ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങൾ ഉത്പ്പാദിപ്പിക്കുന്ന കമ്പനിയാണ് റോൾസ് റോയ്സ്. ഓരോ റോൾസും കൈകൾകൊണ്ടാണ് ഇപ്പോഴും നിർമിക്കപ്പെടുന്നത്. ആഡംബരത്തിന്റെ അവസാന വാക്കെന്നാണ് റോൾസുകൾ അറിയെപ്പടുന്നത്. മെറ്റാരു കാര്യം ലോകത്ത് നിർമിക്കപ്പെട്ടതിൽ 65 ശതമാനം റോൾസ് റോയ്സുകളും ഇപ്പോഴും ഓടുന്നുണ്ടെന്നതാണ്. 100ൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വാഹന നിർമാതാവിനെ സംബന്ധിച്ച് ഇതിലും വലിയ ബഹുമതി മറ്റൊന്നുമില്ല. ഇക്കാര്യങ്ങൾ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇനി പറയുന്നത്. 77 വർഷങ്ങൾ ഒരേ റോൾസ് റോയ്സ് കാർ ഓടിച്ച മുത്തശ്ശന്റെ കഥയാണിത്. അലൻ സ്വിഫ്റ്റ് ആ റോൾസ് റോയ്സ് മുത്തശ്ശൻ.
1928-ലാണ് കഥ ആരംഭിക്കുന്നത്. തന്റെ ജീവിതത്തിൽ വഴിത്തിരിവായൊരു സംഭവമായിരുന്നു അതെന്ന് അലൻ സ്വിഫ്റ്റ് പറയുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുക്കാൻ അലൻ സ്വിഫ്റ്റിനോട് പിതാവ് ആവശ്യപ്പെട്ടു. സ്വിഫ്റ്റിന് 26 വയസ്സ് തികയുന്ന വർഷംകൂടിയായിരുന്നു അത്. സ്വിഫ്റ്റിന്റെ കുടുംബം പാരമ്പര്യമായി സ്വർണ കച്ചവടക്കാരായിരുന്നു. കുടുംബ ബിസിനസിൽ ചേരാനും ഇളയ സഹോദരങ്ങളെ കോളജിൽ പോകാൻ അനുവദിക്കാനുമാണ് പിതാവ് സ്വിഫ്റ്റിനോട് ആവശ്യപ്പെട്ടത്. അത് സമ്മതിച്ചാൽ, ഇഷ്ടമുള്ള ഏത് കാറും വാങ്ങിത്തരാം എന്നും പിതാവ് പറഞ്ഞു.
കാർ എന്ന പ്രലോഭനത്തിന് വഴങ്ങി സ്വിഫ്റ്റ് കുടുംബ ബിസിനസിൽ തുടരാൻ തീരുമാനിച്ചു. തുടർന്ന് നല്ലൊരു കാർ തിരയാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് അന്ന് റോൾസ് റോയ്‌സ് നിർദ്ദേശിച്ചത്. തുടർന്ന് അദ്ദേഹം കണക്റ്റിക്കട്ടിലെ വെസ്റ്റ് ഹാർട്ട്‌ഫോർഡിൽ നിന്ന് മസാച്യുസെറ്റ്‌സിലെ സ്പ്രിംഗ്‌ഫീൽഡിലെ അതിർത്തിക്കപ്പുറത്തുള്ള റോൾസ്-റോയ്‌സ് ഓഫ് അമേരിക്ക പ്ലാന്റിലേക്ക് ടെസ്റ്റ് ഡ്രൈവിനായി പോയി.
പ്ലാന്റ് സന്ദർശിച്ച സ്വിഫ്റ്റ് റോൾസ് റോയ്‌സ് കാറുകൾ എങ്ങനെ നിർമ്മിക്കുന്നുവെന്ന് നേരിട്ട് കണ്ടു. തുടർന്ന് ഒരെണ്ണം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. 'അവർ കാറുകൾ പരീക്ഷിച്ച എല്ലാ വഴികളും ഞാൻ കണ്ടു. എല്ലാ എഞ്ചിനും പരീക്ഷിച്ചു. വാഹനം പുറത്തിറക്കുന്നതിന് മുമ്പ് 200 മൈൽ ടെസ്റ്റ് ഡ്രൈവും നടത്തി'-അലൻ സ്വിഫ്റ്റ് പറയുന്നു. റോൾസ് റോയ്സ് ഫാന്റം മോഡലാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഡ്യുവൽ-ടോൺ ഗ്രീൻ നിറത്തിലാണ് അദ്ദേഹം കാർ പെയിന്റ് ചെയ്തത്. ഗോൾഡ് ലീഫ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്നതിനാൽ, തന്റെ കാറിൽ ഗോൾഡ് ലീഫ് പിൻസ്ട്രിപ്പിംഗും ഗോൾഡ് ലീഫ് മോണോഗ്രാമും അദ്ദേഹം ഉൾപ്പെടുത്തി. കൺവേർട്ടിബിൾ റൂഫായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്.
റോൾസ് റോയ്‌സ് വാങ്ങിയ ശേഷം, സ്വിഫ്റ്റ് 1958 വരെയും അത് എല്ലാ ദിവസവും ഓടിക്കുമായിരുന്നു. 1991 ൽ തന്റെ 88 വയസ്സുവരെ ഇടക്കിടക്കും വാഹനം ഒാടിച്ചുകൊണ്ടിരുന്നു. 2003 ആയപ്പോഴേക്കും സ്വിഫ്റ്റിന്റെ കാർ 1,72,000 മൈൽ പിന്നിട്ടു, അതായത് 2.76 ലക്ഷം കിലോമീറ്റ ഓടിക്കഴിഞ്ഞിരുന്നു. കാർ ഒരിക്കലും തകരാറിലായി വഴിയിൽ കിടന്നിട്ടില്ലെന്ന് സ്വിഫ്റ്റ് പറയുന്നു. ഒരിക്കൾ സർവ്വീസിന്റെ ഭാഗമായി എഞ്ചിൻ ഭാഗങ്ങൾ പുനർനിർമ്മിച്ചിരുന്നു. 1994-ൽ, റോൾസ് റോയ്‌സ് തങ്ങളുടെ ഏറ്റവും പഴക്കമുള്ള ഉടമ എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് റോൾസ് ലോഗോ ആയ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയുടെ ഒരു സ്ഫടിക പ്രതിമ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.
2005ൽ മരിക്കുന്നതിന് രണ്ട് മാസം മുമ്പ്, സ്പ്രിങ്ഫീൽഡ് മ്യൂസിയത്തിലേക്ക് അലൻ സ്വിഫ്റ്റ് ഒരു മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, കാർ മ്യൂസിയത്തിലേക്ക് കൈമാറി. ഇപ്പോൾ സ്പ്രിങ്ഫീൽഡ് ഹിസ്റ്ററി മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളിലെ കേന്ദ്രബിന്ദുവാണ് ഈ റോൾസ് റോയ്സ് കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.