സൂക്ഷിക്കുക ഇളം ചൂടുതേടി അവർ വന്നേക്കാം; കാറിനടിയിൽ പതിയിരുന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ വൈറൽ -വിഡിയോ

കാറിനടിയിൽ പതിയിരുന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കർണാടകയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം പങ്കുവച്ചത് ഐ.എഫ്.എസ് ഓഫീസറായ സുശാന്ദ് നന്ദയാണ്. വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിനടിയിൽ ഒളിച്ചിരുന്ന 15 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടുന്നതാണ് വീഡിയോയിൽ ഉള്ളത്.

ദൃശ്യങ്ങൾ പഴയത്

വൈറലായ ദൃശ്യങ്ങൾ ഒരു വർഷം മുമ്പ് കർണാടകയിലെ ശിവമോഗ ജില്ലയിലെ അഗുംബെയിൽ ഒരു വീട്ടിൽ നിറുത്തിയിട്ടിരുന്ന കാറിനടിയിൽ നിന്ന് പിടികൂടുന്ന രാജവെമ്പാലയുടെതാണ്. കർണാടകയിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തകാരനായ എസ്.എസ്. ജയകുമാറാണ് പാമ്പിനെ പിടികൂടുന്നതിന് നേതൃത്വം നൽകുന്നത്. അതിവിദഗ്ദമായാണ് ഇദ്ദേഹം ഒരു പോറല്‍ പോലും ഏൽപ്പിക്കാതെ രാജവെമ്പാലയെ സുരക്ഷിതമായി കൂട്ടിലാക്കുന്നത്. പിന്നീട് പാമ്പിനെ വനത്തോട് ചേർന്ന് തുറന്നുവിടുന്നതും വിഡിയോയിൽ കാണാം.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഭക്ഷണ ശൃംഖലയിൽ രാജവെമ്പാലകൾ പ്രധാനമാണന്നും മഴ ആരംഭിക്കുന്നതോടെ പല സ്ഥലങ്ങളിലും ഇവയെ കാണ്ടേക്കാമെന്ന ഓർമ്മപ്പെടുത്തലോടെയാണ് സുശാന്ദ് നന്ദ ഈ വീഡിയോ പങ്കുവെച്ചത്. ഇത്തരത്തിൽ കാണുന്ന പാമ്പകളെ സ്വയം പിടികൂടാൻ ശ്രമിക്കുന്നത് അപകടകരമാണന്നും പരിശീലനം ലഭിച്ച പാമ്പുപിടുത്തക്കാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ആനയെ കൊല്ലും ഈ രാജവെമ്പാല

രാജവെമ്പാല ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ലെങ്കിലും, ഒരു ആനയെ അല്ലെങ്കിൽ 20 മനുഷ്യരെ കൊല്ലാൻ ആവശ്യമായ ന്യൂറോടോക്സിനുകൾ ഇവയുടെ ഒരു ദംശനത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഉരഗവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഏറ്റവും അപകടകാരികളായ ജീവികളാണിവ. ലോകത്താകമാനം 3,900 ത്തോളം സ്പീഷിസ് പാമ്പുകൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.


ഇവയിൽ 300 ഓളം ഇനം പാമ്പുകൾ ഇന്ത്യയിലും നൂറിലധികം ഇനം പാമ്പുകൾ കേരളത്തിലുമുണ്ട്. ഇന്ത്യയില്‍ പാമ്പുകളുടെ ഏറ്റവും വലിയ വാസസ്ഥലമാണ് കർണാടക. ഇവിടുത്തെ പശ്ചിമഘട്ട മലനിരകൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പായ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിന്‍റെയും ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പായ രാജവെമ്പാലയുടെ ആവാസ കേന്ദ്രമാണ്. ഇവിടത്തെ രാജവെമ്പാലകൾ 18 അടിവരെ വലിപ്പമുള്ളവയാണ്. 

Tags:    
News Summary - Watch: Karnataka Snake Catcher Rescues 'Deadly' 15-foot King Cobra Hiding Under Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.