പരിസ്ഥിതി ദിനത്തിൽ കെ.എസ്.ആര്‍.ടി.സിയിലേക്ക് കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തി. കെ.എസ്.ആര്‍.ടി.സി. സിറ്റി സര്‍ക്കുലര്‍ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകളാണ് എത്തിത്തുടങ്ങിയത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ബസുകളില്‍ നാലെണ്ണമാണ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. ഐഷര്‍ കമ്പനിയുടെ അറുപതും പി.എം.ഐ. ഫോട്ടോണിന്റെ 53 ബസുകളുമാണ് സ്ഥാപനം വാങ്ങുന്നത്. ഇവയെല്ലാം നഗര ഉപയോഗത്തിനുള്ള ഒന്‍പത് മീറ്റര്‍ ബസുകളാണ്.
നിലവിൽ നഗരത്തിൽ 50 ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ജൂലായ് അവസാനത്തോടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെട്ട 113 ബസുകളും സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും. ഡീസല്‍ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിതനഗരമായി തലസ്ഥാനത്തെ മാറ്റാനാണ് കെ.എസ്.ആര്‍.ടി.സിക്ക് നീക്കം നടത്തുന്നത്. നഗരത്തിലെ ഗതാഗതസംവിധാനം പഠിച്ചശേഷം തയ്യാറാക്കിയ സിറ്റി സര്‍ക്കുലര്‍ റൂട്ടുകളിലേക്കാണ് പുതിയ ബസുകള്‍ വിന്യസിക്കുക.
ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഡീസൽ ബസുകളെല്ലാം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. കൂടാതെ 455 കോടിക്ക് 225 ഇലക്ട്രിക് ബസുകൾ കൂടെ വാങ്ങാനുളള പദ്ധതിയും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായത്തിൽ നിന്ന് വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഇലക്ട്രിക്കിലേക്ക് മാറുമ്പോൾ ടിക്കറ്റ് നിരക്കിലും കാര്യമായ മാറ്റം ഉണ്ടാകും. പത്ത് രൂപയിൽ നിന്ന് അഞ്ച് രൂപയായി നിരക്ക് കുറയ്ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ 46,000 യാത്രക്കാരാണുളളത്. അത് ദിവസം ഒരു ലക്ഷമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ടിക്കറ്റ് നിരക്ക് കുറച്ചതോടെയാണ് യാത്രക്കാര്‍ കൂടിയത്. വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ചുളള തീരുമാനം എടുക്കുകയെന്നും മന്ത്രി പറയുന്നു.
ചിലവ് ചുരുക്കാൻ കെ.എസ്.ആര്‍.ടി.സി സി.എൻ.ജിയിലേക്കും മാറുന്നുണ്ട്. ഒരു കെ.എസ്.ആര്‍.ടി.സി ബസ് സി.എൻ.ജിയിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.