അതിവേഗം മാറുന്ന വാഹനലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള താണ് ടെക് പരിഷ്കരണങ്ങൾ. നിലവിൽ വാഹന നിർമാതാക്കൾ തമ്മിൽ ഇൗ മേഖലയിൽ കടുത്ത മത്സരവുമാണ്. ചൈനീസ് കമ്പനിയായ എം.ജിയാണ് ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ് കാർ എന്ന ആശയം അവതരിപ്പിച്ചത്. എം.ജി ഹെക്ടറായിരുന്നു ആ വാഹനം. പിന്നീടിങ്ങോട്ട് നിർമാതാക്കൾ തമ്മിൽ കണക്ടഡ് കാർ ടെക് അവതരിപ്പിക്കുന്നതിൽ കടുത്ത മത്സരമായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ വന്നതോടെ ടെക്നോളജിക്ക് കൂടുതൽ പ്രചാരം ലഭിച്ചു. ബൈക്കുകളിലും സ്കൂട്ടറുകളിലുമെല്ലാം ഇന്ന് സിം കാർഡുകൾ ഉൾപ്പടെ ലഭ്യമാണ്.
ഒരു മൊബൈൽഫോണിൽ ലഭ്യമാകുന്ന എല്ലാ സവിശേഷതകളും വാഹനങ്ങളിൽ എത്തിയതോടെ ഉപഭോക്താക്കളും സന്തോഷത്തിലാണ്. എന്നാൽ ഇൻറലിജൻറ് വാഹനങ്ങൾ പുതിയൊരു പ്രശ്നം സൃഷ്ടിക്കുന്നതായി െഎ.ടി സുരക്ഷാ വിദഗ്ധർ പറയുന്നു. വ്യക്തി സുരക്ഷയേയും രാജ്യ സുരക്ഷയേയും വാഹന സുരക്ഷയേയും ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ആദ്യ ഇൻറർനെറ്റ് കാർ പുറത്തിറക്കിയ ചൈനക്കാർ തന്നെയാണ് പുതിയ ആശങ്കയും പങ്കുവയ്ക്കുന്നത്. അമേരിക്കൻ ടെക് കമ്പനികൾ വിവരങ്ങൾ ചോർത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ചൈനക്കാരുടെ ആശങ്ക. ഇൗ സംശയത്തിെൻറ പേരിൽ അമേരിക്കൻ ഇ.വി കമ്പനിയായ ടെസ്ലയുടെ വാഹനങ്ങൾ കുറേ നാളുകൾക്കുമുമ്പ് ചൈന തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ നിരോധിച്ചിരുന്നു.
രാജ്യ സുരക്ഷയിലെ ആശങ്കകൾ
ചൈനീസ് സൈനിക കോംപ്ലക്സുകളിൽ നിന്നും പട്ടാളക്കാരുടെ ഭവന സമുച്ചയങ്ങളിൽ നിന്നും അടുത്തിടെ ടെസ്‌ല വാഹനങ്ങളെ ചൈനീസ് സൈന്യം നിരോധിച്ചിരുന്നു. ഇതുസംബന്ധിച്ച നിർദേശം ഉത്തരവിന്‍റെ രൂപത്തിൽ സൈന്യം പുറത്തിറക്കുകയും ചെയ്തു. വിവരങ്ങൾ സ്വകാര്യമായതിനാൽ പുറത്തറിയരുതെന്ന് ആവശ്യപ്പെട്ടാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. ടെസ്‌ല ഉടമകൾ സൈനിക സംവിധാനങ്ങൾക്ക് അകത്തേക്കോ ഹൗസിങ് കോംപ്ലക്സിലോ പ്രവേശിക്കുേമ്പാൾ വാഹനം പുറത്ത് പാർക് ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. അമേരിക്കൻ കമ്പനി കാറുകളിലെ രഹസ്യ ക്യാമറകൾ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആശങ്കയാണ് ചൈനക്കുള്ളത്. രഹസ്യ സൈനിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വാഹനങ്ങൾ സൈനിക വസതികളിൽ നിന്ന് തടയുന്നതെന്നും ഉത്തരവിൽ പറയുന്നു.
