കനിമൊഴി എം.പി.യുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിള ഇനി ടാക്സി ഓടിക്കും. ഉലഗനായകൻ കമൽഹാസനാണ് കോയമ്പത്തൂരിൽ താമസിക്കുന്ന ഷർമിളയ്ക്ക് പുതിയ കാർ സമ്മാനമായി നൽകുന്നത്. ചെന്നൈയിലേക്ക് ഷർമിളയെ വിളിച്ചുവരുത്തിയ കമൽഹാസൻ കാർ ബുക്ക് ചെയ്യുന്നതിന് മൂന്നുലക്ഷം രൂപ കൈമാറി.
കോയമ്പത്തൂരിലെ ആദ്യ വനിത ബസ് ഡ്രൈവറാണ് മലയാളിയായ ഷർമിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊർണൂർ സ്വദേശിനി ഹിമയുടെയും മകളാണ്. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ഷർമിള ഓടിച്ചിരുന്ന ബസിൽ യാത്ര ചെയ്യുകയും കണ്ടക്ടർ അന്നത്തായി കനിമൊഴിയോട് ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ഷർമിള അത് തടയുകയും ചെയ്തിരുന്നു. അതിന് ശേഷമുളള തർക്കത്തിൽ ഷർമിള ജോലി അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്തെന്ന് ഷർമിള അറിയിച്ചിരുന്നു.
ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേർ പിന്തുണയുമായെത്തി. കനിമൊഴി നേരിട്ട് ഇടപ്പെടുകയും ഷർമിളയ്ക്ക് മറ്റൊരു ജോലി തരപ്പെടുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് കമൽഹാസൻ ഷർമിളയ്ക്ക് ടാക്‌സി സർവീസ് ആരംഭിക്കാൻ കാർ സമ്മാനിക്കാൻ തീരുമാനിച്ചത്. കമലിന്റെ സന്നദ്ധസംഘടനയായ കമൽ കൾച്ചറൽ സെന്റർ മുഖേനയാണ് മാരുതി എർട്ടിഗ കാർ വാങ്ങിനൽകുന്നത്. ഡ്രൈവറായിത്തുടരാതെ ഒരു സംരംഭകയായി വളരുന്നതിനാണ് കാർ സമ്മാനിക്കുന്നതെന്ന് കമൽ പറഞ്ഞു.
സ്വന്തമായി ഇനി ടാക്സി കാറുടമയാകുന്നതിൻ്റെ സന്തോഷത്തിലാണ് ഷർമിള. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന് ശേഷം കനിമൊഴിയെ കാണാൻ ചെന്നപ്പോൾ തനക്ക് സ്വന്തമായി ഒരു ഓട്ടോ ഓടിക്കാനുളള ആഗ്രഹം അറിയിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കമൽ ഹാസൻ്റെ വിളി വരുന്നതും കാർ വാങ്ങാൻ സഹായിക്കാമെന്ന് വാക്ക് തരുന്നതും.
ആദ്യം മൂന്ന് ലക്ഷം രൂപ വാഹനം ബുക്ക് ചെയ്യാനായി നൽകുകയും അതിന് ശേഷം വാഹനം ഡെലിവറി ചെയ്യുമ്പോൾ ബാക്കി തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.