രാൻഡിലും ബി.എസ്.എ ബൈക്കുകൾ നിർമിക്കുന്നുണ്ട്. ബ്രിട്ടീഷ് ബൈക്കുകളുടെ പുനരുദ്ധാരണം എന്ന ലക്ഷ്യംവച്ചാണ് മഹീന്ദ്ര ഗ്രൂപ്പ് നിലവിൽ ബർമിങ്ഹാമിലെത്തിയിരിക്കുന്നത്. വൈദ്യുത ബൈക്കുകൾകൂടി ബി.എസ്.എയുടെ മേൽവിലാസത്തിൽ നിർമിക്കുമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. 2021ൽ നോർട്ടനെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടി.വി.എസ്.
ബി.എസ്.എ പോലെ സമ്പന്നമായൊരു യുദ്ധപാരമ്പര്യമുള്ള കമ്പനിയാണ് നോർട്ടനും. 1898ലാണ് നോർട്ടൻ കമ്പനി ആരംഭിച്ചത്. ബർമിങ്ഹാം തന്നെയായിരുന്നു നോർട്ടന്‍റെയും ആസ്ഥാനം. യുദ്ധ പാരമ്പര്യത്തോടൊപ്പം സമ്പന്നമായൊരു റാലി പാരമ്പര്യവും നോർട്ടനുണ്ട്. കമ്പനിയുടെ ഏറ്റവും പ്രശസ്തമായ മോഡലുകളിൽ ഡൊമിനേറ്റർ, കമാൻഡോ എന്നിവ ഉൾപ്പെടുന്നു. നോർട്ടൺ ഇന്‍റർപോൾ 1980 കളിൽ യുകെ പോലീസ് ഉപയോഗിച്ചിരുന്നു. നോർട്ടൻ വിേന്റജ് മോഡലുകൾ വാഹന ശേഖരണക്കാരുടെ പ്രിയപ്പെട്ട ഉത്പന്നങ്ങളാണ്. 2019 നവംബറിൽ നോർട്ടൺ വീണ്ടും പരിമിതമായ അളവിലുള്ള കമാൻഡോ ക്ലാസിക് ബൈക്കുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. പൂർണതോതിലുള്ള ഉത്പാദനം 2021ന്‍റെ തുടക്കത്തിൽ ആരംഭിക്കും.
അടിമകളും ഉടമകളും
മുതലാളിത്തം ലോകത്തിന് നൽകിയ സൗകര്യങ്ങളിലൊന്ന് ഉടമസ്ഥാവകാശത്തിന്റെ അനിശ്ചിതത്വമാണ്. എപ്പോഴും കീഴ്മേൽ മറിയാൻ സാധ്യതയുള്ള അടിമ ഉടമ ബന്ധമാണവിടെയുള്ളത്. പഴയ അടിമകൾ ഉടമകളുടെ കടംകയറി മുടിഞ്ഞ പാരമ്പര്യ സ്വത്തൊക്കെ വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് ബ്രിട്ടനിലെ വാഹനലോകത്ത് കാണാനാകുന്നത്. ജാഗ്വാർ ലാൻഡ്റോവറിനെ ഏറ്റെടുത്ത ടാറ്റ മോട്ടോഴ്സ് ചിരിത്രത്തിലെതന്നെ ഏറ്റവും വലിയ കുതിപ്പാണ് ബ്രിട്ടനിൽ നടത്തിയത്. ബി.എസ്.എയെ വാങ്ങി മീഹന്ദ്രയും നോർട്ടനെ ഏറ്റെടുത്ത ടി.വി.എസുമെല്ലാം ഈ പാത പിൻതുടരുകയായിരുന്നു. അപ്പോഴും ബ്രിട്ടീഷ് പാരമ്പര്യത്തിന്‍റെ ആഢ്യത്വവുംപേറി റോയൽ എൻഫീൽഡ് അതിന്‍റെ പ്രയാണം രാജ്യത്ത് തുടരുകയാണ്.
ലോകത്തിലെ ഏറ്റവും പഴയ ബൈക്ക് ബ്രാൻഡുകളിലൊന്നും 1994 മുതൽ ഇന്ത്യയുടെ ഐഷർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതുമായ റോയൽ എൻഫീൽഡ് അടുത്തിടെ തായ്‌ലൻഡിൽ പുതിയ ഫാക്ടറി ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവുംകൂടുതൽ വിൽക്കപ്പെടുന്ന വാഹനബ്രാൻഡ് ആയി മാറാനുള്ള ഒരുക്കത്തിലാണ് റോയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.