ടെസ്‌ല കാറുകളിലെ മൾട്ടി-ഡയറക്ഷണൽ കാമറകളും അൾട്രാസോണിക് സെൻസറുകളും അവ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനമുള്ള വാഹനങ്ങൾ ഇത്തരം വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സഞ്ചരിക്കുന്നത്.പാർക്കിങ്, ഓട്ടോപൈലറ്റ്, ഓട്ടോണമസ് ഡ്രൈവിംഗ് പ്രവർത്തനങ്ങൾക്കായി ടെസ്‌ല വാഹനങ്ങളിൽ നിരവധി ചെറിയ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. മിക്ക ടെസ്‌ല മോഡലുകളിലും റിയർ വ്യൂ മിററിൽ ഇന്‍റീരിയർ ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുകയോ ക്ഷീണം സംഭവിക്കുകയോ ചെയ്യുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാനാണ് ഈ കാമറ ഉപയോഗിക്കുന്നത്.
വ്യക്തി സുരക്ഷ
വലിയ രീതിയിലുള്ള വ്യക്തി സുരക്ഷാഭീഷണിയും ഇൻറലിജൻറ് കാറുകൾ ഉയർത്തുന്നുണ്ട്. അതിൽ ഒന്നാമത്തേത് വിവര ശേഖരണമാണ്. ഇൻറർനെറ്റ് കാറുകൾ പ്രവർത്തിക്കണമെങ്കിൽ ഉടമയുടെ വ്യക്തി വിവരങ്ങളെല്ലാം ആവശ്യമാണ്. വിരലടയാളംപോലെ രഹസ്യസ്വഭാവത്തിലുള്ള സ്വകാര്യ വിവരങ്ങളും ഇത്തരം വാഹനങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിെൻറ അപകടം തിരിച്ചറിഞ്ഞ ചൈന ഓട്ടോമൊബൈൽ ഡേറ്റാ സെക്യൂരിറ്റി, നെറ്റ്‌വർക്ക് സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയിൽ സ്വയം പരിശോധന നടത്താൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി റെഗുലേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.'റെഗുലേറ്ററി നടപടികൾ സമയബന്ധിതമായി തീർക്കാൻ കഴിയുന്നില്ലെങ്കിൽ, സൈബർ ആക്രമണങ്ങളും നെറ്റ്‌വർക് നുഴഞ്ഞുകയറ്റങ്ങളും പോലുള്ള പ്രശ്നങ്ങൾ വലിയ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം'- ചൈനയിലെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയത്തിലെ സഹ മന്ത്രി സിൻ ഗുബിൻ പറഞ്ഞു.
ചൈനയിൽ നിലവിൽ അതിവേഗം ഇ.വി വാഹനങ്ങൾ വിറ്റഴിക്കപ്പെടുകയാണ്. 2021-ലെ ആദ്യ എട്ട് മാസങ്ങളിൽ ഇ.വികളുടെ വിൽപ്പന 1.7 ദശലക്ഷമായി ഉയർന്നു. ഇത് ചൈനയിലെ മൊത്തം വാഹന വിൽപ്പനയുടെ 10% വരും. ചൈനയിലെ ഇവി മേഖലയിൽ നിക്ഷേപങ്ങൾ സ്വീകരിക്കുേമ്പാൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറയുന്നു. ബദൽ ഉൗർജ്ജ വാഹനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിൽ ചൈനയാണ് ലോകത്ത് മുന്നിലുള്ളത്. ചൈനയിൽ 300-ലധികം കമ്പനികൾ വൈദ്യുത കാറുകൾ നിർമിക്കുന്നുണ്ട്. ഇന്ത്യയിലും ഇതേ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ആരൊക്കെയോ ചേർന്ന് നിർമിക്കുന്ന ആപ്പുകളും സംവിധാനങ്ങളുമാണ് ഇവിടത്തെ ഇ.വികളിൽ ഉപയോഗിക്കുന്നത്. ഇൗ മേഖലയിൽ ഒരു നിയന്ത്രണവും സർക്കാർ ഇനിയും ഏർപ്പെടുത്തിയിട്ടില്ല.
