ജിംനി ബുക്കിങ് കുതിക്കുന്നു; അറിയാം വാഹനത്തിന്റെ മേന്മകളും പോരായ്മകളും

ആരാധകൾ ഏറെ നാളായി കാത്തിരുന്ന മാരുതി സുസുകി ജിംനി ഓട്ടോ എക്സ്​പോയിലാണ് അവതരിപ്പിച്ചത്. മഹീന്ദ്ര ഥാർ ഒറ്റക്ക് വിലസുന്ന എൻട്രി ലെവൽ എസ്.യു.വി സെഗ്മെന്റിലേക്കാണ് അഞ്ച് ഡോറുകളുള്ള വാഹനം എത്തിയത്. മാരുതിയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡിങ് എസ്‌.യു.വി 2023 മധ്യത്തോടെ നിരത്തിലെത്തുമെന്നാണ് സൂചന.

പുത്തൻ ജിംനിക്കായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3000 ബുക്കിങ്ങുകൾ ലഭിച്ചതായാണ് സൂചന. തിരക്ക് വർധിച്ചതോടെ മാരുതി ബുക്കിങ് തുക വർധിപ്പിച്ചിട്ടുണ്ട്. 11,000 രൂപ ടോക്കൺ തുക 25,000 ആയാണ് വർധിപ്പിച്ചത്. ഓൺലൈനായോ നെക്‌സ ഡീലർഷിപ്പിലൂടെയോ വാഹനം പ്രീ-ബുക്ക് ചെയ്യാം.

ജിംനിയുടെ കാത്തിരിപ്പ് കാലാവധിയും കുതിക്കുകയാണ്. നിലവിൽ പ്രതിമാസം 1,000 ജിംനി അഞ്ച് ഡോർ വാഹനം പുറത്തിറക്കാനുള്ള ശേഷിയാണ് മാരുതിക്കുള്ളത്. ബുക്കിങ് 3,000 പിന്നിട്ടതോടെ കാത്തിരിപ്പ് കാലാവധിയും കുറഞ്ഞത് മൂന്ന് മാസം എന്ന അവസ്ഥയിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജിംനിയുടെ കുറവുകളും മേന്മകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.


വലുപ്പവും പ്രായോഗികതയും

ആഗോള വിപണിയിലുള്ള ത്രീ-ഡോർ ജിംനി സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ഡോർ മോഡലിന് കൂടുതൽ വലിപ്പവും പ്രായോഗികതയും ഉണ്ടെന്നതാണ് പ്രത്യേകത. സുസുകിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റം ഉള്ള 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. എന്നാൽ ജിംനി ഒരു പ്രോപ്പർ അഞ്ച് സീറ്റർ വാഹനമല്ല. നാലുപേർക്കാണ് വാഹനത്തിൽ സുഖമായി സഞ്ചരിക്കാനാവുക. ജിംനിയുടെ വീതി കുറവാണ് ഇതിനുകാരണം. 1,645 എം.എം വീതി മാത്രമാണ് ജിംനിക്കുള്ളത്. ഥാറിന്റെ വീതി 1820 എം.എം ആണെന്നോർക്കുക.

മികച്ച രൂപകൽപ്പന

ജിംനിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ രൂപഭംഗിയാണ്. ക്യൂട്ട് ആയ വാഹനം ഥാർ പോലെയോ ഫോഴ്സ് ഗൂർഖപോലെയോ മസിൽ വാഹനമെന്ന തോന്നലുണ്ടാക്കില്ല. സ്ത്രീകൾ ഉൾപ്പടെ ജിംനി വ്യാപകമായി ഇഷ്ടപ്പെടാൻ ഇതാണ് കാരണം. വീതി കുറവായതിനാൽ ഇടുങ്ങിയ വഴികളിലൂടെയുള്ള ഓഫ് റോഡിങ് അനായാസമാകുമെന്നതും ആകർഷക ഘടകമാണ്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വലിയ മൾട്ടി-സ്ലോട്ട് ഗ്രിൽ, ചെറിയ ബമ്പർ എന്നിവയാണ് മുൻവശത്ത് കാണാനാവുക. വശക്കാഴ്ച്ചയിൽ വലിയ വീൽ ആർച്ചുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെടുക. പുതുതായി രൂപകൽപ്പന ചെയ്‌ത പിൻവാതിലുകൾ ജിംനിയുടെ ബോക്‌സി ബോഡി സ്‌റ്റൈലുമായി നന്നായി യോജിക്കുന്നുണ്ട്. 3,985 എം.എം നീളവും 1,645 എം.എം വീതിയും 1,720 എം.എം ഉയരവും 2,590 എം.എം വീൽബേസുമാണുള്ളത്. ഇന്റീരിയറിലലേക്കെത്തിയാൽ ഡാഷ്‌ബോർഡ് ലേഔട്ടിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മധ്യഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. മാരുതിയുടെ സ്മാർട്ട്പ്ലേ പ്രോ പ്ലസ് യൂനിറ്റാണിത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കമീസ് സൗണ്ട് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്ന ഫീച്ചറുകൾ. ജിംനിയുടെ ഇന്റീരിയറിനെ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്.


