മധ്യസ്ഥൻ മെറിഡിയൻ

ചതുരപ്പെട്ടി പോലിരിക്കുന്നതും നാല്​ ചക്രമുള്ളതുമായ സകലമാന വണ്ടികളെയും ജീപ്പെന്നു വിളിച്ചാണ്​ നമുക്ക്​ ശീലം. രണ്ടാം യുദ്ധകാലത്ത്​ ജനിച്ചതു​കൊണ്ടാവാം ജീപ്പിന്​ എപ്പോഴും പരുക്കൻ സ്വഭാവമാണ്​. ചിലപ്പോൾ ഭാവം മാറിവരികയും ചെയ്യും. വേട്ടക്ക്​ പോകു​മ്പോൾ രൗദ്രം, മരിച്ചറിയിച്ച്​ പോകുമ്പോൾ ശോകം, തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ പോകു​മ്പോൾ ഹാസ്യം. പണ്ടൊക്കെ പനയിൽ നിന്ന്​ വീണവരെയുംകൊണ്ടു മെഡിക്കൽ കോളജിലേക്ക്​ ലൈറ്റിട്ട്​ പാഞ്ഞതും കട്ടപ്പനയിൽ നിന്ന്​ കുട്ടിക്കാനത്തേക്ക്​ കല്ല്യാണപ്പെണ്ണിനെ കൊണ്ടുപോയതുമൊക്കെ ജീപ്പിലാണ്​.

രണ്ടാം ​ലോകയുദ്ധകാലത്ത്​ ആളെക്കൊല്ലാൻ അമേരിക്കൻ സൈന്യം ഉണ്ടാക്കിയ നശീകരണ വാഹനമാണ്​ പിന്നീട്​ ചീപ്പ്​ വിലക്ക്​ കിട്ടുന്ന ജീപ്പായത്​. അമേരിക്കൻ ബാൻറം എന്ന്​ അറിയപ്പെട്ടിരുന്ന അമേരിക്കൻ ഓസ്​റ്റിൻ കാർ കമ്പനിയാണ്​ ജീപ്പിന്​ ജന്മം കൊടുത്തത്​. പിന്നെ വില്ലീസും ഫോർഡും അമേരിക്കൻ പട്ടാളം പറഞ്ഞ ചില ചില്ലറ മാറ്റങ്ങൾ വരുത്തി ഇതിനെയങ്ങ്​ പെറ്റുകൂട്ടി. ഈ പേര്​ എവിടുന്നു കിട്ടി എന്നത്​ ഇപ്പോഴും ഗവേഷണ വിഷയമാണ്​. ജനറൽ പർപ്പസ്​ എന്ന വാക്കുകളുടെ ആദ്യക്ഷരം കൂട്ടിയെഴുതിയതാണെന്ന വി​ശ്വാസത്തിനാണ്​ അനുയായികൾ കൂടുതൽ. സ്വാതന്ത്ര്യത്തിന്​ മുമ്പ്​ ഈ വണ്ടികൾ ഇന്ത്യയിൽ എത്തിച്ച്​ വിറ്റ്​ ജീവിക്കുന്ന രണ്ടുപേർ ഉണ്ടായിരുന്നു. മഹീന്ദ്രയും മുഹമ്മദും. എം ആൻഡ് എം എന്ന്​ ആ സഖ്യം അറിയപ്പെട്ടു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ മുഹമ്മദ്​ പാകിസ്​താനിൽ ​പോയി ധനകാര്യ മ​ന്ത്രിയായി. അതോടെ എം ആൻഡ്​ എമ്മിലെ രണ്ടാമത്തെ എം മഹീന്ദ്ര എന്നാക്കി. അങ്ങനെ മഹീന്ദ്ര ആൻഡ്​ മഹീന്ദ്ര പിറന്നു. അതോടെ ഇന്ത്യയിൽ ജീപ്പ്​ എന്നാൽ മഹീന്ദ്രയാവുകയും ചെയ്​തു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയാരോപണങ്ങളിൽ ഒന്ന് ഉയര്‍ന്നത് ജീപ്പി​ന്റെ പേരിലാണ്​. 1948ല്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന വി.കെ. കൃഷ്ണമേനോൻ സൈന്യത്തിന് വേണ്ടി 80 ലക്ഷം രൂപയുടെ ജീപ്പ് ഇറക്കുമതി ചെയ്​തതിനെക്കുറിച്ചായിരുന്നു ഇത്​. 1955ല്‍ ഈ കേസ് ക്ലോസ് ചെയ്തു. ലോകയുദ്ധം കഴിഞ്ഞപ്പോൾ ജീപ്പ്​ എന്ന പേര്​ രജിസ്​റ്റർ ചെയ്​ത്​ വില്ലീസ്​ ഇവയുടെ വിൽപ്പന തുടങ്ങി. പിന്നെയത്​ കൈസർ മോ​ട്ടോഴ്​സും അവിടെ നിന്ന്​ അമേരിക്കൻ മോ​ട്ടോർ കോർപറേഷനും സ്വന്തമാക്കി. റെനോക്കായിരുന്നു അടുത്ത നിയോഗം. അടുത്തു തന്നെ ക്രൈസ്​ലറും ക്രൈസ്​ലർ ലയിച്ചതോടെ ഡെയിംലർ ബെൻസും ജീപ്പിനെ മേയ്​ച്ചു. ഇതിനിടയിൽ ഇന്ത്യയിൽ മഹീന്ദ്രയും ജപ്പാനിൽ മിറ്റ്​സുബിഷിയും ജീപ്പുണ്ടാക്കി. നിലവിൽ ഫിയറ്റ്​ ക്രൈസ്​ലറി​ന്റെ ഉടമസ്​ഥതയിലാണ്​ ജീപ്പ്​. ഏതാണ്ട്​ 22 രാജ്യങ്ങളിൽ ജീപ്പ്​ പല രൂപത്തിലും പേരിലും പിറക്കുന്നുണ്ട്​.


