റാഞ്ചിയിലെ ഫാം ഹൗസിൽ ട്രാക്ടറിൽ നിലം ഉഴുത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മഹേന്ദ്ര സിങ് ധോണി. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ആരാധകർ ഏറ്റെടുത്തതോടെ വൈറലായി.
ധോണിയുടെ വാഹനത്തോടുളള കമ്പം വളരെ പേരുകേട്ടതാണെങ്കിലും ഇത്തരമൊരു വാഹനം ഓടിക്കുന്നത് ആരാധകരിൽ കൗതുകം പടർത്തി. ധോണിക്ക് നിരവധി സൂപ്പർ കാറുകളും ബൈക്കുകളും സ്വന്തമായിട്ടുണ്ട്.‘പുതുതായി എന്തെങ്കിലും പഠിക്കുന്നത് എപ്പോഴും നല്ല കാര്യമാണ്. പക്ഷെ ജോലി തീരാൻ ഒരുപാട് സമയം എടുത്തു’-വിഡിയോ പങ്കുവച്ചുകൊണ്ട് ധോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സ്വരാജ് 963 എഫ്.ഇ ട്രാക്ടർ
ഒരു സ്വരാജ് 963 എഫ്.ഇ ട്രാക്ടർ ആണ് ധോണി ഓടിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രിയമേറിയതും ചെലവ് കുറഞ്ഞതുമായ ട്രാക്ടറുകളിൽ ഒന്നാണിത്. കർഷകർക്കിടയിൽ മികച്ച അഭിപ്രായമാണ് ട്രാക്ടറിനുള്ളത്. വളരെ മികച്ച അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ട്രാക്ടറാണ് സ്വരാജ് കമ്പനിയുടേത്.
ട്രാക്ടറിന് 3-സിലിണ്ടർ, 60 എച്ച്പി വരെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 3478 സിസി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പവർ സ്റ്റിയറിങും ഈ ട്രാക്ടറിന്റെ മറ്റൊരു പ്രത്യേകതകളിൽ ഒന്നാണ് സ്വരാജ് ട്രാക്ടറിൽ ശക്തമായ ബ്രേക്കിങിനും ചെറിയ സ്ലിപ്പിനുമായി ഓയിൽ ഇമ്മേഴ്‌സ്ഡ് ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നൽകിയിരിക്കുന്നത്. സ്വരാജ് 60 എച്ച്‌പി ട്രാക്ടറിലെ ഡ്യുവൽ ക്ലച്ചിന് 12 ഫോർവേഡും 2 റിവേഴ്‌സ് ഗിയറുകളും ഉണ്ട്. മണിക്കൂറിൽ 0.90 മുതൽ 31.70 കിലോമീറ്റർ വേഗതയിലും പിന്നിലേക്ക് 2.8 മുതൽ 10.6 കിലോമീറ്റർ വരെ വേഗതയിലും ട്രാക്ടറിന് സഞ്ചരിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.