സിനിമകൾ വിജയിക്കുമ്പോൾ പ്രധാന അണിയറപ്രവർത്തകർക്ക് സമ്മാനം നൽകുന്നത് അടുത്തകാലത്തായി വ്യാപകമായിക്കൊണ്ടിരിക്കുന്ന സിനിമാ ട്രെൻഡുകളിലൊന്നാണ്. മലയാള സിനിമയിൽ അത്ര പതിവില്ലാത്ത ഈ രീതി പിൻതുടരുകയാണ് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. നവംബർ മൂന്നിന് റിലീസായ സുരേഷ് ഗോപി ചിത്രം ഗരുഡന്‍റെ സംവിധായകനാണ് ഇപ്പോൾ നിർമാതാവ് എസ്.യു.വി സമ്മാനിച്ചിരിക്കുന്നത്.
മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ തീയറ്ററിൽ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ചിത്രത്തിൽ ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. സിനിമയുടെ സംവിധായകന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് മോഡലാണ് നിർമാതാവ് സമ്മാനമായി നൽകിയിരിക്കുന്നത്.
കാറിന്റെ താക്കോൽ സമ്മാനിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്യൂറ്റർ ഒലിവ് കളർ ഓപ്ഷനിലുള്ള സെൽറ്റോസ് എസ്.യു.വിക്ക് 20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി വാഹനത്തിന് കൊച്ചിയിൽ ഏകദേശം 22 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.
പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നിങ്ങനെ വ്യത്യസ്‌ത ഓപ്ഷനുകളിൽ എത്തുന്ന സെൽറ്റോസിന്റെ ഏത് എഞ്ചിൻ മോഡലാണ് സമ്മാനം നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല. 2019-ൽ അരങ്ങേറ്റം കുറിച്ച സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ജൂലൈയിലാണ് വിപണിയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.