അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച മാരുതി ഗ്രാൻഡ് വിറ്റാര എസ്.യു.വിയുടെ വില ചോർന്നതായി സൂചന. നിരവധി ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 9.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വിലവരുമെന്നാണ് റിപ്പോർട്ട്. എന്നാൽ, കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. പുതിയ വിറ്റാര എസ്‌യുവിയുടെ ഔദ്യോഗിക വില 2022 സെപ്റ്റംബറിൽ പുറത്തിറങ്ങും.
മൈൽഡ് ഹൈബ്രിഡും ശക്തമായ ഹൈബ്രിഡ് പവർട്രെയിനുകളുമായാണ് പുതിയ ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. മൈൽഡ് ഹൈബ്രിഡ് പതിപ്പ് 4 ട്രിം ലെവലുകളിൽ വരും - സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ. മാനുവൽ പതിപ്പിന് 9.50 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് വില, ഓട്ടോമാറ്റിക് മോഡലിന് 12.50 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിലവരും.
വേരിയന്റ്, വിലകൾ
സിഗ്മ 9.50 ലക്ഷം
ഡെൽറ്റ 11 ലക്ഷം
സെറ്റ 12 ലക്ഷം
ആൽഫ 13.50 ലക്ഷം
ആൽഫ AWD 15.50 ലക്ഷം
ഡെൽറ്റ എ.ടി 12.50 ലക്ഷം
സെറ്റ എ.ടി 13.50 ലക്ഷം
ആൽഫ എ.ടി 15 ലക്ഷം
ശക്തമായ ഹൈബ്രിഡ് പതിപ്പ് സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭിക്കും. ഇവയുടെ വില യഥാക്രമം 17 ലക്ഷം രൂപയും 18 ലക്ഷം രൂപയുമാണ്.
ഇന്ധനക്ഷമത തിലകക്കുറിയാക്കിയാണ് മാരുതി സുസുകി ഏറ്റവും പുതിയ എസ്.യു.വി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചത്. ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പാണിത്. എസ് ക്രോസിന് പകരക്കാരനായാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്.യു.വി ബുക്ക് ചെയ്യാം.
കമ്പനിയുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൂടിയാണ് ഗ്രാൻഡ് വിറ്റാര. വാഹനത്തിന് ഒരു ഇ.വി മോഡും നൽകിയിട്ടുണ്ട്. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനിലും വാഹനം എത്തുന്നുണ്ട്.
ടൊയോട്ടയുമായി സംയുക്തമായാണ് ഹൈബ്രിഡ് എഞ്ചിനുകൾ വികസിപ്പിച്ചിരിക്കുന്നത്. സുസുകിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. ഇന്ത്യയെക്കൂടാതെ ആഫ്രിക്കയും യൂറോപ്പും ഉൾപ്പെടെ ഒന്നിലധികം വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യും.
ടൊയോട്ടയുടെ 1.5 ലിറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് പതിപ്പിലുള്ളത്. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബലെനോക്ക് സമാനമായ സ്റ്റിയറിങ് വീൽ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ഗൂഗിൾ, സിരി എന്നിവയ്‌ക്കൊപ്പം വോയ്‌സ് അസിസ്റ്റും ഉൾപ്പെടുത്തും.
സുരക്ഷക്കായി ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, എല്ലാ പിൻ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ പ്രതീക്ഷിക്കുന്നു.
സെഗ്മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുകിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുകി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്. ഇവി, ഇക്കോ, പവർ, നോർമൽ എന്നിങ്ങനെയുള്ള വിവിധ ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്.
അർബൻ ക്രൂസർ ഹൈറൈഡറിന് പുറമെ, ഹ്യുണ്ടായ് ക്രെറ്റ, കിയ സോനെറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിയ എതിരാളികളും വാഹനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.