2030ഒാടെ സമ്പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറുമെന്ന പ്രഖ്യാപനവുമായി മെഴ്‌സിഡസ് ബെൻസ്. 2025 മുതൽ എല്ലാ മോഡലുകളിലും ബാറ്ററി-ഇലക്ട്രിക് വാഹന ഓപ്ഷനുകളും ബെൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇലക്ട്രിക് കാറുകൾക്കായി മൂന്ന് ഇവി ഡിസൈൻ തീമുകളും കമ്പനി വികസിപ്പിക്കും. ഇതോടൊപ്പം ഇവി ബാറ്ററികൾ നിർമിക്കാൻ എട്ട് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ജർമൻ വാഹനഭീമൻ തീരുമാനിച്ചിട്ടുണ്ട്. ഇൗ ദശകത്തിെൻറ അവസാനത്തോടെ പൂർണമായും ഇ.വി ആവുകയാണ് ഇൗ പ്രവർത്തനങ്ങളുടെയെല്ലാം ലക്ഷ്യം.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഡെയിംലർ എജിയുടെയും മെഴ്‌സിഡസ് ബെൻസ് എജിയുടെയും സിഇഒ ഓല കല്ലേനിയസാണ് കമ്പനിയുടെ പുതിയ തീരുമാനങ്ങൾ വെളിപ്പെടുത്തിയത്. 'ലോകത്ത് ഇവി ഷിഫ്റ്റ് വേഗതത്തിൽ നടക്കുകയാണ്. പ്രത്യേകിച്ച് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടുന്ന ആഢംബര വിഭാഗത്തിൽ. വിപണികൾ ഇലക്ട്രിക് മാത്രമായി മാറുമ്പോൾ ഞങ്ങളും തയ്യാറായിരിക്കുകയാണ്. വേഗത്തിലുള്ള പരിവർത്തനത്തിലൂടെ ബെൻസിെൻറ സ്ഥിരമായ വിജയം ഞങ്ങൾ ഉറപ്പാക്കും'-അദ്ദേഹം പറഞ്ഞു.
ഇവി റോഡ്മാപ്പ് അനുസരിച്ച്, അടുത്ത വർഷം കമ്പനിയുടെ എല്ലാ സെഗ്‌മെൻറുകളിലും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നാല് വർഷത്തിനുള്ളിൽ കമ്പനി നിർമിക്കുന്ന ഓരോ മോഡലിനും സമാന്തരമായി ഇലക്ട്രിക് വാഹനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മെഴ്‌സിഡസ് നാല് പൂർണ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കും. അടുത്ത വർഷത്തോടെ, മെഴ്‌സിഡസ് ഇക്യുഇ, ഇക്യുഎസ് എന്നിവയുടെ എസ്‌യുവി പതിപ്പുകളും അവതരിപ്പിക്കും. 2024 ഓടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് ജി ക്ലാസ് പുറത്തിറക്കും.
സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിന് എട്ട് ജിഗാഫാക്ടറികൾ സ്ഥാപിക്കാനും മെഴ്‌സിഡസ് പദ്ധതിയിടുന്നുണ്ടെന്ന് ആർ ആൻഡ് ഡി ഡിവിഷനിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മർകസ് ഷാഫർ പറഞ്ഞു. ജിഗാഫാക്ടറികളിലൊന്ന് അമേരിക്കയിലും നാലെണ്ണം ഫാക്ടറികൾ യൂറോപ്പിൽ മറ്റ് പങ്കാളികളുമായി ചേർന്നും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.