മാരുതിയുടെ വെഹിക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. രാജ്യെത്ത നാല് നഗരങ്ങളിലേക്കാണ് അവസാനമായി പദ്ധതി വിപുലീകരിച്ചത്. ജയ്പുർ, ഇൻഡോർ, മംഗലാപുരം, മൈസൂർ എന്നിവിടങ്ങളിലാണ് പുതുതായി സബ്‌സ്‌ക്രിപ്‌ഷൻ വരിക. ഇതോടെ 19 നഗരങ്ങളിൽ മാരുതി സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകും. മാരുതി സുസുകി അരീന, നെക്സ എന്നിവയിൽ നിന്നുള്ള മോഡലുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു.
വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ, എർട്ടിഗ എന്നിവ മാരുതി സുസുകി അരീന ഡീലർഷിപ്പുകളിലും പ്രീമിയം കാറുകളായ ഇഗ്നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, എക്സ് എൽ 6 എന്നിവ നെക്സയിൽ നിന്നും സബ്സ്ക്രിപ്ഷനായി ലഭ്യമാണ്. ഓറിക്‌സ്, എഎൽഡി ഓട്ടോമോട്ടീവ്, മൈൽസ് എന്നിവരുമായി ചേർന്നാണ് മാരുതി പദ്ധതി നടപ്പാക്കുന്നത്.
എന്താണ് സബ്‌സ്‌ക്രിപ്‌ഷൻ?
പുത്തൻ വാഹനം വാടകക്ക് സ്വന്തമാക്കുന്ന പദ്ധതിയാണ് സബ്‌സ്‌ക്രിപ്‌ഷൻ എന്ന് അറിയപ്പെടുന്നത്. വാഹനം വാടകക്ക് എടുക്കുന്നതിനേക്കാൾ കൂടുതൽ നടപടിക്രമങ്ങൾ ഇതിന് ഉണ്ടെന്ന് മാത്രം. വാഹനം വാങ്ങാതെ തന്നെ ഉപഭോക്താക്കൾക്ക് ഉടമസ്ഥാവകാശം സബ്‌സ്‌ക്രിപ്‌ഷൻ വഴി ലഭിക്കും. ഇത് ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും വാഹന നിർമാതാക്കൾക്ക് പുതിയ ബിസിനസ് അവസരം നൽകുകയും ചെയ്യും. വാഹന ഉപയോഗ ചാർജുകൾ, രജിസ്ട്രേഷൻ ചാർജുകൾ, മെയിൻറനൻസ്, ഇൻഷുറൻസ് മുതലായവ ഉൾപ്പെടുന്ന പ്രതിമാസ വാടക നൽകിയാണ് വാഹനം സ്വന്തമാക്കേണ്ടത്.
താരതമ്യേന പുതിയ ആശയം ആണെങ്കിലും, കാർ സബ്‌സ്‌ക്രിപ്‌ഷൻ ഇന്ത്യയിൽ നിരവധി നിർമാതാക്കൾ നടപ്പാക്കിയിട്ടുണ്ട്. മാരുതി 2020 ജൂലൈയിലാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് നിലവിൽ മാരുതി സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയുള്ള ഒരേയൊരു നഗരം. 24, 36, 48 മാസങ്ങളുള്ള കാലാവധികളിലാണ് പണം അടക്കേണ്ടത്. കാലാവധി പൂർത്തിയായ ശേഷം ഉപഭോക്താവിന് വാഹനം മാറ്റാനോ, നവീകരിക്കാനോ വിപണി വിലയ്ക്ക് കാർ വാങ്ങാനോ ഉള്ള സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.