നീണ്ട 10 മാസങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണത്തിനെത്തി നടൻ മമ്മൂട്ടി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്. പുത്തൻ റേഞ്ച്റോവർ സ്വയം ഓടിച്ചായിരുന്നു നടന്‍റെ വരവ്. മാസ്ക് വച്ച് താടി നീട്ടി പോണി ടെയിൽ തലമുടിയുമായെത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇച്ചായിസ് പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രത്തിന് ബോബി സഞ്ജയ് ആണ് തിരക്കഥയൊരുക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് മമ്മൂട്ടി സിനിമയിൽ അഭിനയിക്കുന്നത്.
റേഞ്ച്റോവർ ഓട്ടോബയോഗ്രഫി
369 എന്ന തന്‍റെ ഇഷ്ട നമ്പരുള്ള റേഞ്ച്റോവർ വാഹനം അടുത്തകാലത്താണ് മമ്മൂട്ടിയുടെ ഗ്യാരേജിലെത്തിയത്. റേഞ്ച്റോവർ ലോങ്വീൽബേസ് ഓട്ടോബയോഗ്രഫി മോഡലാണിത്. ജാഗ്വാർ ലാൻഡ്റോവറിന്റെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളിലൊന്നാണ് ഓട്ടോബയോഗ്രഫി. 2020 ഫെബ്രുവരിയിൽ തിരുവനന്തപുരത്താണ് വാഹനം രജിസ്റ്റർ ചെയ്തത്. മുഹമ്മദ്കുട്ടി എന്ന പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്ഡൗൺ ആയതിനാൽ റേഞ്ച്റോവറിൽ അധികം സഞ്ചരിക്കാൻ താരത്തിനായിരുന്നില്ല. ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ. അതിൽതന്നെ ഏറ്റവും ഉയർന്ന വേരിയന്‍റുകളിലൊന്നാണ് ഓട്ടോബയോഗ്രഫി. ലോങ് വീൽബേസ് ആയതിനാൽ സാധാരണ മോഡലുകളേക്കാൾ വലുപ്പം കൂടുതലാണ്.
റേഞ്ച്റോവറിന്റെ ഏറ്റവും ഉയർന്ന എസ്.വി ഓട്ടോബയോഗ്രഫി എന്ന മോഡലിന്‍റെ ഒരുപടി താഴെ നൽക്കുന്നതാണ് ഓട്ടോബഗോഗ്രഫി എന്ന ഈ വേരിയന്‍റ്. റേഞ്ച്റോവർ എന്ന ബ്രാൻഡിൽ ഇവോക്ക്, സ്പോർട്ട്, വെലാർ തുടങ്ങി നിരവധി മോഡലുകൾ ലാൻഡ്റോവർ ഇറക്കുന്നുണ്ട്. പക്ഷെ ലാൻഡ്റോവറിന്റെ ഒരേയൊരു രാജാവ് എന്നാണ് റേഞ്ച് റോവർ അറിയപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും ആഢംബരം നിറഞ്ഞ വേരിയന്‍റാണ് ഓട്ടോബയോഗ്രഫി. ഇതിൽ നിന്ന് അൽപ്പം വിലകുറഞ്ഞ മോഡലാണ് റേഞ്ച് റോവർ വോഗ്. നടൻ പ്രിഥ്വിരാജ് കുറേനാൾ മുമ്പ് വോഗ് സ്വന്തമാക്കിയിരുന്നു. മികച്ച ഓഫ്റോഡ് ഓൺറോഡ് സൗകര്യങ്ങളും വാഹനത്തിനുണ്ട്. ബ്രിട്ടീഷ് രാജ്ഞി ഉൾപ്പടെയുള്ള രാജകുടുംബാംഗങ്ങൾ സഞ്ചരിക്കാനുപയോഗിക്കുന്ന വാഹനമാണിതെന്ന് പറയുേമ്പാഴാണ് ഈ റേഞ്ച് റോവറിന്‍റെ യഥാർഥ കരുത്ത് നാമറിയുക.
വിലയും മൈലേജും
മൂന്ന് ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് റേഞ്ച്റോവർ ഓട്ടോബയോഗ്രഫിക്ക് കരുത്തുപകരുന്നത്. കൃത്യമായി പറഞ്ഞാൽ 2995 സിസി എഞ്ചിനുകളാണ് വാഹനത്തിന്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള പെട്രോൾ വാഹനം 6000-6500 ആർ.പി.എമ്മിൽ 503 ബി.എച്ച്.പി കരുത്തും 2500-5500 ആർ.പി.എമ്മിൽ 625 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഇഞ്ചിനിയം മൂന്ന് ലിറ്റർ 1.6 ഡീസൽ എഞ്ചിനും കരുത്തിൽ ഒട്ടും പിന്നിലല്ല.ഡീസൽ മോഡലാണ് മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ളത്. ഈ വേരിയൻറ് 12 നിറങ്ങളിൽ ലഭ്യമാണ്. സാേന്റാറിനി ബ്ലാക്ക്, ഇൻഡസ് സിൽവർ, ഫ്യൂജി വൈറ്റ്, അരൂബ, യുലോങ് വൈറ്റ്, സിലിക്കൺ സിൽവർ, കാർപാത്തിയൻ ഗ്രേ, നാർവിക് ബ്ലാക്ക്, ബയോൺ ബ്ലൂ, പോർട്ടോഫിനോ ബ്ലൂ, ഈഗർ ഗ്രേ, റോസെല്ലോ റെഡ് തുടങ്ങിയവയാണ് റേഞ്ച് റോവറിന്‍റെ നിറങ്ങൾ.
വാഹനത്തിന് 7.8 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 2.58 കോടി രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. 46 ലക്ഷത്തിലധികമാണ് ആർ.ടി.ഒക്ക് നൽകേണ്ടത്. ഇൻഷുറൻസായി മറ്റൊരു ഒമ്പത് ലക്ഷവുംകൂടി നൽകണം. മറ്റ് നികുതികൾകൂടി കണക്കിലെടുത്താൽ റേഞ്ച് റോവറിന്‍റെ വില മൂന്ന് കോടി 16 ലക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.