വാഹനത്തില്‍ ഇന്ധനം മാറി നിറക്കുക എന്നത് നമ്മിൽ പലർക്കും പറ്റിയിട്ടുള്ള അബദ്ധമാണ്. പ്രത്യേകിച്ചും ഒരേ മോഡലിൽതെന്ന ഡീസലും പെട്രോളും എല്ലാം ഇറങ്ങുന്ന കാലത്ത് ഇത് സാധാരണവുമാണ്. കഴിഞ്ഞ ദിവസവും അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹീന്ദ്രയുടെ എക്സ്.യു.വി 700 ഉടമക്കാണ് ഇത്തവണ അബദ്ധം പിണഞ്ഞത്. തന്റെ അനുഭവം യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചിട്ടുമുണ്ട്.
രജ്ഞൻ മിശ്ര ആർ.എൻ എന്നയാളാണ് ഫേസ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവച്ചത്. റോഡില്‍ പെട്ട് പോകുമായിരുന്ന തന്നെയും കുടുംബത്തെയും മഹീന്ദ്രയുടെ റോഡ്‌സൈഡ് അസിസ്റ്റന്‍സ് എങ്ങനെ സഹായിച്ചുവെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. 2023 ജനുവരി 17നാണ് സംഭവം. ബാലസോറില്‍ നിന്നാണ് രഞ്ജനും കുടുംബവും യാത്ര തുടങ്ങിയത്. ഏഴ് മുതിര്‍ന്നവരും കുട്ടിയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
രാത്രി 9:35 ഓടെ കാര്‍ ഭദ്രകിലെ പമ്പില്‍ ഇന്ധനം നിറക്കാനായി കയറി. എത്തിച്ചേരേണ്ട സ്ഥലത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയായിരുന്നു അവര്‍ അപ്പോള്‍ ഉണ്ടായിരുന്നത്. ഇവിടെ വെച്ചാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അബദ്ധത്തില്‍ എസ്.യു.വിയില്‍ പെട്രോളിന് പകരം ഡീസല്‍ നിറച്ചത്. ഭാഗ്യമെന്ന് പറയട്ടേ കാര്‍ ഉടമയുടെ ശ്രദ്ധയില്‍ ഇത് പെട്ടതിനാല്‍ അദ്ദേഹം വണ്ടി സ്റ്റാര്‍ട്ട് ചെയ്തില്ല.
അവിടെ വെച്ച് തന്നെ അദ്ദേഹം സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടു. സര്‍വീസ് സെന്റര്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം അദ്ദേഹം റോഡ്സൈഡ് അസിസ്റ്റന്‍സിനായി ഓണ്‍ലൈനായി അഭ്യർഥന നടത്തി. പരാതി ഉന്നയിച്ചതിന് പിന്നാലെ ഒന്നര മണിക്കൂറിനുള്ളില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് ടീം സഹായത്തിനെത്തി. റോഡരികില്‍ കുടുങ്ങിയ ഉപഭോക്താവിനെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തതായും മഹീന്ദ്ര ടീമിന്റെ പ്രതികരണത്തില്‍ സന്തുഷ്ടനാണ് താനെന്നും രജ്ഞൻ കുറിക്കുന്നു.
ഇന്ധനം മാറിയാൽ പരിഭ്രമിക്കേണ്ട
പലര്‍ക്കും സംഭവിച്ചിരിക്കാവുന്ന ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ് വാഹനത്തിൽ ഇന്ധനം മാറി നിറക്കുക എന്നത്. അബദ്ധം പറ്റി എന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ ചെയ്യേണ്ട കാര്യം ഇഗ്‌നിഷന്‍ ഓഫ് ചെയ്യുകയാണ്. ശേഷം സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക. ഇവിടെ എക്സ്.യു.വി 700 ഉപഭോക്താവിന് ലഭിച്ച പോലെ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭിച്ചേക്കും. ഇന്ധനം മാറിയതായി മനസിലായാൽ വാഹനം സ്റ്റാർട്ട് ചെയ്യരുത് എന്നുമാത്രമല്ല ഇഗ്നിഷൻപോലും ഓൺചെയ്യരുത്
പെട്രോളിനേക്കാൾ കട്ടി കൂടിയ ഇന്ധനമാണ് ഡീസൽ. അതുകൊണ്ട് പെട്രോൾ കാറിലാണ് ഡീസൽ നിറയ്ക്കുന്നതെങ്കിൽ അത് വളരെ വേഗം തന്നെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. വാഹനത്തിന്റെ ഇന്ധന ഫിൽറ്ററിൽ തടസ്സം സൃഷ്ടിക്കപ്പെടുന്നതോടെ കാർ അപസ്മാരം വന്നപോലെ പെരുമാറും. തുടർന്ന് പെട്രോളും ഡീസലുമായി കലർന്ന് വാഹനത്തിൽനിന്ന് വെള്ള പുകയും പുറന്തള്ളപ്പെടും.
