ആർ.സി ബുക്കിന്‍റെ വലുപ്പം കുറയും; പേഴ്​സിൽ കൊണ്ട്​ നടക്കാവുന്ന പെറ്റ്​ ജി കാർഡിലേക്ക്​ മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റിയതിന്​ പിന്നാലെ വാഹനങ്ങളുടെ ആർ.സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങി എം.വി.ഡി. ലാമിനേറ്റഡ് കാർഡുകൾ മാറ്റി എടിഎം കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആർ.സി ബുക്ക് തയ്യാറാക്കുന്നത്. ഇതിനായുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഒക്ടോബർ നാല് മുതൽ കാർഡുകളുടെ വിതരണം ആരംഭിക്കും.

പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ അനാവശ്യമായ ഇടപ്പെടലുകൾ ഇല്ലാതാകുമെന്നതാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തിയിരുന്നത്. പുതിയ കാർഡ്​ വരുന്നതോടെ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ ജോലിഭാരം കുറയും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് മാറ്റാനാകും എന്ന ഗുണവുമുണ്ട്.

പുതിയ ആർ.സി ബുക്കിനായി അപേക്ഷിക്കുന്നതിന്​ 200 രൂപയും തപാൽ ഫീസും നൽകണം. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ എല്ലാ വിധ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആര്‍സിയിലുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഡ്രൈവിങ്​ ലൈസന്‍സ് പുതിയ പി.വി.സി പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാനും നിലവിൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്​. 245 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈന്‍ ഫീസ് 200 രൂപയും തപാല്‍ ഫീസായി 45 രൂപയും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ പെറ്റ്ജി കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും.


ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഫോട്ടോ സിഗ്നേച്ചര്‍ തുടങ്ങിയവ മാറ്റല്‍, ജനന തീയതി മാറ്റല്‍, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ എന്നിവ ചെയ്യാനായുള്ളവര്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാന്‍ തിരക്കിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് (MVD) അധികൃതര്‍ നിര്‍ദേശിക്കുന്നത്. പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലും ഉള്ള ലൈസന്‍സുകള്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ അതത് ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെട്ട് പുതിയ കാര്‍ഡിനായി അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    
News Summary - Kerala motor vehicles department starts issuing RC book as smart cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.