മൂന്ന്​ ഗിയർ, മഴ നനയാതെ ഒരു പടുത, ചായക്കടയിലെ ബഞ്ച്​ പോലെ സീറ്റ്​ ഇതൊക്കെയായിരുന്നു നമ്മുടെ നാട്ടിലെ ജീപ്പ്​. ഉടമകളുടെ തലമുറ മാറിയതോടെ ജീപ്പി​ന്റെ രൂപവും ഭാവവും മാറി. മഹീന്ദ്രയിൽ നിന്ന്​ ജീപ്പ്​ എന്ന പേര്​ അപ്രത്യക്ഷമായി. ജീപ്പിന്‍റെ ജനപ്രീതിയറിഞ്ഞ സാക്ഷാൽ ജീപ്പ്​ ഇന്ത്യയിലെത്തി കച്ചവടവും തുടങ്ങി. എങ്കിലും കാലങ്ങളായി ജീപ്പിന്‍റെ ഷോറൂമെന്നാൽ ഇടത്തരം കോടീശ്വരൻമാർക്ക്​ ഒരുതരത്തിലും കാര്യമില്ലാത്തയിടമായിരുന്നു. ഒന്നുകിൽ കാൽ കോടിക്ക്​ താഴെ വിലയുള്ള കോമ്പസ്​ വാങ്ങി പാവപ്പെട്ട കോടീശ്വരനായി കഴിയണം. അല്ലെങ്കിൽ അരക്കോടിക്ക്​ മേൽ വില കൊടുത്ത്​ പ്രത്യേകിച്ച്​ ഉപകാരമൊന്നുമില്ലാത്ത റാംഗ്ലർ വാങ്ങി പോർച്ചിലിടണം. ഇതിൽ ഏത്​ വാങ്ങണമെന്നറിയാത്ത മുതലാളിമാർ പച്ചക്കപ്പക്കും തേങ്ങാക്കൊത്തിനുമിടയിൽപെട്ട എലി പോലെ കൺഫ്യൂഷനിലാകുന്നത്​ പതിവാണ്​. ഈ പ്രശ്നം ഒഴിവാക്കാൻ പുതി​യൊരു അവതാരത്തെ ഇന്ത്യയിലെത്തിക്കുകയാണ്​ ജീപ്പ്​. അതിന്‍റെ പേരാണ്​ മെറിഡിയൻ.

