മഹീന്ദ്രയുടെ എസ്.യു.വിയായ ഥാറിൽ നടത്തിയ വേറിട്ട പരീക്ഷണം വൈറലാകുന്നു. കറുത്ത ഥാറിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറെ ഡിമാൻഡുള്ള വാഹനമാണ് മഹീന്ദ്ര ഥാർ. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് ഒരുവർഷത്തോളമാണ്. നിലവിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ 4 × 4 എസ്‌യുവിയും ഥാർ ആണ്. ഥാറിൽ മാറ്റങ്ങൾ വരുത്തുന്നത് എക്കാലത്തും വാഹനപ്രേമികളുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ്. ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഡിഫേിക്കേഷന് വിധേയമാകുന്ന വാഹനവും ഥാർ ആയിരിക്കും. നിലവിൽ വൈറലായിരിക്കുന്നത് കറുത്ത നിറമുള്ള ഥാറിൽ നടത്തിയ പരിഷ്കരണങ്ങളാണ്. അധികം പൊലിപ്പിക്കാതെ മിനിമലിസ്റ്റിക്കായാണ് ഇവിടെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഉനു റാവു എന്ന യുവാവാണ് വീഡിയോ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഈ ഥാറിലെ പ്രധാന ആകർഷണം ടയറുകളാണ്. 35 ഇഞ്ച് മഡ്-ടെറൈൻ ടയറുകളാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. 18 ഇഞ്ച് അലോയ്കളിലാണ് ടയർ പിടിപ്പിച്ചിരിക്കുന്നത്. പിന്നിൽ സ്റ്റെപ്പിനിയായും വലിയ ടയർ തന്നെ പിടിപ്പിച്ചിട്ടുണ്ട്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പീക്കറുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂസ് കൺട്രോൾ, ഫ്രണ്ട് ഫേസിംഗ് റിയർ സീറ്റുകൾ തുടങ്ങി എല്ലാ സവിശേഷതകളുമായാണ് എസ്‌യുവി വരുന്നത്.
വലിയ ടയറുകൾ കാരണം ഗ്രൗണ്ട് ക്ലിയറൻസ് വർധിച്ചിട്ടുണ്ട്. ലുധിയാനയിലെ വെലോസിറ്റി ടയേഴ്സിൽ നിന്നാണ് ടയറുകൾ വാങ്ങിയതെന്നും 5 ടയറുകളും അലോയ് വീലുകളും (സ്പെയർ വീൽ ഉൾപ്പെടെ) ചേർത്ത് 1.80 ലക്ഷം രൂപ ചിലവാക്കിയെന്നും ഉനു റാവു പറയുന്നു. മറ്റൊരു പരിഷ്‌ക്കരണം ഫ്രണ്ട് ഗ്രില്ലും ഓഫ്-റോഡ് ബമ്പറും ഉൾപ്പെടുത്തിയതാണ്. പുതിയ ഗ്രിൽ എസ്‌യുവിക്ക് ആക്രമണാത്മകവും പരുക്കനുമായ രൂപം നൽകുന്നു. ഓഫ്-റോഡിങ് സമയത്ത് റേഡിയേറ്ററിനെയും മറ്റ് ഘടകങ്ങളെയും സംരക്ഷിക്കുന്നതിന് ഒരു മെറ്റൽ ബാഷ് പ്ലേറ്റും സ്ഥാപിച്ചിട്ടുണ്ട്.
70,000 രൂപ വിലമതിക്കുന്ന ആക്സസറീസ് പാക്കേജ് മഹീന്ദ്രയിൽ നിന്ന് വാങ്ങിയതായും റാവു പറഞ്ഞു. അതിൽ നിരവധി ക്രോം ഗാർണിഷുകൾ, ഫെൻഡർ ക്ലാഡിങ്സ്, സൈഡ് ബോഡി ക്ലാഡിങ്, സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഫ്രണ്ട് ഗ്രില്ലും ബമ്പറും ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചെലവ് യഥാക്രമം 23,000 രൂപയും 9,000 രൂപയുമാണ്.സോഫ്റ്റ് ടോപ്പ്, കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ്, ഹാർഡ് ടോപ്പ് പതിപ്പുകൾക്കൊപ്പം മഹീന്ദ്ര താർ ലഭ്യമാണ്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ സുരക്ഷാ റേറ്റിങും ഥാർ നേടിയിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാണിത്. മഹീന്ദ്ര താറിന് നിലവിൽ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ പതിപ്പിന് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് യൂനിറ്റും ഡീസൽ പതിപ്പിന് 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് എഞ്ചിനുമുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.