കൺവർട്ടബിൾ വാഹനങ്ങൾ സ്വപ്നം കാണാത്തവരായി വാഹന പ്രേമികളാരും ഉണ്ടാകില്ല. മേൽമൂടി തുറന്നിട്ട് കാറ്റുംകൊണ്ട് വണ്ടിയോടിച്ചുപോകാൻ എല്ലാവർക്കും ഇഷ്ടവുമാണ്. എന്നാലിത്തരം വാഹനങ്ങൾക്ക് വലിയ വിലയാണ് പലപ്പോഴും നൽകേണ്ടിവരിക. സാധാരണക്കാർക്കും കൺവർട്ടിബിൾ യാത്രയൊരുക്കാൻ തീരുമാനിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു യുവാവ്. ഇയാൾ തന്റെ ഓട്ടോറിക്ഷയെ ആണ് പരിഷ്‍കരിച്ചിരിക്കുന്നത്.
കൺവേർട്ടബിൾ ഓട്ടോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ‘ഓട്ടോറിക്ഷ കേരള’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലാണ് ഈ ഓട്ടോയും അകവും പുറവും പെയിന്റ് ചെയ്തിരിക്കുന്നത്. ഡ്രൈവർ ഒരു ബട്ടൻ അമത്തുമ്പോൾ ഓട്ടോയുടെ റൂഫ് അകന്ന് മാറുന്നത് വിഡിയോയിൽ കാണാം. പതുപതുത്ത ആഡംബര സീറ്റും ഓട്ടോയിലുണ്ട്. ഇതും പിങ്ക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.
എങ്ങനെയാണ് ഓട്ടോയെ ഇങ്ങനെ മാറ്റിയെടുത്തത് എന്നാണ് വിഡിയോ കണ്ട എല്ലാവർക്കും അറിയേണ്ടത്. വിഡിയോയില്‍ കാണുന്ന യുവാവ് തന്നെയാണോ ഇതെല്ലാം ചെയ്തത് എന്നും ഏവരും ചോദിക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടിട്ടുണ്ട്. പാവങ്ങളുടെ റോള്‍സ് റോയ്‍സ് ആണ് ഇതെന്നാണ് ഒരു യൂസർ കുറിച്ചത്.
ആഡംബര കാർ പോലെ ഡിസൈൻ ചെയ്ത മറ്റൊരു ഓട്ടോയുടെ വീഡിയോ കഴിഞ്ഞ ആഴ്ച വ്യവസായിയായ ഹർഷ് ഗോയങ്ക പങ്കുവെച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള ആഡംബര സീറ്റുകളും തിളങ്ങുന്ന കറുത്ത നിറവുമായി റൂഫ് ഇല്ലാത്ത ആ ഓട്ടോ വിന്റേജ് കാറ് പോലെയാണ് ഡിസൈൻ ചെയ്തിരുന്നത്. കഴിഞ്ഞ വർഷം പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയുടെ റൂഫിൽ ഒരു മിനി പൂന്തോട്ടം തന്നെ സജ്ജീകരിച്ച ഡൽഹിയിലെ ഓട്ടോയും ജനശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.