ടൊയോട്ടയെന്നാൽ കൂറ്റൻ എസ്.യു.വികളും എം.പി.വികളും ട്രക്കുകളും നിർമിക്കുന്ന വാഹന കമ്പനിയെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ റോഡുകളെ ത്രസിപ്പിക്കാൻ പോന്ന സൂപ്പർ കാറുകളും ടൊയോട്ട നിർമിക്കുന്നുണ്ട്. പക്ഷെ ഇവ നിരത്തിലെത്തുന്നത് ലക്സസ് എന്ന േപരിലാണെന്നുമാത്രം. ടൊയോട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡാണ് ലക്സസ്. ബെൻസിനോടും ബി.എം.ഡബ്ലുവിനോടും ഓഡിയോടും കിടപിടിക്കുന്ന ആഢംബര വാഹനങ്ങൾ ടൊയോട്ട നിർമിക്കുന്നത് ലക്സസ് എന്ന പേരിലാണ്.
ലെക്സസിന്റെ സാധാരണ ജനുസിൽ നിന്ന് വേറിട്ടുനിൽക്കുന്ന വാഹനമാണ് എൽസി 500 എച്ച് കൂപ്പെ. ഇതൊരു സൂപ്പർ കാറാണ്. സൂപ്പർ കാറുകൾ എന്നുപറഞ്ഞാൽ പോർഷെ, ഫെറാരി, ലംബോർഗിനി, ആസ്റ്റൻ മാർട്ടിൻ തുടങ്ങിയവയോട് കിടപിടിക്കുന്ന വാഹനമെന്നാണർഥം. എൽസി 500 എച്ച് കൂപ്പെ ലിമിറ്റഡ് എഡിഷനാണ് ഇപ്പോൾ ടൊേയാട്ട ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ വില 2.16 കോടി രൂപ. കഴിഞ്ഞ വർഷം ജനുവരിയിലാണ് വാഹനം ആഗോളവിപണിക്കായി അവതരിപ്പിച്ചത്. അതിനുശേഷം ചില്ലറ പരിഷ്കരത്തിന് വിധേയമായ മോഡലാണ് ഇപ്പോൾ രാജ്യത്തെത്തുന്നത്. എയർ-റേസിങ് എയറോഡൈനാമിക് സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാർബൺ ഫൈബറിൽ പുതുതായി വികസിപ്പിച്ച റിയർ വിംഗ് വാഹനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
പുതിയ എൽസി 500 എച്ചിന് പുറത്തും ചില്ലറ മാറ്റങ്ങളുണ്ട്. ഗ്രിൽ, റിയർ വിങ്, വീലുകൾ എന്നിവക്ക് കറുത്ത നിറം നൽകിയിട്ടുണ്ട്. വൈറ്റ് നോവ ഗ്ലാസ് ഫ്ലേക്ക്, സോണിക് സിൽവർ, ബ്ലാക്ക് എന്നീ മൂന്ന് ബോഡി കളർ ഓപ്ഷനുകളിൽ എൽസി 500 എച്ച് ലിമിറ്റഡ് പതിപ്പ് ലഭ്യമാണ്. ഉള്ളിൽ കറുത്ത അൽകന്‍റാര ഉപയോഗിച്ച് ഫിനിഷ്ചെയ്ത സ്പോർട്ട് സീറ്റുകൾ ലഭിക്കുന്നു. സ്റ്റിയറിങ് വീൽ, ഷിഫ്റ്റ് ലിവർ, ഡോർ ട്രിംസ് എന്നിവയും ബ്ലാക്ക് അൽകന്‍റാരയിൽ പൊതിഞ്ഞിട്ടുണ്ട്.
എക്‌സ്‌ക്ലൂസീവ് കാർബൺ ഫൈബർ സ്‌കഫ് പ്ലേറ്റും നൽകിയിട്ടുണ്ട്. 3.5 ലിറ്റർ വി 6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 295 ബിഎച്ച്പി കരുത്ത് പുറത്തെടുക്കാൻ എഞ്ചിൻ പ്രാപ്തമാണ്. 177 ബിഎച്ച്പി വികസിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ചാർജ് ചെയ്യുന്നതിനായി ലിഥിയം അയൺ ബാറ്ററിയുണ്ട്. വാഹനത്തിന് വെറും അഞ്ച് സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത ആർജിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.