കാറുകൾ ഇനി തീൻമേശകളാവും; കോവിഡ്​ കാലത്തും 'പുറത്തുനിന്ന്'​ ഭക്ഷണം കഴിക്കാൻ അവസരം

തിരുവനന്തപുരം: വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ച്​ കേരള ടൂറിസം ഡെവലപ്​മെൻറ്​ കോർപറേഷൻ. സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് പഴയത് പോലെ വഴിയില്‍നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാനുള്ള സ്ഥിതിയായിട്ടില്ല. ഈ സാഹചര്യത്തിലാണ്​ കെ.ടി.ഡി.സി ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചത്​. ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെ.ടി.ഡി.സിയുടേത്. ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെ.ടി.ഡി.സി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഒരുങ്ങുന്നത്.


ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി. 'ഇൻ-കാര്‍ ഡൈനിംഗ്' എന്ന പേരില്‍ തുടങ്ങുന്ന പദ്ധതി കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരമുള്ളതും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയാറാക്കി നല്‍കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. വാഹനത്തിനകത്ത്​ കഴിക്കാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്​. തിരഞ്ഞെടുക്കപ്പെട്ട കെ.ടി.ഡി.സി ആഹാര്‍ റെസ്​റ്റോറൻറുകളിലാണ് തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.


ടൂറിസം മന്ത്രി പി.എ. മുഹമ്മദ്​ റിയാസും​ കാർ ഡൈനിങി​െൻറ നേരിട്ടുള്ള അനുഭവത്തിനായി എത്തിയിരുന്നു. 'കോവിഡ്​ കാരണം തകർച്ചയിലായ വിനോദസഞ്ചാര മേഖലക്ക്​ ഉണർവ്വേകുന്നതിനാണ്​ പുതിയ പദ്ധതി നടപ്പാക്കുന്നത്​. റെസ്റ്റോറൻറുകളിൽ കയറി ആളുകളുമായി ഇടപഴകുന്നത്​ തടയാനും അങ്ങിനെ സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ കഴിയും'-മന്ത്രി പറഞ്ഞു. കായംകുളം എം.എൽ.എ യു.പ്രതിഭയും മന്ത്രിക്ക്​ ഒപ്പം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.