ഈ റോഡുകൾ കണ്ടാൽ ഏത് കൊലകൊമ്പൻ ഡ്രൈവറും ഒന്ന് പതറും; ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 പാതകൾ പരിചയപ്പെടാം

ലോകത്തിലെ ത​െന്ന ഏറ്റവും അപകടകരമായ പാതകളിൽ ചിലത് ഇന്ത്യയിലാണ്. മലകളാൽ സമ്പന്നമായ നമ്മുടെ ഭൂമിശാസ്ത്രമാണ് അതിന് കാരണം. കുന്നും മലയും തുരന്ന് നിർമിച്ച മലമ്പാതകൾ ഇന്ത്യയിൽ ആവോളമുണ്ട്. ഒന്ന് ശ്രദ്ധതെറ്റിയാൽ വലിയ അപകടങ്ങളിലേക്കാവും ഈ പാതകൾ നമ്മെ നയിക്കുക. അത്തരം പാതകളിൽ ചിലതിനെ നമ്മുക്ക് പരിചയപ്പെടാം.


സോജില പാസ്, കാർഗിൽ, ലഡാക്

സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതിചെയ്യുന്നത്. ശ്രീനഗറിൽ നിന്ന് ലേയിലേക്കുള്ള റൂട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ചുറ്റുപാടുകൾ നിറഞ്ഞതാണ് ഈ റോഡ്, എന്നാൽ യാത്ര ചെയ്യാൻ ഏറ്റവും അപകടകരവും ബുദ്ധിമുട്ടുള്ളതുമായ റോഡുകളിൽ ഒന്നാണിത്. റോഡ് ഭയങ്കര ഇടുങ്ങിയതും സീസണിലുടനീളം മഞ്ഞ് മൂടിയതുമാണ്. ഒരു ചെറിയ തെറ്റ്, 3,538 മീറ്റർ ഉയരത്തിൽ നിന്ന് നിങ്ങളുടെ വാഹനം താഴേക്കിറങ്ങും. യാത്ര ചെയ്യുമ്പോൾ നിങ്ങൾ കാണുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്, പക്ഷേ ഈ വഴി ശരിക്കും അപകടകരമാക്കുന്നത് മണ്ണിടിച്ചിൽ, ശക്തമായ കാറ്റ്, ചെളി നിറഞ്ഞ റോഡുകൾ, മഞ്ഞുവീഴ്ച എന്നിവയാണ്.


ഹിന്ദുസ്ഥാൻ ടിബറ്റ് ഹൈവേ, സ്പിതി വാലി

ഹിമാലയത്തിലെ ഉയർന്ന ഉയരമുള്ള പ്രദേശത്തുകൂടിയാണ് ഹിന്ദുസ്ഥാൻ ടിബറ്റ് ഹൈവേ കടന്നുപോകുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ വടക്ക്-കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നു ഇൗ പ്രദേശം സ്പിതി വാലി എന്നും അറിയപ്പെടുന്നു. സ്പിതി എന്ന പേരിന്റെ അർത്ഥം 'മധ്യഭൂമി' എന്നാണ്. അതായത് ടിബറ്റിനും ഇന്ത്യയ്ക്കും ഇടയിലുള്ള ഭൂമി എന്നുപറയാം. സ്പിതി നദിയുടെ താഴ്വരയാണിത്. സ്പിതി നദിയിലേക്ക് ഒഴുകുന്ന നിരവധി നദികളുടെ പാർശ്വ താഴ്വരകളും പ്രദേശത്തുണ്ട്. താഴ്വരയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ്. സ്പിതിയിലേത് തണുത്ത മരുഭൂമിയാണ്.

ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഈ ദേശീയപാതയിൽ തുരങ്കങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നു. ഹിസ്റ്ററി ചാനലിലെ പ്രസിദ്ധമായ 'ഐആർടി ഡെഡ്‌ലിയസ്റ്റ് റോഡ്സ്' സീരീസിൽ പോലും ഈ റോഡ് പ്രത്യക്ഷപ്പെട്ടു, 'നരകത്തിലേക്കുള്ള ഹൈവേ' എന്നും ഇതിനെ വിളിക്കുന്നു. അംബാലയിൽ നിന്ന് ആരംഭിച്ച് ഹരിയാന, ഹിമാചൽ പ്രദേശ് വഴി പോകുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് 459 കിലോമീറ്ററിലധികം നീളമുള്ളതാണ്.


