മാരുതി സുസുകി വാഹനങ്ങൾക്കുനേരേ നടക്കുന്ന നിരന്തരമായ പ്രചരണങ്ങളിലൊന്നാണ് അവയുടെ സുരക്ഷ കുറവാണെന്നത്. ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്നു എന്നാണ് മാരുതി വാഹനങ്ങളെപറ്റിയുള്ള പ്രധാന ആരോപണം. എന്നാൽ ഇത് സ്വാഭാവികമാണെന്നും അപകടത്തിന്റെ ആഘാതം വാഹനത്തിനാണെന്നും നിങ്ങളുടെ ശരീരത്തിനല്ലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.
തങ്ങളുടെ വാഹനങ്ങളിലെ ക്രംപ്ൾ സോൺ വിശദീകരിക്കുന്ന ചിത്രം മാരുതി സുസുകി പങ്കുവച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച് ബലേനോയുടെ ക്രംപിൾ സോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് സുരക്ഷയെപ്പറ്റി മാരുതി പറയുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിലൂടെ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഹെർടെക്. ഹൈടെൻസിൽ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന് ഭാരക്കുറവും കരുത്തു കൂടുതലുമുണ്ട്. വാഹനാപകടങ്ങളിൽ ഇടിയുടെ ആഘാതം യാത്രക്കാരിലേക്കു പരമാവധി എത്തിക്കാതിരിക്കാൻ ഈ പ്ലാറ്റ്ഫോം ശ്രമിക്കുന്നു.
പുതിയ വാഹനങ്ങളെപ്പറ്റിയുള്ള പ്രധാന പരാതിയാണ് ചെറിയൊരു ഇടിയിലും മുൻ–പിൻ ഭാഗങ്ങൾ തകർന്നു പോകുന്നുവെന്നത്. എന്നാൽ ഇതിന് കാരണം ക്രംപ്ൾ സോണുകളാണ്. പഴയ കാലത്തെ അപേക്ഷിച്ച് വാഹന നിർമാണത്തിന് അടിസ്ഥാനമായ തത്വങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമെല്ലാം ഏറെ മാറിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരുടെ ഹെൽമറ്റ് പോലെ, അപകടമുണ്ടാകുമ്പോള്‍ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് വാഹനങ്ങളുടെ മുൻ–പിൻ ഭാഗങ്ങളുടെ ധർമം. ഇതിനെയാണ് ക്രംപ്ൾ സോൺ എന്ന് പറയുന്നത്.
ഈ തകർച്ച യാത്രക്കാർക്കു സുരക്ഷയാണു നൽകുന്നതെന്ന് പ്രത്യേകം പറയട്ടെ. അപകടത്തിന്റെ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് ക്രംപിൾ സോണുകളുടെ ധർമം. ചെറിയ വേഗത്തിലാണെങ്കിലും അപകടത്തിന്റെ ആഘാതം ചിലപ്പോൾ വളരെ വലുതായിരിക്കും അത് യാത്രക്കാരിലേക്ക് എത്താതിരിക്കാനാണ് ബംപറുകൾ അല്ലെങ്കിൽ മുൻഭാഗം തകരുന്നത്. യാത്രക്കാരുടെ മാത്രമല്ല, കാൽനടയാത്രികരുടെയും സുരക്ഷ പുതിയ വാഹനങ്ങൾ ഉറപ്പാക്കുന്നുണ്ട്.
പെഡസ്ട്രിയന്‍ സേഫ്റ്റി മുൻ നിർത്തിയാണ് ഇപ്പോൾ വാഹനങ്ങൾ നിർമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുന്നിലെ ബംപറുകൾക്കു നിർമാണ നിലവാരം കുറവാണെന്നു തോന്നുന്നത്. അപകട സമയത്ത് ബോണറ്റിനു പുറത്തേക്ക് ഒരാൾ വീണാൽ കൂടുതൽ പരുക്കേൽക്കാതെ അയാൾക്കു രക്ഷപ്പെടാൻ സാധിക്കണം എന്നതാണ് പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.