ഇന്ധന വിലയിൽ നമ്പർ 1 ആകാൻ കേരളം; രാജ്യത്തെ മെട്രോ നഗരങ്ങളെ പിന്നിലാക്കി തിരുവനന്തപുരം

നമ്പർ വൺ കേരളം എന്ന വിശേഷണം അന്വർഥമാക്കി ഇന്ധനവിലയിൽ മുന്നിലെത്തി നമ്മുടെ സംസ്ഥാനവും. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടുരൂപ കൂടുമ്പോള്‍ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. 2 രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും.

പെട്രോൾ ലിറ്ററിന് ഏകദേശം 110 രൂപയും ഡീസലിന് 99 രൂപയുമായി തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ മുന്നിൽ. പുതിയ വർധനവ് നടപ്പിലാകുന്നതോടെ കേരളം ഇരു സംസ്ഥാനങ്ങൾക്കുമൊപ്പമെത്തും. മെട്രോ നഗരമായ മുംബൈയിൽ പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ 1.69 രൂപ കുറവാണ് (106.31). ഡീസലിന് 2.52 രൂപ (94.27) കുറവ്. മഹാരാഷ്ട്ര സർക്കാർ ആറ് മാസം മുൻപ് പെട്രോളിന്റെ സെസ് 5 രൂപയും ഡീസലിന്റേത് 3 രൂപയും കുറച്ചിരുന്നു.

ചെന്നൈയിൽ ഇന്നത്തെ പെട്രോൾ വില തിരുവനന്തപുരത്തെക്കാൾ 5.37 രൂപ കുറവാണ് (102.63). ഡീസലിന് 2.55 രൂപയാണ് കുറവ് (94.24). ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ വിലയിൽ 3 രൂപ കുറച്ചു.

കൊൽക്കത്തയിൽ തിരുവനന്തപുരത്തേക്കാൾ 1.70 രൂപ കുറവാണ് പെട്രോൾ വില (106.03). ഡീസലിന് 4.03 രൂപയാണ് കുറവ് (92.76). മറ്റൊരു പ്രമുഖ നഗരമായ ബെംഗളൂരുവിൽ പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ ഏകദേശം 7 രൂപ കുറവാണ് (ഇന്നത്തെ വില -101.4). ഡീസൽ വിലയിലെ കുറവ് 8.96 രൂപ (87.89). കഴിഞ്ഞ നവംബറിൽ കർണാടക വിൽപന നികുതി കുറച്ചതോടെ വാറ്റ് വിഹിതം 35 ശതമാനത്തിൽ നിന്ന് 25.9% ആയി കുറച്ചിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത എണ്ണവില കുതിച്ചപ്പോൾ രാജ്യത്തെ ഇന്ധനവില പിടിച്ചു നിർത്താൻ 2022 മേയിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു. തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക തുടങ്ങിയ പല സംസ്ഥാനങ്ങളും നികുതിയിൽ വൻ കുറവു വരുത്തി. ഇന്ധനവില ഏറ്റവും ഉയർന്നു നിന്നിരുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതോടെ വില കുറഞ്ഞു.

കേരളവും തെലങ്കാനയും അപ്പോഴും നികുതി കുറച്ചില്ല. കഴിഞ്ഞ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന ന്യായീകരണമാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്സൈസ് നികുതിയിനത്തിൽ കേന്ദ്രസർക്കാർ കുറച്ചത്. ഇതിന് ആനുപാതികമായ കുറവു മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്ത് ഏകദേശം 51 ലക്ഷം ലിറ്റർ പെട്രോളും 63 ലക്ഷം ലീറ്റർ ഡീസലുമാണ് ഒരു ദിവസം വിൽക്കുന്നത്. പെട്രോളിന് 32.03 ശതമാനമാണ് കേരളം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 23.84 ശതമാനമാണ് സംസ്ഥാന നികുതി. ഇതിനുപുറമെ നിലവിൽ കിഫ്ബിക്കായി ഒരു രൂപ സെസ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് രണ്ട് രൂപ കൂടി ഈടാക്കാനുള്ള തീരുമാനം. ഏപ്രിൽ മുതൽ 2 രൂപ സെസ് എങ്ങനെ ഈടാക്കണമെന്ന് ഇന്ധന കമ്പനികൾക്ക് സർക്കാർ നിർദേശം നൽകും. നിലവിൽ ഇന്ധന കമ്പനികൾക്ക് ഇതു സംബന്ധിച്ചു വ്യക്തതയില്ല. 4500 കോടിയോളം രൂപയാണു പ്രതിമാസം ഇന്ധന നികുതിയിനത്തിൽ നിലവിൽ ഖജനാവിലെത്തുന്നത്.

Tags:    
News Summary - Kerala to become No. 1 in fuel prices; Thiruvananthapuram lags behind the metro cities of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.