വാഹന സുരക്ഷ
ഇൻറലിജൻറ് സംവിധാനങ്ങൾ വാഹന സുരക്ഷ ഉയർത്തുമെന്നാണ് നമ്മുടെ പൊതുവേയുള്ള വിശ്വാസം. എന്നാലിത് തെറ്റാണെന്നാണ് വാഹന സുരക്ഷാവിദഗ്ധർ പറയുന്നത്. ഇൻറർനെറ്റിലൂടെ ബന്ധിച്ചിരിക്കുന്ന വാഹനങ്ങളുടെ സുരക്ഷാ കോഡുകൾ തകർക്കുക താരതമ്യേന എളുപ്പമാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ നടന്ന ഒരു ഹൈ ടെക് മോഷണം. മോഷ്ടിക്കപ്പെട്ടത് ലോകത്തെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ ബി.എം.ഡബ്ല്യു എക്സ് സെവൻ ആണ്. ഹോളിവുഡ് താരം ടോം ക്രൂസിേൻറതായിരുന്നു വാഹനം.
ഒരു ഹൈടെക് കാർ മോഷണം
മിഷൻ ഇേമ്പാസിബിൾ താരം ടോം ക്രൂസിെൻറ ബി.എം.ഡബ്ല്യു എക്സ് സെവൻ ബ്രിട്ടനിലെ ബർമിങ്ഹാമിൽ വച്ചാണ് മോഷ്ടാക്കൾ കവർന്നത്. മിഷൻ ഇേമ്പാസിബിൾ സെവെൻറ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ടോം. ഹോട്ടലിന് വെളിയിൽ പാർക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.100,000 യൂറോ(ഏകദേശം 1.01 കോടി) വിലയുള്ള എക്സ് സെവൻ ബീമറിെൻറ ഏറ്റവും ഉയർന്ന എസ്.യു.വിയാണ്. കാറിെൻറ കീലെസ് ഇഗ്നിഷൻ ഫോബിെൻറ സിഗ്നൽ ക്ലോൺ ചെയ്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ബി.എം.ഡബ്ല്യുവിെൻറ സാേങ്കതികമായി ഏറ്റവും ഉയർന്ന വാഹനങ്ങളിൽ ഒന്നാണ് എക്സ് സെവൻ. കീലെസ്സ് എൻട്രി ആൻഡ് ഗോ സംവിധാനമുള്ള വാഹനമാണിത്. കീ ഉപയോഗിക്കാതെതന്നെ വാഹനം തുറക്കാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കും. ടോം ക്രൂസിെൻറ വാഹനത്തിെൻറ കോഡ്, വയർലെസ് ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് ക്രാക്ക് ചെയ്താണ് മോഷ്ടാക്കൾ വാഹനം തുറന്നതും സ്റ്റാർട്ട് ചെയ്തതും. കാറിെൻറ കീലെസ് ഫോബിലേക്ക് ഒരു സന്ദേശം പുറപ്പെടുവിച്ചുകൊണ്ട് സിഗ്നൽ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് വാഹനത്തിനരികിൽ നിൽക്കുന്ന മോഷ്ടാക്കളിൽ ഒരാൾ സിഗ്നൽ സ്വീകരിക്കുകയും വാഹനത്തിെൻറ താക്കോൽ പരിധിക്കുള്ളിലാണെന്ന് കാറിെൻറ സോഫ്വെയറിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങിനെ കാർ അൺലോക്ക് ചെയ്യുകയും മോഷ്ടാവ് അകത്തുകടക്കുകയും ചെയ്യും. കാറിെൻറ ടെക്നിക്കൽ പോർട്ട് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ശൂന്യമായ ഫോബ് ഉപയോഗിച്ച് ഇതേ പ്രക്രിയ ആവർത്തിച്ചാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്. ഇതേ രീതിയിൽ മോഷ്ടാക്കൾക്ക് റേഡിയോ ഫ്രീക്വൻസിയുടെ സഹായത്തോടെ ഡ്രൈവറുടെ കീഫോബ് ജാം ചെയ്യാമെന്നും പൊലീസ് വിശദീകരിക്കുന്നു. കാറിെൻറ കമ്പ്യൂട്ടർ ഹാർഡ്‌വെയറിലേക്ക് ആക്‌സസ് നേടാൻ ഇത് അവരെ സഹായിക്കും.പിന്നീട് ജി.പി.എസ് ട്രാക്കർ ഉപയോഗിച്ച് വാഹനം കണ്ടെത്തിയെങ്കിലും വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ വാഹനത്തിൽ നിന്ന് നഷ്ടമായി. ഇൗ മോഷണം കാണിക്കുന്നത് കണക്ടഡ് കാറുകൾ സുരക്ഷാഭീഷണി കാര്യമായി ഉയർത്തുന്നുണ്ടെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.