ഫീച്ചറുകൾ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി പ്രവർത്തിപ്പിക്കാവുന്ന സൈഡ് മിററുകൾ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, പവർ വിൻഡോകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്.വി.എ.സി നിയന്ത്രണങ്ങളുള്ള സ്റ്റിയറിങ് വീൽ, സർക്കുലർ ഡയലുകൾ എന്നിവ പോലുള്ള ചില ബിറ്റുകൾ സ്വിഫ്റ്റിനെ ഓർമപ്പെടുത്തുന്നതാണ്. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇ.എസ്.പി, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ആഡംബര സെഡാനുകളിലും എസ്‌.യു.വികളിലും കണ്ടുവരുന്ന ഹെഡ്‌ലാംപ് വാഷര്‍ ജിംനിയിലും ഉണ്ട്. ഓഫ്റോഡിങ്ങിനിടെ ചെളിയിലും മറ്റും വാഹനം പുതയുമ്പോ ഈ ഫീച്ചർ സഹായത്തിനെത്തും. ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണ് മാരുതി ജിംനിയുടെ മറ്റൊരു ഹൈലൈറ്റ്. റിക്വസ്റ്റ് സെന്‍സറുകളുള്ള കാറുകള്‍ പുള്‍-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളോടെയാണ് വരുന്നതെങ്കിലും ജിംനിക്ക് യൂട്ടിലിറ്റേറിയന്‍ ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണുള്ളത്. മോഡേണ്‍ കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊതുവെ പുള്‍-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളോടാണ് താല്‍പ്പര്യം. എന്നാല്‍ ഓള്‍ഡ് സ്‌കൂള്‍ ശൈലിയിലുള്ള ഓഫ്-റോഡര്‍ എന്ന നിലയിലാണ് ജിംനിക്ക് മാരുതി ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ നല്‍കിയിരിക്കുന്നത്.



ആംറെസ്റ്റും ഡ്രൈവര്‍ സീറ്റ് ഹൈറ്റ് ക്രമീകരണമില്ല

മുമ്പില്‍ സെന്റര്‍ ആംറെസ്റ്റ്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള ലിവര്‍ എന്നിവ ജിംനിയില്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടില്ല. ജിംനിയുടെ ടോപ് സ്‌പെക് വേരിയന്റുകളില്‍ പോലും ഇത് ലഭ്യമല്ല. ജിംനിയുടെ ഫ്രണ്ട് സീറ്റുകള്‍ക്കിടയിലുള്ള സെന്റര്‍ കണ്‍സോളിലാണ് പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ വരുന്നത്. ഇതും ചിലർക്കെങ്കിലും അസൗകര്യം സൃഷ്ടിച്ചേക്കാം.

ലാഡര്‍ ഫ്രെയിം വാഹനം

ജിംനി ഒരു ലാഡര്‍ ഫ്രെയിം ഷാസിയിലുള്ള വാഹനമാണ്. ഇത്തരത്തിലുള്ള ഏക മാരുതി വാഹനവും ജിംനി തന്നെ. പരമ്പരാഗത ലാഡര്‍ ഫ്രെയിം എസ്‌യുവികളുടെ ഓള്‍ഡ് സ്‌കൂള്‍ തനിമ നിലനിര്‍ത്തിക്കൊണ്ട് പുതിയ ജിംനിക്ക് മുന്‍ഗാമിയായ ജിപ്സിയെപ്പോലെ ദൃഢമായ ഒരു ഫ്രണ്ട് ആക്സില്‍ കിട്ടിയിട്ടുണ്ട്. ഇതു കാരണം ആക്‌സില്‍ ഒടിയുമെന്ന ഭയമില്ലാതെ എത്ര ദുര്‍ഘടമായ പ്രതലങ്ങളിലും ജിംനിയുമായി ഓടിച്ചു പോകാം.


പരമ്പരാഗത റീസര്‍ക്കുലേറ്റിങ് ബോള്‍ സ്റ്റിയറിങ്ങുമായിട്ടാണ് വാഹനം എത്തുന്നത്. റാക്ക് ആന്‍ഡ് പിനിയന്‍ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റീസര്‍ക്കുലേറ്റിങ് ബോള്‍ സ്റ്റിയറിംഗ് സിസ്റ്റം ഓഫ്-റോഡ് സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തവും പിന്തുണയുമോകുമെന്നാണ് വിലയിരുത്തൽ. മറ്റ് ഫോര്‍വീലറുകള്‍ പോലെ ജിംനിക്കും ഒരു ലോ റേഷ്യോട്രാന്‍സ്ഫര്‍ കേസ് ലഭിക്കും. ഓഫ് റോഡ് സാഹചര്യങ്ങളില്‍ ടോര്‍ക്ക് ഔട്ട്പുട്ട് ഇരട്ടിയാക്കുന്നതിന് ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കെയ്‌സ് വളരെ ഉപകാരപ്രദമാണ്.

Tags:    
News Summary - Maruti Suzuki Jimny booking amount increased due to huge demand: Bookings cross 3,000 mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.