സുലുക് സിൽക് റൂട്ട്, സിക്കിം

ഈ റോഡ് സ്ഥിതി ചെയ്യുന്നത് സിക്കിമിലാണ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും അപകടകരമായ ഹെയർപിൻ വളവുകളുള്ള റോഡാണിത്. കടൽനിരപ്പിൽനിന്ന് 11,200 അടി ഉയരത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചരിത്രപരമായ സിൽക്ക് റൂട്ടിലുള്ള ഒരു ചെറിയ ഗ്രാമമായ സുലുകിന്റെ പേരിലാണ് റോഡ് അറിയപ്പെടുന്നത്. ത്രീ ലെവൽ സിഗ്സാഗ് റോഡിലൂടെ കടന്നുപോകുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമാണ്.


കൊല്ലി ഹിൽസ് റോഡ്, നാമക്കൽ

70 തുടർച്ചയായ ഹെയർപിൻ വളവുകളിൽ കുപ്രസിദ്ധമായ കൊല്ലി ഹിൽ റോഡിലൂടെ യാത്ര ചെയ്യുന്നതിന് നല്ല മനോധൈര്യം ആവശ്യമാണ്. കൊല്ലി കുന്നിന് 'മരണത്തിന്റെ പർവ്വതം' എന്നും വിളിപ്പേരുണ്ട്. അഗയ ഗംഗൈ വെള്ളച്ചാട്ടത്തിനും ശിവക്ഷേത്രത്തിനും പേരുകേട്ട സ്ഥലമാണിത്. ബൈക്ക് ട്രിപ്പിന് പറ്റിയയിടമാണ് കൊല്ലിഹിൽസ്. ചുരം ഏകദേശം 22 കിലോമീറ്റർ നീളമുള്ളതാണ്.


സാംഗ്ല ക്ലിഫ്റൂട്ട്, കിന്നൗർ വാലി

ഹിമാചൽ പ്രദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡ് പാറകൾ കൊത്തിയെടുത്തതാണ്. മുന്നോട്ട് കാണാൻ സാധിക്കാത്ത തരത്തിലുള്ള ഷാർപ്പായ നിരവധി തിരിവുകളാണ് റോഡിനെ ശരിക്കും അപകടകരമാക്കുന്നത്. ഈ തിരിവുകൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് കാരണമാകും. റോഡ് വളരെ ഇടുങ്ങിയതും, ചില സ്ഥലങ്ങളിൽ സ്ഥലക്കുറവ് കാരണം ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ ഒരുമിച്ച് കടക്കുന്നത് അസാധ്യവുമാണ്.


ലേ മനാലി ഹൈവേ, ലഡാക്

പേര് സൂചിപ്പിക്കുന്നത് പോലെ, റോഡ് ജമ്മു കശ്മീരിലെ മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്നു. ഈ പാതക്ക് ഇരുവശത്തുമുള്ള ലാൻഡ്‌സ്‌കേപ്പ് ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര മനോഹരമാണ്. പക്ഷെ 479 കിലോമീറ്റർ നീളമുള്ള റോഡിലൂടെയുള്ള റോഡ് യാത്ര അപകടകരമാണ്. വിവിധ ഭാഗങ്ങളിൽ മഞ്ഞുമൂടിയതും, ചുറ്റും ഉയർന്ന പർവതങ്ങളുമുള്ള ഹൈവേയാണിത്. ഇതെല്ലാം ഈ റോഡിൽ വാഹനമോടിക്കുന്നത് പ്രയാസമാക്കുന്നു. വഴിയിൽ എപ്പോഴും ട്രാഫിക് കുരുക്ക് പതിവായതുകൊണ്ട് വളരെ പതുക്കെ മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ. മഞ്ഞ് വീഴുന്ന ഈ റോഡ് വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുന്നതിലും കുപ്രസിദ്ധമാണ്.