ഡീസൽ കാറിലാണ് പെട്രോൾ നിറയ്ക്കുന്നതെങ്കിൽ എൻജിനുണ്ടാകുന്ന ആഘാതം ഇരട്ടിയാണ്. ഡീസൽ കാറുകളിലെ ഫ്യുവൽ ഇൻജക്ഷൻ പമ്പുകൾ പോലുള്ള ഘടകങ്ങൾ ഉയർന്ന ലൂബ്രിക്കേഷൻ ആവശ്യമുള്ളവയാണ്. അതിലേക്ക് പെട്രോൾ പോലെയുള്ള ലൂബ്രിക്കേഷൻ കുറഞ്ഞ ഇന്ധനം ചെല്ലുമ്പോൾ അവയുടെ പ്രവർത്തനം സാവധാനം നിലയ്ക്കാൻ തുടങ്ങും. ഡീസൽ കാറുകളിൽ ഇന്ധനം മാറിപ്പോയത് തിരിച്ചറിയാൻ അതുകൊണ്ടുതന്നെ അൽപം സമയവുമെടുക്കും. കറുത്ത പുകയാണ് പ്രാഥമിക ലക്ഷണം. തുടർന്ന് വാഹനം നിന്നു പോകുകയും, സ്റ്റാർട് ആകാതെ വരികയും ചെയ്യും. പരിചയസമ്പന്നരല്ലെങ്കിൽ മെക്കാനിക്കിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് ഈ സാഹചര്യത്തെ നേരിടാൻ ശ്രമിക്കരുത്.
ആദ്യം എൻജിനിൽനിന്ന് ഇന്ധനടാങ്കിലേക്കുള്ള പ്രധാന വാൽവ് വിഛേദിക്കണം. ഇന്ധനം നിറയ്ക്കുന്ന ടാങ്കിന്റെ വാൽവിലൂടെ ഇന്ധനം പരമാവധി വലിച്ചു പുറത്തുകളയണം. അതിൽ ശേഷിക്കുന്ന ഇന്ധനം പ്രധാന ഇന്ധന ലൈനിലൂടെയും നീക്കം ചെയ്യാം. ഇനി കീ തിരിച്ച് എൻജിൻ ക്രാങ്ക്(സ്റ്റാർട്ട് ആക്കുകയല്ല, വെറുതെ കീ തിരിക്കുക മാത്രം) ചെയ്താൽ മെയിൻ ലൈനിലെ ബാക്കിയുള്ള ഇന്ധനം കൂടി വറ്റിക്കോളും.
മെയിൻ ലൈൻ വീണ്ടും ഘടിപ്പിക്കുന്നതിനു മുൻപ് 2 ലീറ്റർ ശരിയായ ഇന്ധനം ഒഴിച്ച് വീണ്ടും ക്രാങ്ക് ചെയ്യുക. ഇതോടെ മെയിൻ ലൈൻ വൃത്തിയായിക്കിട്ടും. എല്ലാം പുനഃസ്ഥാപിച്ച ശേഷം ഫുൾ ടാങ്ക് ഇന്ധനം നിറച്ച് ഇൻജക്റ്ററുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഉൽപന്നങ്ങൾ(അഡിക്റ്റീവ്സ്) ഒഴിച്ചുകൊടുക്കുക. ഇതോടൊപ്പം വാഹനത്തിന്റെ ഇന്ധന ഫിൽറ്റർ മാറ്റുകയും, സ്പാർക് പ്ലഗ് വൃത്തിയാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.