പുതിയ ആംബുലന്‍സ് വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര. ബൊലേറൊ നിയോ പ്ലസ് എന്ന മോഡലിന്റെ ആംബുലന്‍സ് പതിപ്പാണ് വിപണിയില്‍ എത്തിച്ചത്. 13.99 ലക്ഷമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബൊലേറൊ നിയോ ആംബുലന്‍സിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് നിയോ പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ബൊലേറൊ നിയോ പ്ലസിന്റെ പാസഞ്ചര്‍ മോഡല്‍ വരും മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ സിറ്റികളിലും, ഇടത്തരം നഗരങ്ങളിലും രോഗികളുമായുള്ള ഗതാഗതം എളുപ്പമാക്കുന്നതിനാണ് താരത്യേന വലിപ്പം കുറഞ്ഞ ഈ വാഹനത്തില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് ആംബുലന്‍സ് ഒരുക്കിയിട്ടുള്ളത്. മഹീന്ദ്രയുടെ ജെന്‍-3 ഷാസിയില്‍ നിയോ പ്ലാറ്റ്‌ഫോമിലാണ് ബൊലേറൊ നിയോ പ്ലസ് ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ടൈപ്പ് ബി ആംബുലന്‍സ് സെഗ്മെന്റില്‍ എ.ഐ.എസ്: 125 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബൊലേറൊ നിയോ പ്ലസ് നിർമിച്ചിരിക്കുന്നത്. ഒരാള്‍ക്ക് തന്നെ ക്രമീകരിക്കാന്‍ സാധിക്കുന്ന സ്‌ട്രെച്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, എയര്‍ കണ്ടീഷന്‍ ക്യാബിന്‍, വാഷ് ബേസിന്‍, മൈക്ക് സൈറണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. 4400 എം.എം. നീളത്തിനൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്.
2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 120 എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. റിയര്‍വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പ് ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായാണ് ഈ വാഹനത്തെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.
അതേസമയം, ബൊലേറൊ നിയോയുടെ റെഗുലര്‍ മോഡലില്‍ 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 100 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്ടെന്ന് വേഗം കൂട്ടുന്നതിന് വേരിയബിള്‍ ജ്യോമട്രി ടര്‍ബോയായിരുന്നു നിയോയില്‍ നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.