ഊട്ടി കൂന്നൂർ ഹെയർപിൻ റോഡ്

നീലഗിരി ജില്ലയിലെ മുനിസിപ്പാലിറ്റിയും പ്രധാന പട്ടണവുമാണ് കുന്നൂർ. തേയിലത്തോട്ടങ്ങൾക്ക് വളരെ പ്രസിദ്ധമായ സ്ഥലമാണിത്. നീലഗിരി ചായയുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത് ഇവിടെയാണ്. കുന്നൂരിലേക്കുള്ള പ്രധാന മാർഗ്ഗം മേട്ടുപാളയത്തു നിന്നും ബന്ധിപ്പിക്കുന്ന റോഡാണ്. ഊട്ടി വരെ നീളുന്ന ഈ പാത നീലഗിരി ചുരങ്ങളിലൂടെ പോകുന്ന ഒരു പ്രധാന മാർഗ്ഗമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇീ പാത അപകടം ക്ഷണിച്ചുവരുത്തും. ഊട്ടി റോഡിൽ ദൂരിപാലം മുതൽ കല്ലാർവരെ കാട്ടാനകൾ, കടുവ, പുലി, കരടി, രാജവെമ്പാല അടക്കമുള്ള വിവിധ പാമ്പ് വർഗങ്ങൾ, കുരങ്ങുകൾ എന്നിവ റോഡ് മുറിച്ചുകടക്കുക പതിവാണ്.ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.


താമരശ്ശേരി ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. വയനാട് ചുരം എന്നും ഇത് അറിയപെടുന്നു. ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള റോഡായി മാറുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും.


ബും ലാ പാസ്

അരുണാചൽ പ്രദേശിലെ പർവതനിരകളിൽ 16,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉയർന്ന പർവത പാത ഇന്ത്യയിലെ ഏറ്റവും മാരകമായ റോഡുകളിൽ ഒന്നാണ്. അത്തരമൊരു ഉയരത്തിൽ, വായുവിന്റെ കട്ടി കുറയലും ഓക്സിജന്റെ അഭാവവുംഅനുഭവപ്പെടും. റോഡിന്റെ ഭയാനകമായ അവസ്ഥ, ഷാർപ് ഹെയർപിൻ വളവുകൾഎന്നിവ യാത്ര ദുർഘടമാക്കുന്നു. ഈ റോഡിനെ ഹിമപാതവും വളരെയധികം ബാധിക്കുന്നു.


കൈലാഷ് റോഡ്

ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നാണ് കൈലാഷ് യാത്രാ റോഡ്. ഇത് കിഷ്ത്വാറിനും (ജമ്മു കശ്മീർ) കില്ലറിനും (ഹിമാചൽ പ്രദേശ്) ഇടയിലുള്ള റോഡാണ്. വിശുദ്ധ പർവതത്തിലേക്കുള്ള ബേസ് ക്യാമ്പായ കിഷ്ത്വാർ കൈലാസിലേക്കുള്ള പ്രധാന കവാടമാണ് ഈ റോഡ്. 114 കിലോമീറ്റർ വരുന്ന ഭയം ജനിപ്പിക്കുന്ന ഉയർന്ന പർവത പാതയാണിത്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത റോഡും ഇതായിരിക്കും. റോഡിന്റെ അവസ്ഥ ഒരിക്കലും സ്ഥിരമല്ല. നിരവധി മണ്ണിടിച്ചിലിന് നിത്യവും പാത സാക്ഷ്യം വഹിക്കുന്നു. കൂടാതെ റോഡ് മുഴുവൻ അയഞ്ഞ മണ്ണും പാറകളും നിറഞ്ഞതാണ്. ഒരു ചെറിയ പിഴവ് വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം. റോഡിന്റെ ഒരു വശത്ത് ചന്ദ്രഭഗ നദിയിലേക്ക് വീഴാൻ പാകത്തിന് 1000 അടി ഉയരവും മറുവശത്ത് കുത്തനെയുള്ള മലഞ്ചെരുവുകളുമുണ്ട്.

Tags:    
News Summary - 10 most dangerous roads in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.