ലംബോർഗിനിയുടെ സൂപ്പർ എസ്.യു.വി ഉറുസ് സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ ഇനി സംഗീതസംവിധായകൻ എ.ആർ.റഹ്മാനും. 4.18 കോടി വിലമതിക്കുന്ന ഉറൂസ് എസ് എസ്.യു.വിയാണ് റഹ്മാന്റെ ഗരാജിലെ പുതിയ അതിഥി. ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡൽ കൂടിയാണ് ഉറുസ് എസ്. എയർ സസ്‌പെൻഷൻ സംവിധാനത്തോടുകൂടിയാണ് വാഹനം വിപണിയിൽ എത്തുന്നത്.
രോഹിത് ഷെട്ടി, ബാദ്ഷാ, രൺവീർ സിംഗ്, രോഹിത് ശർമ്മ, രജനികാന്ത്, കാർത്തിക് ആര്യൻ, ആകാശ് അംബാനി, ജൂനിയർ എൻടിആർ എന്നിവരെല്ലാം ഉറൂസ് ഉടമകളിലെ പ്രമുഖരാണ്. മലയാള സിനിമയിൽ പൃഥിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവരും ഈ ആഡംബര സ്പോർട്‌സ് എസ്‌യുവിയിൽ കറങ്ങുന്നവരാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും അടുത്തിടെ ഉറൂസ് S സ്വന്തമാക്കിയിരുന്നു.
ഉറുസിന്‍റെ കൂടുതൽ യാത്രാസുഖമുള്ള വേരിയന്‍റാണ് റഹ്മാൻ തിരഞ്ഞെടുത്തിരിക്കുന്നത്.പെർഫോമന്റെ എന്ന സ്പോർട്‌സ് വേരിയന്‍റുകൂടി ഉറുസിന് ലാംബോ നൽകിയിട്ടുണ്ട്. പെർഫോർമന്റെ വേരിയന്റിൽ ട്രാക്ക് ഓറിയന്‍റഡ് ഫിക്സഡ് കോയിൽ സ്പ്രിംഗ് സസ്‌പെൻഷൻ സംവിധാനമാണ് വരുന്നത്. റഹ്മാന്റെ പുതിയ ലംബോർഗിനി ഉറൂസ് S ചെന്നൈയിലെ ഒരു ഡീറ്റെയ്‌ലിംഗ് സ്റ്റുഡിയോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സ്റ്റാന്‍ഡേര്‍ഡ് ഉറൂസിന്റെ പകരക്കാരനായിട്ടാണ് ഉറൂസ് S വിപണിയിലെത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ മോഡൽ ഇതിനോടകം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ട്രാഡ, സ്‌പോർട്, കോർസ എന്നിവയ്‌ക്ക് പുറമേ സാൻഡ്, സ്‌നോ, മഡ് എന്നിങ്ങനെ മൂന്ന് ഓഫ്-റോഡ് മോഡുകളും എസ്‌യുവിയുടെ ഭാഗമാണ്. ബിയാൻകോ മോണോസെറസിന്റെ ക്ലാസി കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഉറുസ് ആണ് ഓസ്‌കാർ ജേതാവ് സ്വന്തമാക്കിയിരിക്കുന്നത്.
റഹ്മാൻ സ്വന്തമാക്കിയിരിക്കുന്ന ഉറൂസിന് 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഉറുസ് പെർഫോമന്റെ പോലെ തന്നെയുള്ള ഈ എഞ്ചിന് പരമാവധി 666 bhp കരുത്തിൽ 850 Nm ടോർക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
ഉറൂസ് S എസ്‌യുവിയില്‍ ലെതര്‍ ഇന്റീരിയറാണ് ലംബോർഗിനി ഒരുക്കിയിട്ടുള്ളത്. അല്‍കന്റാര ഇന്റീരിയര്‍ വേണമെന്നുണ്ടെങ്കില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. വോൾവോ, മെർസിഡീസ് ബെൻസ് പോലുള്ള ബ്രാൻഡുകളുടെ മോഡലുകളാണ് റഹ്മാൻ ഉപയോഗിച്ചിരുന്നത്. അടുത്തിടെ റഹ്മാന്റെ മക്കൾ പോർഷെ ടൈകാൻ ഇ.വിയും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.