മഹീന്ദ്രയുടെ എക്കാലത്തേയും മികച്ച വാഹനമായ എക്സ്.യു.വി 500നെ ഒഴിവാക്കിയാണ് എക്സ്.യു.വി 700 എന്ന വാഹനം നിരത്തിലെത്തിക്കുന്നത്. ആഗസ്റ്റ് 14ന് വാഹനം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിർമാണം പൂർത്തിയായ എക്സ്.യു.വി 700െൻറ നിരവധി സവിശേഷതകൾ മഹീന്ദ്ര ഇതിനകം പങ്കുവച്ചിട്ടുണ്ട്. അതിൽ പലതും എസ്.യു.വി വിഭാഗത്തിലെ സെഗ്മെൻറ് ഫസ്റ്റ് ഫീച്ചറുകളുമാണ്. എക്സ്.യു.വി 700െൻറ അഞ്ച് പുതുപുത്തൻ ഫീച്ചറുകൾ പരിശോധിക്കാം.
അലക്സ വോയ്‌സ് എ.െഎ
അലക്സ വോയ്‌സ് എ.െഎ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും എക്സ്.യു.വി 700. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഒരാൾക്ക് വാഹനത്തിെൻറ നിരവധി സവിശേഷതകൾ പ്രവർത്തിപ്പിക്കാനാവും. ആമസോൺ എക്കോ ഉപകരണങ്ങളുമായി വാഹനത്തിൽ നിന്ന് ആശയവിനിമയം നടത്താനും കഴിയും. വീട്ടിലായിരിക്കുമ്പോൾ, ഈ ഉപകരണങ്ങൾ വഴി വാഹനത്തിലെ ചില പ്രവർത്തനങ്ങളും നിയന്ത്രിക്കാം.
സോണി ത്രീ ഡി സറൗണ്ട്
എക്സ്.യു.വിയിലെ ഓഡിയോ സിസ്റ്റം ലോകോത്തരമാണെന്നാണ് മഹീന്ദ്ര പറയുന്നത്. സോണി ത്രീഡി സൗണ്ട് സിസ്റ്റമാകും എക്സ്.യു.വിയുടെ ഉയർന്ന വകഭേദങ്ങളിൽ വരിക. റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ആംപ്ലിഫയർ, സബ് വൂഫർ എന്നിവ ഉൾപ്പെടുന്ന 445 വാട്ട് ഒാഡിയോ സിസ്റ്റമാണ് സോണി എക്സ്.യു.വിക്കായി നൽകുന്നത്. ഇന്ത്യയിൽ പ്രീമിയം ത്രീഡി സറൗണ്ട് സൗണ്ട് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യത്തെ കാറായിരിക്കും എക്സ്.യു.വി.
ഒാഡിയോ സിസ്റ്റത്തിൽ 12 കസ്റ്റം ബിൽറ്റ് സ്പീക്കറുകൾ ഉൾപ്പെടും. വാതിലുകൾ, ഡാഷ്‌ബോർഡ്, ബൂട്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്പീക്കറുകൾ ഉണ്ടാകും. കംപ്രസ് ചെയ്ത ഓഡിയോ ഫയലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ ഒാഡിയോ സിസ്റ്റത്തിനാകും. റേഡിയോ മുതൽ യുഎസ്ബി, ഓൺലൈൻ സ്ട്രീമിങ് വരെയുള്ള ഇൻപുട്ടുകൾക്കെല്ലാം ത്രീ ഡി ഓഡിയോ സാങ്കേതികവിദ്യ അനുയോജ്യമാണ്. സിസ്റ്റത്തിലെ മറ്റൊരു സവിശേഷത, വാഹനത്തിെൻറ വേഗതക്കനുസരിച്ച് ശബ്ദം ക്രമീകരിക്കാനാവും എന്നതാണ്. ബാഹ്യ ശബ്ദങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.
ക്ലിയർവ്യൂ ഹെഡ്ലൈറ്റ്, ടെയിൽ ലൈറ്റ്
എക്സ്.യു.വി 700ൽ ക്ലിയർ-വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ് സംവിധാനം ആണ് ഉണ്ടാവുക. ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ എന്നാണ് ഇവയെ മഹീന്ദ്ര വിളിക്കുന്നത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ പുറത്തെ പ്രകാശത്തിനനുസരിച്ച് ലൈറ്റ് ബീമുകളെ ക്രമീകരിക്കാൻ സാധിക്കുന്നതാണ്.
സ്മാർട്ട് ഫിൽറ്റർ ടെക്നോളജി
ശുദ്ധമായ ക്യാബിൻ എയർ ഉറപ്പാക്കുന്ന സ്മാർട്ട് ഫിൽറ്റർ ടെക്നോളജി എക്സ്.യു.വിയുടെ പ്രത്യേകതയാണ്. ഡ്രൈവർ മോണിറ്ററിങ് സിസ്റ്റം, സ്മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളും എസ്‌യുവിക്കുണ്ട്. മഹീന്ദ്ര എസ്‌യുവി ശ്രേണിക്കായി അവതരിപ്പിച്ച പുതിയ ലോഗോയാവും വാഹനത്തിൽ ഉപയോഗിക്കുക. ഇൻഫോടെയിൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഡ്യൂവൽ സ്ക്രീൻ ഒാപ്ഷനും നൽകിയിട്ടുണ്ട്.
ശക്തിയേറിയ എഞ്ചിൻ
മഹീന്ദ്ര എക്സ്.യു.വി 700 അതിെൻറ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്.യു.വി ആയിരിക്കാം. രണ്ട് ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 200 hp ഉത്പാദിപ്പിക്കുന്നു. 185 എച്ച്പി ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോ ഡീസൽ മോട്ടോറും ലഭിക്കും. പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും എക്സ്.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റ് ലേഒൗട്ടിലും ബെഞ്ച് സീറ്റുള്ള 7 സീറ്റ് ലേഒൗട്ടിലും വാഹനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.