ഇത്​ ഇന്ത്യയിൽ വരും വരുമെന്ന്​ കേൾക്കാൻ തുടങ്ങിയിട്ട്​ വർഷങ്ങളായി. ഏതായാലും അടുത്തമാസം നിരത്തിലെത്തുമെന്നാണ്​ അവസാനത്തെ അവകാശവാദം. ആഗോള തലത്തിൽ കമാൻഡർ എന്ന പേരിലാണ്​ ഈ ജീപ്പ്​ അറിയപ്പെടുന്നത്​. ഇന്ത്യയിൽ മെറിഡിയൻ എന്ന പേരായിരിക്കും. കൊച്ചിയിലെ ലേ മെറിഡിയനിൽ ഊണുകഴിക്കാൻ പോകുന്നവർക്ക്​ ഈ മെറിഡിയനിൽ പോകാവുന്നതാണ്​. മറിച്ച്​ ജീപ്പ്​ കമാൻഡർ എന്ന പേരിൽ ഇന്ത്യയിൽ ഓടുന്നതിനെക്കുറിച്ച്​ ആലോചിച്ചു നോക്കൂ. കീറിയ പടുതയുമായി ചെളിയിൽ പുതഞ്ഞു പാഞ്ഞുവരുന്ന മഹീന്ദ്ര കമാൻഡർ അല്ല ഈ കമാൻഡർ എന്ന്​ നാട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ഡ്രൈവർക്കൊപ്പം ഒരു ജോലിക്കാരനെക്കൂടി നിയമിക്കേണ്ടിവരും. കോമ്പസിന്‍റെ അതേ പ്ലാറ്റ്​ഫോമിലാണ്​ മെറിഡിയന്‍റെയും ജനനം. ​ടൊയോട്ട ഫോർച്യുണർ, എം.ജി ഗ്ലോസ്റ്റർ, സ്​കോഡ കോഡിയാക്​ എന്നിവരൊക്കെയാണ്​ എതിരാളികൾ. നീളവും വീതിയും നോക്കിയാൽ എതിരാളിക്കൊരു പോരാളിയാണോ മെറിഡിയൻ എന്ന്​ സംശയം തോന്നാം.

പല ആംഗിളിൽ നോക്കിയാൽ പല വണ്ടികളാണ്​​ നല്ലത്​. ശക്തിയും മറ്റും വിലയിരുത്തിയാൽ ഫോർച്യൂണറിനെക്കാളും ഗ്ലോസ്റ്ററിനെക്കളും ചീപ്പാണ്​ ഈ ജീപ്പ്​. കോമ്പസിനെപ്പോലെ 18 ഇഞ്ചിന്‍റെ വീലാണ്​ മെറിഡിയനും​. കോമ്പസിലുള്ള രണ്ട്​ ലിറ്റർ എഞ്ചിനും ഇതിൽ കാണാം. ജീപ്പ്​ ഗ്രാൻഡ് ചെറോക്കിയുമായും വാഹനത്തിന്​ സാദൃശ്യമുണ്ട്​. എൽ ആകൃതിയിലുള്ള ഫുൾ-എൽഇഡി ഹെഡ്‌ലാമ്പും കനംകുറഞ്ഞ ടെയിൽ ലാമ്പുകളും ജീപ്പി​ന്റെ പുതിയ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ കാണുന്ന ഡിസൈനുകളാണ്. വിൻഡോ ലൈനും പുതിയ ജീപ്പ് മോഡലുകൾക്ക് സമാനമാണ്. 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവും ഇതിനുണ്ട്. കോമ്പസിനേക്കാൾ 364 മില്ലീമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവും കൂടുതലാണ്​. 2794 എംഎം വീൽബേസ് ആണ്​ മെറിഡിയന്​. ഇത് കോമ്പസിനേക്കാൾ 158 എംഎം കൂടുതലാണ്​. വില വിപണിയിലിറങ്ങുന്നതിന്​ തൊട്ടുമുമ്പ്​ പ്രഖ്യാപിക്കും.

Tags:    
News Summary - Jeep Meridian to launch in India soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.