നികുതി അടയ്ക്കാത്ത ആഢംബര വാഹനങ്ങളുമായി റോഡ് റാലി നടത്തിയവരെ പിടികൂടി അധികൃതർ. സ്വാതന്ത്യ ദിനത്തിലാണ് ആഢംബര കാർ റാലി നടത്തിയത്. 4 കോടി മുതൽ 10 കോടി വരെ വിലവരുന്ന വാഹനങ്ങളാണ് റാലിയിൽ പെങ്കടുത്തത്. റോൾസ് റോയ്സ്, ഫെരാരി, ലംബോർഗിനി, പോർഷെ, മസെരാട്ടി തുടങ്ങിയ സൂപ്പർ ലക്ഷ്വറി കാറുകളാണ് തെലങ്കാന ആർ.ടി.ഒയും എൻഫോഴ്സ്മെൻറും ചേർന്ന് പിടിച്ചെടുത്തത്.
ഹൈദരാബാദിലായിരുന്നു സംഭവം. റാലിയിൽ ആകെ 15 കാറുകൾ ഉണ്ടായിരുന്നു. അതിൽ നാലുപേർ മാത്രമാണ് നികുതി അടച്ചത്. നികുതി അടയ്ക്കാത്ത 11 കാറുകൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തവയാണ്. തെലങ്കാനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ നികുതി വളരെ തുച്ഛമാണ്. പുതുച്ചേരിയിൽ ഒരാൾക്ക് പ്രതിവർഷം നൽകേണ്ട പരമാവധി റോഡ് നികുതി ഏകദേശം 14,000 രൂപയാണ്. തെലങ്കാനയിൽ, വാഹന വിലയുടെ 13% ആഡംബര നികുതിയായി നൽകണം. നാല് കോടിയുടെ ആഢംബര കാറിന് ഇത് 50 ലക്ഷം രൂപവരെയാകും.
വാഹനം പിടിച്ചെടുത്തതോടെ നികുതി അടക്കുന്നത് എങ്ങിനെയെന്ന് അറിയില്ലെന്ന വിശദീകരണവുമായി ഉടമകൾ രംഗത്തെത്തി. തുടർന്ന്ഇവരിൽനിന്ന് സത്യവാങ്മൂലം ഉറപ്പാക്കിയ ശേഷം എൻഫോഴ്സ്മെൻറ് അധികൃതർ വാഹനങ്ങൾ വിട്ടുകൊടുത്തു.
ഭാവിയിൽ വാഹനം പൊതു നിരത്തുകളിൽ ഓടിക്കുന്നതിന് ഉടമകൾ നികുതി അടയ്ക്കണമെന്ന് അധികൃതർ പറഞ്ഞു. നികുതി അടയ്ക്കുന്നതിന് രണ്ട് ഉടമകൾ ഇതിനകം ഓഫീസിൽ എത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.