ടൂ വീലര്‍ ലൈസന്‍സ് നേടിയതിനുപിന്നാലെ സൂപ്പർ ബൈക്ക് ഗരാജിലെത്തിച്ച് ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. ബി.എം.ഡബ്ല്യു R 1250 GS ആണ് മഞ്ജു സവാരിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രീമിയം അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്.
തമിഴ് സൂപ്പര്‍താരം അജിത് ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ റോഡ് ട്രിപ്പിൽ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനു ശേഷമാണ് സ്വന്തമായി ബൈക്ക് വാങ്ങാൻ മഞ്ജുവും തീരുമാനിക്കുന്നത്. ആദ്യ പടിയായി ടൂവീലർ ലൈസൻസ് എടുക്കുകയും ചെയ്‌തു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം താരം പറഞ്ഞിരുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരമാണ് മഞ്ജു നടത്തിയിരിക്കുന്നത്.
പുത്തൻ ബൈക്കിന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. Sനല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത് കുമാർ സർ’എന്ന അടിക്കുറുപ്പോടെയാണ് ഡെലിവറി വിഡിയോ നടി സ്വന്തമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് സൂപ്പർസ്റ്റാർ അജിത് പദ്ധതിയിട്ടിട്ടുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇരുവരും അടുത്തിടെ പുറത്തിറങ്ങിയ തുനിവ് എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. പുതിയ ബി.എം.ഡബ്ല്യു ബൈക്കിന് പുറമെ താരത്തിന്റെ ഗരാജിൽ മറ്റ് ആഡംബര കാറുകളുമുണ്ട്. മിനി കൂപ്പർ SE ഇലക്ട്രിക്, റേഞ്ച് റോവർ എന്നിവയാണ് മഞ്ജു പ്രധാനമായും യാത്രകൾക്ക് ഉപയോഗിക്കുന്നത്.
ബി.എം.ഡബ്ല്യു R 1250 GS
ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂനിറ്റുകളായാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. എക്സ് ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽ.ഇ.ഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഈ ഹെഡ്‌ലാമ്പുകൾക്ക് ക്രൂസിങ് ലൈറ്റുകളും ഫംഗ്‌ഷൻ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കും.
1254 സിസി ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. 136 bhp കരുത്തും 143 Nm ടോർക്കും വാഹനം ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്‌സാണ്. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നീ സവിശേഷതകളെല്ലാം ബൈക്കിൽ കമ്പനി സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.
ഹീറ്റഡ് ഗ്രിപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ സോക്കറ്റുകൾ, 12 വോൾട്ട് ഓൺ ബോർഡ് സോക്കറ്റ്, 5 വോൾട്ട് പവർ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് കളർ ടിഎഫ്ടി സ്‌ക്രീൻ എന്നീ ബൈക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.