ലേകത്തിലെ ഏറ്റവും മൂല്യമുള്ള സൂപ്പർ കാറുകളിലൊന്ന് മരത്തിൽ ഇടിച്ച് തകരുക. അതും ഒരു കയ്യബദ്ധംകൊണ്ട്. അങ്ങിനെയൊരു അപകടം നടന്നിരിക്കുകയാണ് നെതർലൻഡ്സിൽ. അപകടത്തിൽപെട്ടത് ഫെരാരിയുടെ എൻസോ എന്ന എക്കാലത്തേയും മികച്ച സൂപ്പർ കാറുകളിലൊന്നാണ്. ആംസ്റ്റർഡാമിലെ ഫെരാരി ഷോറൂം മെക്കാനിക്കിന്റെ കയ്യിൽ നിന്ന് നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെന്നിനീങ്ങിയാണ് കാർ മരത്തിൽ ഇടിച്ചത്.
വേനൽകാലത്ത് ഉപയോഗിക്കുന്ന ടയർ ഘടിപ്പിച്ച് മഞ്ഞുകാലത്ത് റോഡിൽ ഇറങ്ങിയതാണ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഫെരാരിയുടെ പാസഞ്ചർ സൈഡ് പൂർണമായും തകർന്നു. അപകട സമയത്ത് മൂന്ന് ഡിഗ്രി മാത്രമായിരുന്നു ഇവിടത്തെ താപനില.
ഫെരാരി എൻസോ
ഫെരാരി സ്ഥാപകൻ എൻസോ ഫെരാരിയുടെ പേരിൽ 2002 പുറത്തിറങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 2002 മുതൽ 2004 വരെയുള്ള 2 വർഷംകൊണ്ട് ഫെരാരി നിർമിച്ചത് വെറും 399 എണ്ണം എൻസോകൾ മാത്രമാണ്. ഫോർമുല വൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഈ വാഹനം അന്നുമുതൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൂപ്പർകാറുകളിലൊന്നായാണ് അറിയപ്പെടുന്നത്.
ഏകദേശം 3.5 ദശലക്ഷം ഡോളർ (26 കോടി രൂപ) ആണ് ഫെരാരി എൻസോയുടെ നിലവിലെ മൂല്യം. നെതർലൻഡ്സിലുള്ള മൂന്നു ഫെരാരി എൻസോകളിലൊന്നായിരുന്നു ഇത്. അപകടത്തിൽ മെക്കാനിക്കിന് ചെറിയ പരിക്കേറ്റു. നെതർലൻഡ്സ് സ്വദേശിയായൊരു വാഹന പ്രേമി 20 വർഷം മുമ്പ് സ്വന്തമാക്കിയതായിരുന്നു ഈ ഫെരാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.