തിരുവനന്തപുരം: മുപ്പത്തിയഞ്ചിലധികം യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവർക്ക് ബോധക്ഷയം. കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ പോയ ബസ് ഒടുവിൽ ബ്രേക്ക് ചവിട്ടി നിർത്തിയത് കണ്ടക്ടർ. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ ആനപ്പാറ ഇറക്കത്തിലായിരുന്നു സംഭവം.
വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ രാജേഷിനാണ് ബോധക്ഷയമുണ്ടായത്. കണ്ടക്ടർ വെള്ളറട പദ്മവിലാസത്തിൽ വി.ജി.വിഷ്ണു(40)വാണ് സധൈര്യം അപകടം ഒഴിവാക്കിയത്.
വെള്ളറട ഡിപ്പോയിൽനിന്ന് നെയ്യാറ്റിൻകര-അമ്പൂരി-മായം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആനപ്പാറ ആശുപത്രിക്കു മുന്നിൽ യാത്രികർക്ക് ഇറങ്ങാനായി കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ഡ്രൈവർ ബസ് നിർത്താതെ പോയി. ബെല്ലടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്നാണ് ആദ്യം കരുതിയത്. കണ്ടക്ടര്‍ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും ബസ് നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു. ഡ്രൈവർ രാജേഷിന് ബോധക്ഷയം വന്നതോടെ ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നു.
ആനപ്പാറ കവലയിൽനിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂർ റോഡിലേക്ക് കയറുകയും റോഡ് വശത്ത് ഉണ്ടായിരുന്ന കാറിലും ബൈക്കിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ യാത്രക്കാർ ഭയന്ന് നിലവിളിച്ചു . ഉടൻ തന്നെ കണ്ടക്ടർ വിഷ്ണു ഓടിയെത്തി നോക്കിയെപ്പോഴേക്കും ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. ഉടൻ വിഷ്ണു വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തം ആണ് ഒഴിവായത്. ഡ്രൈവർ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഭയന്നു നിലവിളിച്ച യാത്രക്കാരെ സമാധാനിപ്പിച്ച് കണ്ടക്ടർ നടത്തിയ അവസരോചിത പ്രവൃത്തിയാണ് ദുരന്തമൊഴിവാക്കിയതെന്നും അല്ലെങ്കിൽ സമീപത്തെ താഴ്ന്ന പുരയിടത്തിലേക്ക് ബസ് മറിയുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാറിന് കേടുപാടുകളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.